Gulf
oi-Ashif N
സൗദി അറേബ്യയുടെ അയല്‍രാജ്യമായ യമന്‍ വീണ്ടും ആഭ്യന്തര സംഘര്‍ഷത്തിലാണ്. ഹൂതികളും സര്‍ക്കാര്‍ സൈന്യവുമാണ് ഏറ്റുമുട്ടുന്നത്. യമന്റെ കൂടുതല്‍ പ്രദേശങ്ങളും ഹൂതികളുടെ നിയന്ത്രണത്തിലാണ്. ഏദന്‍ ഉള്‍പ്പെടെയുള്ള ചെറിയ ഭൂപ്രദേശമാണ് സര്‍ക്കാര്‍ സൈന്യത്തിന് കീഴിലുള്ളത്. ഈ പ്രദേശങ്ങള്‍ കൂടി ഹൂതികള്‍ പിടിച്ചടക്കാന്‍ നോക്കിയതോടെ ശക്തമായ പോരാട്ടമാണ് യമനില്‍.
2014ല്‍ ഹൂതികള്‍ തലസ്ഥാനമായ സന്‍ആ പിടിച്ചടക്കിയതോടെ സര്‍ക്കാര്‍ നിയന്ത്രണം ഏദനിലേക്ക് ചുരുങ്ങിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട യുദ്ധത്തില്‍ യമനിലെ സര്‍ക്കാര്‍ സൈന്യത്തെ പിന്തുണച്ച് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ അറബ് സഖ്യസേനയും എത്തി. ഇതോടെ രാജ്യാന്തര യുദ്ധമായി മാറി. 2022ല്‍ യുഎന്നും ഒമാനും മധ്യസ്ഥത വഹിച്ച് പ്രശ്നം പരിഹരിച്ചു. എന്നാല്‍ കഴിഞ്ഞ ജൂലൈയില്‍ എല്ലാം തകിടംമറിഞ്ഞു.

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാന് തലസ്ഥാനത്ത് നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് ഷിയാ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടത്. യുദ്ധം ശക്തമായതിനാല്‍ സംസ്കാര ചടങ്ങ് നീട്ടിവച്ചു. പിന്നീട് ജൂലൈയിലാണ് ചടങ്ങുകള്‍ നടന്നത്. യമനില്‍ നിന്ന് ഹൂതികളുടെ നേതാക്കള്‍ അടങ്ങുന്ന സംഘം ചടങ്ങില്‍ സംബന്ധിക്കാന്‍ തെഹ്റാനില്‍ എത്തിയിരുന്നു. മടങ്ങി വന്നത് ഇറാന്റെ വിമാനത്തിലാണ്. ഇതിന് നേരെ മിസൈല്‍ ആക്രമണം നടന്നതാണ് പുതിയ പ്രശ്നങ്ങള്‍ക്ക് കാരണം.
ഇറാനില്‍ നിന്നുള്ള വിമാനം സന്‍ആ വിമാനത്താവളത്തില്‍ ഇറങ്ങുന്നത് തടയുകയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം. കൂടാതെ ഹൂദൈദ തുറമുഖത്തും ആക്രമണം നടന്നു. രണ്ടിനും പിന്നില്‍ സൗദി അറേബ്യയാണ് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. പിന്നീടാണ് യമനിലെ സര്‍ക്കാര്‍ സൈന്യമാണ് ആക്രമണം നടത്തിയത് എന്ന വിവരം വന്നത്. സൗദിയുടെ പിന്തുണയുള്ളവരാണ് സര്‍ക്കാര്‍ സൈന്യം. ഹൂതികളെ പിന്തുണയ്ക്കുന്നത് ഇറാനാണ്.
ആക്രമണം കാരണം സന്‍ആ വിമാനത്താവളത്തില്‍ ഇറാന് വിമാനം ഇറങ്ങിയില്ല. ഹൂദൈദയില്‍ ഇറങ്ങി ഹൂതി നേതാക്കളെ സുരക്ഷിതമായി എത്തിച്ച ശേഷം ഇറാന് വിമാനം മടങ്ങി. ഈ സംഭവത്തിന് ശേഷം ഹൂതികള്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ നിയന്ത്രണതത്തിലുള്ള പ്രദേശം പിടിക്കാന്‍ നീക്കം ആരംഭിച്ചു. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ശക്തമായ യുദ്ധം നടക്കുകയാണ് യമനില്‍.
തായിസ്, ഹുദൈദ എന്നിവയോട് ചേര്‍ന്ന പ്രദേശത്ത് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് യുദ്ധം. ചെങ്കടല്‍ തീരത്ത് സര്‍ക്കാര്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശം പിടിക്കുകയാണ് ഹൂതികളുടെ ലക്ഷ്യം. തായിസിന്റെ പടിഞ്ഞാറന്‍ ഭാഗം, ബാബുല്‍ മന്തിബ് കടലിടുക്കിന് അടുത്തുള്ള അല്‍ മഖ തുറമുഖം എന്നിവിടങ്ങളില്‍ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. ഹൂതികള്‍ ബാബുല്‍ മന്തിബ് പിടിച്ചാല്‍ കടല്ചരക്കുകള് നീങ്ങില്ല. ഹോര്‍മുസ് കടല്പാത പോലെ പ്രധാനമാണ് ബാബുല്‍ മന്തിബ് കടലിടുക്കും. സൗദി ഉള്‍പ്പെടെ ജിസിസി രാജ്യങ്ങളുടെ ചരക്കുകള്‍ പോകുന്ന പ്രധാന വഴിയാണിത്. ലോകത്ത് ഇന്ധന ക്ഷാമം ഇരട്ടിയാകുന്ന സാഹചര്യമുണ്ടാകും. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം യമന്റെ സര്‍ക്കാര്‍ സൈന്യമാണ് മുന്നേറുന്നത്.