Headlines

അമേരിക്കയുടെ തിട്ടൂരത്തിന് വഴങ്ങില്ല; റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യ പിന്നോട്ട് പോവില്ല, കാരണം? | India Will Not Bow To US Dictates; It Will Not Back Down From Purchasing Russian Oil, Here Is Why?


India

oi-Nidhin Illikkambath

ന്യൂഡൽഹി: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്ക് കൂടുതൽ ഉപരോധം ഏർപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള അമേരിക്കൻ നിയമനിർമാണ നടപടികൾ ശക്തമായിട്ടും, ഇന്ത്യ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ഉടൻ കുറയ്ക്കാൻ സാധ്യതയില്ലെന്ന് സൂചന. സർക്കാരുമായി അടുത്ത വൃത്തങ്ങളാണ് ഈ സൂചന നൽകുന്നത്.

റഷ്യയിൽ നിന്ന് ഊർജ ഉൽപ്പന്നങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ നടപടിയെടുക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ ഓഗസ്‌റ്റ് 7ന് യുഎസ് സെനറ്റ് പാസാക്കിയിരുന്നു. 86 പേർ അനുകൂലിച്ചും 11 പേർ എതിർത്തുമാണ് ബിൽ പാസായത്. എന്നാൽ ബിൽ പാസായതോടെ തന്നെ ഇന്ത്യക്ക് റഷ്യൻ എണ്ണ വാങ്ങുന്നതിന് പുതിയ തീരുവയോ ഉപരോധമോ ഉടൻ ബാധകമാകില്ല.

oil

ബിൽ ഇനി യുഎസ് പ്രതിനിധിസഭയുടെ പരിഗണനയ്ക്ക് പോകണം. ഓഗസ്‌റ്റ് 31ന് സഭ വീണ്ടും ചേരുമ്പോൾ സെനറ്റ് പാസാക്കിയ പതിപ്പ് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് മാത്രമേ ഇത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരിഗണനയിലെത്തുകയുള്ളൂ. സെനറ്റിന്റെ നടപടി റഷ്യൻ എണ്ണയുടെ വിതരണത്തിൽ നയപരമായ ആശങ്ക വർധിപ്പിക്കുന്നുണ്ടെന്നത് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

നിലവിൽ ബില്ലിന് മുന്നിൽ കൂടുതൽ നിയമനടപടികളും ഭരണപരമായ നടപടികളും ബാക്കിയുണ്ട്. ഉപരോധം എത്രത്തോളം ശക്തമായി നടപ്പാക്കും എന്നതും, ഇളവുകളോ ഒഴിവാക്കലുകളോ അമേരിക്ക അനുവദിക്കുമോ എന്നതുമാണ് യഥാർഥ പ്രത്യാഘാതം നിർണയിക്കുക. റഷ്യയിൽ നിന്നുള്ള എണ്ണയുടെ ഒഴുക്ക് തടസപ്പെട്ടാൽ, അതിന് പകരം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ലഭ്യമാക്കേണ്ടിവരും.

മതിയായ ബദൽ വിതരണം ലഭിച്ചില്ലെങ്കിൽ ആഗോള എണ്ണവിപണിയിൽ ലഭ്യത കുറയുകയും വില ഉയരുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തിൽ റഷ്യൻ എണ്ണയുടെ വിതരണം പെട്ടെന്ന് തടയുന്നത് ആഗോള എണ്ണവിപണിയിൽ കൂടുതൽ സമ്മർദ്ദം സൃഷ്‌ടിക്കുമെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. റഷ്യയിൽ നിന്ന് നിലവിൽ ലഭിക്കുന്ന അളവിൽ എണ്ണ മറ്റിടങ്ങളിൽ നിന്ന് കണ്ടെത്തി പകരംവയ്ക്കുന്നത് എളുപ്പമല്ലെന്നും അവർ പറയുന്നു.

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 500 ശതമാനം വരെ തീരുവ ചുമത്താൻ ആദ്യം നിർദ്ദേശിച്ചിരുന്ന ബില്ലിൽ പിന്നീട് മാറ്റം വരുത്തിയിട്ടുണ്ട്. പുതുക്കിയ നിർദേശപ്രകാരം 100 ശതമാനം വരെ അധിക തീരുവ ചുമത്താനുള്ള വ്യവസ്ഥയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ എണ്ണ ആവശ്യത്തിന്റെ ഏകദേശം 88 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്.

ഇതിൽ റഷ്യയ്ക്ക് വലിയ പങ്കുണ്ടെന്നതാണ് പ്രധാന കാര്യം. കണക്കുകൾ പ്രകാരം ജൂൺ-ജൂലൈ കാലയളവിൽ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഇറക്കുമതി പ്രതിദിനം ഏകദേശം 27 ലക്ഷം ബാരൽ ആയിരുന്നു. ഇത് ഇന്ത്യയുടെ ആകെ ക്രൂഡ് ഇറക്കുമതിയുടെ 50 ശതമാനത്തിലധികം വരും. മിഡിൽ ഈസ്‌റ്റിൽ നിന്നുള്ള എണ്ണ വിതരണത്തിൽ തടസമുണ്ടാകുന്ന സാഹചര്യത്തിൽ റഷ്യൻ എണ്ണ ഇന്ത്യക്ക് വലിയൊരു പിന്തുണയായി മാറിയിട്ടുണ്ട്.

പ്രത്യേകിച്ച് പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ മിഡിൽ ഈസ്‌റ്റിൽ നിന്നുള്ള എണ്ണവിതരണത്തെക്കുറിച്ച് ആശങ്ക ഉയർന്നപ്പോൾ റഷ്യൻ എണ്ണയുടെ പ്രാധാന്യം കൂടുതൽ വർധിച്ചു. റഷ്യൻ എണ്ണ ലഭിക്കുന്നത് ഇന്ത്യൻ റിഫൈനറികൾക്ക് പരമ്പരാഗത മിഡിൽ ഈസ്റ്റ് വിതരണ മാർഗങ്ങളിലെ ആശ്രയം കുറയ്ക്കാൻ സഹായിക്കുന്നു. അതിനാൽ തന്നെ യുഎസിന്റെ നീക്കത്തിനിടയിലും ഇന്ത്യ റഷ്യയെ കൈവിടാൻ സാധ്യതയില്ല.

മാത്രമല്ല കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാതിരിക്കാൻ ഇന്ത്യയ്ക്ക് മുന്നിൽ വേറെയും കാരണങ്ങളുണ്ട്. റഷ്യയിൽ നിന്നുള്ള എണ്ണയുടെ ഒഴുക്ക് ഇന്ത്യയിലേക്കോ ഏഷ്യയിലേക്കോ പെട്ടെന്ന് കുറയുകയാണെങ്കിൽ, ആഗോള എണ്ണവിപണിയിലെ ലഭ്യതയും ആവശ്യകതയും തമ്മിലുള്ള സന്തുലിതാവസ്ഥ കൂടുതൽ കടുപ്പത്തിലാകാം. ഇതോടെ ക്രൂഡ് ഓയിൽ വില ഉയരാനുള്ള സാധ്യതയുണ്ട്.

ഇന്ത്യയ്ക്ക് ഇത് കൂടുതൽ സാമ്പത്തിക സമ്മർദ്ദത്തിനും കാരണമാകും. എണ്ണവില ഉയർന്നാൽ രാജ്യത്തിന്റെ എണ്ണ ഇറക്കുമതി ചെലവ് വർധിക്കുകയും കറന്റ് അക്കൗണ്ട് കമ്മി ഉയരുകയും ചെയ്യും. അതോടൊപ്പം രാജ്യത്തിന്റെ ഊർജസുരക്ഷയിലും സമ്മർദ്ദമുണ്ടാകാം. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുടെ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലിൽ കുറവുണ്ടാവാൻ സാധ്യത ഇല്ലെന്നാണ് വിലയിരുത്തൽ.



Source link

Leave a Reply

Your email address will not be published. Required fields are marked *