Last Updated:
ഓസ്‌ട്രേലിയയിലേക്ക് മാറിയത് കൂടുതൽ ശമ്പളം നേടാൻ മാത്രമായിരുന്നില്ലെന്നും അനു പറയുന്നു
വിദേശത്ത് ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുകയെന്നത് പലരുടെയും സ്വപ്നമാണ്. എന്നാൽ വിദേശരാജ്യങ്ങളിലെ ജീവിതച്ചെലവ് പലപ്പോഴും പ്രതീക്ഷിക്കുന്നതിലും കൂടുതലായിരിക്കും. താമസം, ഭക്ഷണം, യാത്ര തുടങ്ങി ദൈനംദിന ആവശ്യങ്ങൾക്കായി വലിയൊരു തുക തന്നെ ചെലവഴിക്കേണ്ടിവരും. ഓസ്‌ട്രേലിയയിൽ ജോലി ചെയ്ത അനുഭവവും ജീവിതച്ചെലവുകളും പങ്കുവക്കുകയാണ് സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ഒരു ഇന്ത്യൻ യുവതി.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലാണ് അനു ശർമ എന്ന യുവതി ഓസ്‌ട്രേലിയയിലെ ജീവിതത്തെക്കുറിച്ചും സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തപ്പോൾ ലഭിച്ച ശമ്പളത്തെയും ചെലവുകളെയും കുറിച്ച് വിശദീകരിച്ചത്. വാടക, ഭക്ഷണം, യാത്ര തുടങ്ങിയവയ്ക്കായി ചെലവാകുന്ന തുക കണക്കാക്കിയാൽ മാസാവസാനം എത്ര രൂപ ബാക്കിയുണ്ടാകുമെന്നതും യുവതി വെളിപ്പെടുത്തി.
2026-ലാണ് അനു ഓസ്‌ട്രേലിയയിലേക്ക് മാറിയത്. പാലന്റിർ ടെക്നോളജീസിൽ ഫോർവേഡ് ഡിപ്ലോയ്ഡ് സോഫ്റ്റ്‌വെയർ എൻജിനീയറായാണ് ജോലിയിൽ പ്രവേശിച്ചത്. നിലവിൽ സ്വന്തമായി ബിസിനസും നടത്തുന്നുണ്ട്.
ഓസ്‌ട്രേലിയയിൽ തനിക്ക് പ്രതിവർഷം 2 ലക്ഷം ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 1.33 കോടി രൂപ) ശമ്പളമായി ലഭിച്ചിരുന്നുവെന്നാണ് യുവതി പറയുന്നത്. ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ വലിയ തുകയാണെങ്കിലും ചെലവുകൾ കഴിഞ്ഞാൽ നല്ലൊരു പങ്ക് ചെലവാകുമെന്നും അനു വിശദീകരിച്ചു.
സിഡ്നി നഗരത്തിലെ ഒരു ബെഡ്റൂമുള്ള അപ്പാർട്ട്മെന്റിന് ആഴ്ചയിൽ 750 ഓസ്‌ട്രേലിയൻ ഡോളറാണ് ( 50,000 രൂപ) വാടക നൽകിയിരുന്നത്. വാടകയ്ക്ക് പുറമേ ഭക്ഷണത്തിനും യാത്രയ്ക്കും വലിയ തുക ചെലവഴിക്കേണ്ടിവന്നു. പലചരക്ക് സാധനങ്ങൾ വാങ്ങാൻ ആഴ്ചയിൽ 27,000 രൂപയാണ് ചെലവാകുന്നത്. യാത്രകൾക്കായി 6,700 രൂപയും ചിലവാകുന്നു.
വാടക, ഭക്ഷണം, യാത്ര എന്നിവയ്ക്കായി പ്രതിമാസം 3.61 ലക്ഷം രൂപയാണ് ചിലവ്. മാസത്തിൽ 2.7 ലക്ഷമാണ് മിച്ചം വരുന്ന സമ്പാദ്യം. ഓസ്‌ട്രേലിയയിലേക്ക് മാറിയത് കൂടുതൽ ശമ്പളം നേടാൻ മാത്രമായിരുന്നില്ലെന്നും അനു പറയുന്നു. അവിടുത്തെ തൊഴിൽസംസ്കാരവും സ്വതന്ത്രമായി ജീവിച്ചപ്പോൾ വ്യക്തിത്വത്തിലുണ്ടായ മാറ്റവുമാണ് തനിക്ക് കൂടുതൽ വിലപ്പെട്ടതെന്ന് യുവതി വ്യക്തമാക്കി.
വിദേശത്തേക്ക് ജോലിക്കായി പോകാൻ ആഗ്രഹിക്കുന്നവർക്കും യുവതി ഒരു നിർദേശമുണ്ട്. വിദേശത്തെ ശമ്പളവും നാട്ടിലെ ശമ്പളവും മാത്രം താരതമ്യം ചെയ്യരുത്. വാടകയും മറ്റു ചെലവുകളും കഴിഞ്ഞ് കൈയിൽ എത്ര പണം ബാക്കിയുണ്ടാകുമെന്ന് കണക്കാക്കണം. അതോടൊപ്പം മാനസിക സമ്മർദങ്ങളും പരിഗണിക്കണമെന്നും അനു ഓർമിപ്പിക്കുന്നു.
