International
oi-Jithin TP
പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം. ഇമ്രാന് ഖാന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണം എന്ന് രാജ്യത്തെ പരമോന്നത കോടതി ഉത്തരവിട്ടു. പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആണ് കോടതിയുടെ നിര്‍ദേശം.
ഇമ്രാന് ഖാന്റെ ആരോഗ്യനിലയില്‍ ആശങ്കകള്‍ ഉന്നയിച്ചിരുന്ന അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ‘പാകിസ്ഥാന് തെഹ്രീക്-ഇ-ഇന്‍സാഫി’ന്റെയും (പിടിഐ) കുടുംബത്തിന്റെയും ദീര്‍ഘകാലത്തെ ആവശ്യപ്രകാരമാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 2022-ല്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന്, 2023 ഓഗസ്റ്റ് മുതല്‍ ജയിലിലാണ് ഇമ്രാന് ഖാന്.

73 കാരനായ ഇമ്രാന് ഖാന് പാകിസ്ഥാന് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കൂടിയാണ്. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതില്‍ മക്കള്‍ പലതവണ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ജയിലില്‍ കഴിയുന്നതിനിടെ അദ്ദേഹത്തിന്റെ വലത് കണ്ണിന്റെ കാഴ്ചശക്തിക്ക് കാര്യമായ കുറവ് സംഭവിച്ചതായി അഭിഭാഷകര്‍ പറയുകയുണ്ടായി. അതേസമയം കോടതി വിധി സ്വാഗതാര്‍ഹമാണ് എന്ന് പിടിഐ വക്താവ് സുല്‍ഫിക്കര്‍ ബുഖാരി പറഞ്ഞു.
‘വളരെ സ്വാഗതാര്‍ഹമായ ഉത്തരവാണ്. ഇത് നേരത്തെ സംഭവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ കണ്ണിന്റെയും പൊതുവായ ആരോഗ്യത്തിന്റെയും അവസ്ഥ ഇത്രത്തോളം വഷളാകുമായിരുന്നില്ല. ഡോക്ടര്‍മാര്‍ക്കെല്ലാം പൂര്‍ണ്ണ തൃപ്തിയാകുന്നത് വരെ ഇമ്രാന് ഖാന് ആശുപത്രിയില്‍ തുടരണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.