Last Updated:
ഭാര്യയുടെ തീരുമാനങ്ങളെ മാനിക്കുന്ന ഭർത്താവാണ് താനെന്നും, അവൾക്ക് കുട്ടികൾ വേണ്ടെങ്കിൽ ആ തീരുമാനത്തിനൊപ്പം നിൽക്കുമെന്നുമായിരുന്നു ഗൗരവ് പറഞ്ഞിരുന്നു
പ്രശസ്ത ടെലിവിഷൻ താരങ്ങളായ ഗൗരവ് ഖന്നയും ആകാൻക്ഷ ചമോലയും വിവാഹമോചനത്തിലേക്ക് നീങ്ങുന്നു എന്ന തരത്തിലെ അഭ്യൂഹങ്ങളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. ‘ലോക്ക് അപ്പ്: സച്ച് യാ സസാ’ എന്ന റിയാലിറ്റി ഷോയ്ക്കിടെ അകാൻക്ഷ തന്നെയാണ് തങ്ങളുടെ വേർപിരിയലിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഒരു വർഷമായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. തനിക്ക് കുട്ടികൾ വേണ്ടെന്ന തീരുമാനമാണ് ഈ വേർപിരിയലിലേക്ക് നയിച്ചതെന്ന് ആകാൻക്ഷ ഷോയിൽ പൊട്ടിക്കരഞ്ഞുകൊണ്ട് പങ്കുവെച്ചു.
വിവാഹസമയത്ത് തനിക്ക് മാതൃത്വത്തോട് പ്രത്യേക താല്പര്യമൊന്നും ഉണ്ടായിരുന്നില്ലെന്നും, എന്നാൽ പിന്നീട് താൻ ഒരു അമ്മയാകാൻ ഒട്ടും യോഗ്യയല്ലെന്ന് സ്വയം തിരിച്ചറിയുകയായിരുന്നുവെന്നും ആകാൻക്ഷ പറയുന്നു. തുടക്കത്തിൽ ഗൗരവ് ഇതിനോട് യോജിച്ചിരുന്നെങ്കിലും, കാലക്രമേണ അയാൾക്ക് ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹം ശക്തമായി. ഗൗരവ് ‘ബിഗ് ബോസ്’ ഷോയിൽ പങ്കെടുത്തപ്പോഴാണ് കുട്ടികൾക്കായുള്ള അയാളുടെ ആഗ്രഹം എത്രത്തോളമുണ്ടെന്ന് താൻ മനസ്സിലാക്കിയതെന്നും ആകാൻക്ഷ കൂട്ടിച്ചേർത്തു. കുഞ്ഞിനെ ദത്തെടുക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, തനിക്ക് ഒരു കാരണവശാലും കുട്ടികൾ വേണ്ടെന്നും പൂർണ്ണ സ്വാതന്ത്ര്യത്തോടെ ജീവിക്കാനാണ് ആഗ്രഹമെന്നുമാണ് താരം മറുപടി നൽകിയത്.
കഴിഞ്ഞ ഒരു വർഷമായി തങ്ങൾ അകന്നാണ് കഴിയുന്നതെന്നും എന്നാൽ ഇത് പരസ്യമാക്കിയിരുന്നില്ലെന്നും ആകാൻക്ഷ വെളിപ്പെടുത്തി. തങ്ങൾക്കിടയിൽ മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്നും, ഇരുവരും വ്യത്യസ്തമായ ഭാവിയാണ് ആഗ്രഹിക്കുന്നത് എന്ന് മനസ്സിലായതുകൊണ്ടാണ് പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് തീരുമാനിച്ചതെന്നും അവർ വ്യക്തമാക്കി. പൊതുവേദികളിലും സോഷ്യൽ മീഡിയയിലും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിരുന്നതിനാൽ തങ്ങൾക്കിടയിലെ അകൽച്ച കുടുംബങ്ങൾക്കോ ആരാധകർക്കോ മനസ്സിലായിരുന്നില്ലെന്നും ആകാൻക്ഷ പറഞ്ഞു.
തങ്ങളുടെ ഒൻപത് വർഷത്തെ ദാമ്പത്യത്തെക്കുറിച്ച് മുൻപ് ഗൗരവ് ഖന്ന മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഭാര്യയുടെ തീരുമാനങ്ങളെ മാനിക്കുന്ന ഭർത്താവാണ് താനെന്നും, അവൾക്ക് കുട്ടികൾ വേണ്ടെങ്കിൽ ആ തീരുമാനത്തിനൊപ്പം നിൽക്കുമെന്നുമായിരുന്നു അന്ന് ഗൗരവ് പറഞ്ഞിരുന്നത്. ബിഗ് ബോസ് ഷോക്കിടെ ഗൗരവ് ഇതേക്കുറിച്ച് പറഞ്ഞ് വികാരാധീനനായിരുന്നു. എന്നാൽ, ഷോയിലെ ആ സംഭാഷണങ്ങളും ചർച്ചകളുമാണ് തങ്ങൾക്കിടയിലെ വിള്ളൽ കൂടുതൽ വ്യക്തമാക്കിയതെന്നും ഒടുവിൽ വേർപിരിയലിലേക്ക് നയിച്ചതെന്നും ആകാൻക്ഷ ഇപ്പോൾ തുറന്നുപറയുന്നു.
‘അവന് കുട്ടികൾ വേണം, എനിക്ക് പറ്റില്ല’; ഗൗരവ് ഖന്നയുമായുള്ള വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തി ആകാൻക്ഷ
