Last Updated:
ഉയർന്ന ശമ്പളത്തേക്കാൾ പ്രാധാന്യം മനസ്സമാധാനത്തിനാണെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു
കരിയറിലെ വിജയത്തിന്റെ മാനദണ്ഡം ഉയർന്ന ശമ്പളം മാത്രമാണോ? അല്ലെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന പുതിയൊരു ചർച്ച വ്യക്തമാക്കുന്നത്. ഉയർന്ന ശമ്പളമുള്ള ഓഫീസ് ജോലി ഉപേക്ഷിച്ച്, വരുമാനം കുറവാണെങ്കിലും സമാധാനത്തോടെ ചെയ്യാവുന്ന റിമോട്ട് (വർക്ക് ഫ്രം ഹോം) ജോലി തിരഞ്ഞെടുത്ത ബംഗളൂരുവിലെ ഒരു പ്രൊഫഷണലിന്റെ തീരുമാനമാണ് ഇപ്പോൾ ഇന്റർനെറ്റിൽ വലിയ സംവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
കമ്പനി അഞ്ച് ദിവസത്തെയും ഓഫീസ് ജോലി നിർബന്ധമാക്കിയതിനെത്തുടർന്ന് ജോലി രാജിവെച്ച, പട്ന സ്വദേശിനിയും ബംഗളൂരുവിൽ ജോലി ചെയ്യുകയുമായിരുന്ന 24 കാരി ശിഖ പ്രിയദർശിനിയാണ് ഈ കഥയിലെ താരം. എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലൂടെയാണ് ഇവരുടെ ഈ കരിയർ മാറ്റത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്.
പ്രതിവർഷം 10.5 ലക്ഷം രൂപ (10.5 LPA) ശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച ശിഖ, 8.5 ലക്ഷം രൂപ മാത്രം ശമ്പളമുള്ള ഒരു വർക്ക് ഫ്രം ഹോം ജോലി സ്വീകരിക്കുകയായിരുന്നു. ശമ്പളത്തിൽ വലിയൊരു തുകയുടെ കുറവുണ്ടായെങ്കിലും, പുതിയ തീരുമാനം തന്റെ ജീവിതച്ചെലവുകൾ കുറയ്ക്കാനും മാനസിക സമ്മർദ്ദമില്ലാതെ ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിച്ചതായി ശിഖ പറയുന്നു.
ഓഫീസിലേക്ക് ദിവസവുമുള്ള യാത്രയാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാൻ ശിഖയെ പ്രേരിപ്പിച്ചത്. ബംഗളൂരുവിലെ കടുപ്പമേറിയ ഗതാഗതക്കുരുക്കിലൂടെ ദിവസവും ഏകദേശം 30 കിലോമീറ്ററോളം യാത്ര ചെയ്യേണ്ടി വന്നിരുന്നത് ഇവരുടെ സാമ്പത്തിക ഭദ്രതയെയും ഒപ്പം ആരോഗ്യത്തെയും ദോഷകരമായി ബാധിച്ചിരുന്നു. ടാക്സി ചാർജ് ഇനത്തിൽ മാത്രം പ്രതിമാസം 12,000 മുതൽ 15,000 രൂപ വരെയാണ് ഇവർക്ക് ചെലവായിരുന്നത്. ഇതിനുപുറമെ ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി വലിയൊരു തുക അധികമായി കണ്ടെത്തേണ്ടിയും വന്നു.
ഇതോടെയാണ് ശമ്പളം കുറവാണെങ്കിലും വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലി മതിയെന്ന് ശിഖ തീരുമാനിച്ചത്. നിലവിൽ ഒരു ‘ഇംപ്ലിമെന്റേഷൻ അഡ്വൈസർ’ ആയി റിമോട്ട് റോളിൽ ജോലി ചെയ്യുന്ന ശിഖയ്ക്ക് തന്റെ സമയത്തിന്മേൽ ഇപ്പോൾ കൂടുതൽ നിയന്ത്രണമുണ്ട്. ഓഫീസ് ജോലിയെ അപേക്ഷിച്ച് ഇപ്പോൾ കൂടുതൽ പണം ലാഭിക്കാൻ കഴിയുന്നുണ്ടെന്നും മികച്ച വർക്ക്-ലൈഫ് ബാലൻസ് ആസ്വദിക്കാൻ സാധിക്കുന്നുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു. റൈറ്റിംഗ്, പുതിയ കഴിവുകൾ പഠിക്കൽ, കുടുംബത്തോടൊപ്പം സമയം ചിലവഴിക്കൽ എന്നിവയ്ക്കെല്ലാം ഇപ്പോൾ ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ട്.
ചിലപ്പോൾ കുറഞ്ഞ ശമ്പളം കൂടുതൽ സ്വാതന്ത്ര്യം നൽകും. നിങ്ങൾ എന്താണ് തിരഞ്ഞെടുക്കുന്നത്? ഉയർന്ന ശമ്പളമോ അതോ മനസ്സമാധാനമോ?” എന്ന് ചോദിച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റ് പങ്കുവെക്കപ്പെട്ടത്.
പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ശിഖയുടെ തീരുമാനത്തെ അനുകൂലിച്ച് വലിയൊരു വിഭാഗം ആളുകളാണ് രംഗത്തെത്തിയത്. ഉയർന്ന ശമ്പളത്തേക്കാൾ പ്രാധാന്യം മനസ്സമാധാനത്തിനാണെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.
ഉയർന്ന ശമ്പളം കടലാസിൽ കാണാൻ നല്ലതാണെങ്കിലും അത് ജീവിതത്തിലെ സന്തോഷം കവർന്നെടുക്കുകയാണെങ്കിൽ യഥാർത്ഥ നേട്ടം പൂജ്യമാണെന്നും, അല്പം കുറഞ്ഞ പാക്കേജാണെങ്കിലും നല്ല മാനസികാരോഗ്യവും സ്വാതന്ത്ര്യവും നൽകുന്നതാണ് ദീർഘകാലത്തേക്ക് നല്ലതെന്നും ഭൂരിഭാഗം ഉദ്യോഗസ്ഥരും ഒരേസ്വരത്തിൽ അഭിപ്രായപ്പെടുന്നു.
ആഴ്ചയിൽ 5 ദിവസവും ഓഫീസിൽ വരണം എന്നതിനാൽ 10.5 ലക്ഷം ശമ്പളമുള്ള ജോലി ഉപേക്ഷിച്ച യുവതിക്ക് സോഷ്യൽ മീഡിയയുടെ പിന്തുണ
