Last Updated:
‘ദേവര’, ‘പെദ്ദി’ എന്നീ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമാരംഗത്ത് തുടർച്ചയായ വിജയങ്ങൾ സ്വന്തമാക്കിയ ജാൻവിയെ ഭാഗ്യം കൊണ്ടുവരുന്ന നായികയായി ചലച്ചിത്ര ലോകം കാണുന്നു
‘പെദ്ദി’യിൽ ജാൻവി കപൂർ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള വിമർശനങ്ങൾ ഉയരുന്നതിനിടെ, രാം ചരൺ നായകനാകുന്ന ചിത്രത്തിനായി ജാൻവി തന്റെ പ്രതിഫലം ഗണ്യമായി വർധിപ്പിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രത്തിനായി എട്ട് കോടി രൂപയാണ് ജാൻവി പ്രതിഫലമായി കൈപ്പറ്റിയതെന്നാണ് വിവരം. ചിത്രീകരണ വേളയിൽ അതീവ പ്രൊഫഷണൽ സമീപനമാണ് അവർ പുലർത്തിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.
“ജാൻവി കപൂറിന്റെ കരിയറിലെ ഏറ്റവും ഉയർന്ന പ്രതിഫലമാണിത്. ‘പെദ്ദി’യുടെ സെറ്റുകളിൽ അവർ മികച്ച പ്രൊഫഷണലിസം കാഴ്ചവെച്ചു. ‘ദേവര’യ്ക്കായി അഞ്ച് കോടി രൂപയാണ് ജാൻവി പ്രതിഫലമായി വാങ്ങിയത്. അതിനേക്കാൾ ഏകദേശം 50 ശതമാനം കൂടുതലാണ് ‘പെദ്ദി’യിലെ പ്രതിഫലം. ‘ദേവര’, ‘പെദ്ദി’ എന്നീ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമാരംഗത്ത് തുടർച്ചയായ വിജയങ്ങൾ സ്വന്തമാക്കിയ ജാൻവിയെ ഭാഗ്യം കൊണ്ടുവരുന്ന നായികയായി ചലച്ചിത്ര ലോകം കാണുന്നു,” ഒരു ഉറവിടത്തെ ഉദ്ധരിച്ച് ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്തു.
എന്നാൽ, ഈ പ്രതിഫലത്തുകയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ആധികാരികത ന്യൂസ്18ന് സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
‘പെദ്ദി’യിൽ ജാൻവി കപൂറിന്റെ കഥാപാത്രാവതരണത്തെ ചുറ്റിപ്പറ്റി സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ചിത്രത്തിലെ ജാൻവിയുടെ അവതരണരംഗം ഉൾപ്പെടെ ചില ഭാഗങ്ങൾ സ്ത്രീകഥാപാത്രത്തെ വസ്തുവൽക്കരിക്കുന്നതായും അപമാനകരമായ രീതിയിൽ അവതരിപ്പിക്കുന്നതായും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
രാം ചരൺ അവതരിപ്പിക്കുന്ന കഥാപാത്രം ജാൻവിയുടെ ശാരീരിക സവിശേഷതകളെക്കുറിച്ച് പരാമർശിക്കുന്ന സംഭാഷണങ്ങളാണ് പ്രധാനമായും വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്. ഒരു രംഗത്തിൽ, ജാൻവിയുടെ കഥാപാത്രത്തെ എങ്ങനെ തിരിച്ചറിയുമെന്ന ചോദ്യത്തിന്, മുഖം നോക്കിയല്ല മറിച്ച് അരക്കെട്ട് കണ്ടാണ് തനിക്ക് അവളെ തിരിച്ചറിയാനാകുകയെന്ന് കഥാപാത്രം പറയുന്നുണ്ട്. മറ്റൊരു സംഭാഷണത്തിൽ, അവളുടെ മുഖം ഒഴികെയുള്ള എല്ലാ ശാരീരിക സവിശേഷതകളും തനിക്ക് ഓർമയുണ്ടെന്ന് അർഥം വരുന്ന പരാമർശവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ സംഭാഷണങ്ങൾ സ്ത്രീകളെ വസ്തുവൽക്കരിക്കുന്നതാണെന്നും കഥാപാത്രത്തെ അപമാനകരമായി ചിത്രീകരിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയരുന്നത്.
കഥ ഇവിടെ അവസാനിക്കുന്നില്ല. തുടർന്ന് രാം ചരൺ അവതരിപ്പിക്കുന്ന ‘പെദ്ദി’ എന്ന കഥാപാത്രം രാത്രിയിൽ ജാൻവി കപൂറിന്റെ വീട്ടിലെത്തി ബലമായി ചുംബിക്കുന്ന രംഗവും ചിത്രത്തിലുണ്ടായിരുന്നു. ജാൻവി അതിനെതിരെ ആവർത്തിച്ച് എതിർപ്പ് പ്രകടിപ്പിക്കുമ്പോഴും, പെദ്ദി അത് തന്റെ സ്നേഹം പ്രകടിപ്പിക്കുന്ന രീതിയാണെന്ന് ന്യായീകരിക്കുന്നതായാണ് ദൃശ്യങ്ങളിൽ കാണുന്നത്.
വിമർശനങ്ങൾക്ക് പിന്നാലെ ചിത്രത്തിന്റെ സംവിധായകൻ ബുച്ചി ബാബു സന പ്രതികരിച്ചു. സ്ക്രീനിനോട് സംസാരിക്കവെ അദ്ദേഹം ഇപ്രകാരം പറഞ്ഞു:
“ഈ രംഗങ്ങൾ പ്രേക്ഷകർ ഇത്ര നെഗറ്റീവായി സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. രാം ചരണും ജാൻവി കപൂറും തമ്മിലുള്ള രസകരമായ പ്രണയകഥയാണ് അവതരിപ്പിക്കാൻ ഉദ്ദേശിച്ചത്. എന്നാൽ ഭാവിയിൽ കൂടുതൽ ശ്രദ്ധ പുലർത്തി മികച്ച രീതിയിൽ അവതരിപ്പിക്കും.”
ഇതിനിടെ, ജാൻവി കപൂറിന്റെ അതിരുകടന്നതായി വിമർശിക്കപ്പെട്ട ചില രംഗങ്ങൾ ‘പെദ്ദി’യിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
Thiruvananthapuram,Kerala
Jun 12, 2026 12:57 PM IST
