Last Updated:
നവംബർ 21-ന് ചെന്നൈയിൽ വിവാഹസൽക്കാരം നടക്കുമെന്നാണ് വിവരം
സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും (Anirudh Ravichander) സൺറൈസേഴ്സ് ഹൈദരാബാദ് സി.ഇ.ഒ. കാവ്യ മാരനും 2026 നവംബറിൽ വിവാഹിതരാകുമെന്ന് റിപ്പോർട്ടുകൾ. നവംബർ 21-ന് ചെന്നൈയിൽ വിവാഹസൽക്കാരം നടക്കുമെന്നാണ് വിവരം. തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി സമൂഹമാധ്യമത്തിലൂടെ സൽക്കാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചതോടെയാണ് ഇരുവരുടെയും വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായത്.
വിവാഹസൽക്കാരത്തിലേക്ക് പ്രമുഖരെ ക്ഷണിക്കുന്നതിന്റെ ഭാഗമായി സൺ ടിവി ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരനും അനിരുദ്ധും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തമിഴ്നാട് മുഖ്യമന്ത്രിയെയും സന്ദർശിച്ചതായും റിപ്പോർട്ടുകളുണ്ട്. കൂടിക്കാഴ്ചകളുടെ ചിത്രങ്ങൾ പുറത്തുവന്നതോടെ വിവാഹവാർത്ത വീണ്ടും ശ്രദ്ധ നേടി.
സൺ ടിവി നെറ്റ്വർക്കിന്റെ ഉടമസ്ഥതയിലുള്ള തമിഴ് വാർത്താ ചാനലായ സൺ ന്യൂസാണ് കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ എക്സിലൂടെ പങ്കുവച്ചത്. കലാനിധി മാരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽക്കണ്ട് കാവ്യ മാരന്റെയും അനിരുദ്ധ് രവിചന്ദറിന്റെയും വിവാഹസൽക്കാരത്തിലേക്കുള്ള ക്ഷണക്കത്ത് കൈമാറിയെന്നാണ് പോസ്റ്റിലുള്ളത്. കുടുംബാംഗങ്ങളും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. എന്നാൽ, പുറത്തുവിട്ട ചിത്രങ്ങളിൽ അനിരുദ്ധിനെ കാണാനില്ല.
കാവ്യയുടെ മാതാപിതാക്കളായ കലാനിധി മാരനും ലക്ഷ്മിയും പ്രധാനമന്ത്രിയെ സന്ദർശിച്ച് വിവാഹസൽക്കാരത്തിലേക്ക് ക്ഷണിച്ചതായാണ് സൺ ന്യൂസിന്റെ കുറിപ്പിൽ വ്യക്തമാക്കുന്നത്.
തമിഴ്നാട് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ചാനൽ പങ്കുവച്ചിട്ടുണ്ട്. കലാനിധി മാരൻ മുഖ്യമന്ത്രിക്ക് ക്ഷണക്കത്ത് കൈമാറിയപ്പോൾ കാവ്യ മാരനും അനിരുദ്ധ് രവിചന്ദറും ഒപ്പമുണ്ടായിരുന്നുവെന്നാണ് പോസ്റ്റിൽ പറയുന്നത്.
അനിരുദ്ധും കാവ്യയും പ്രണയത്തിലാണെന്നും ഇരുവരുടെയും കുടുംബങ്ങൾ വിവാഹത്തെക്കുറിച്ച് ചർച്ചകൾ നടത്തുകയാണെന്നും അവകാശപ്പെട്ട് 2025-ൽ റെഡ്ഡിറ്റിൽ ഒരു കുറിപ്പ് പ്രത്യക്ഷപ്പെട്ടിരുന്നു. അഭ്യൂഹങ്ങൾ വ്യാപകമായതോടെ അനിരുദ്ധ് സമൂഹമാധ്യമത്തിലൂടെ പ്രതികരിക്കുകയും ചെയ്തിരുന്നു.
“വിവാഹമോ? ഹാ ഹാ… എല്ലാവരും ശാന്തരാകൂ. ദയവായി ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തൂ,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നിരുന്നാലും, ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തുടർന്നു.
ഈ വർഷം ജൂണിൽ അനിരുദ്ധിന്റെ അമ്മാവനും നടനുമായ വൈ.ജി. മഹേന്ദ്ര കെ.പി.ടി.വിയോട് സംസാരിക്കവേ അദ്ദേഹത്തിന്റെ വിവാഹത്തെക്കുറിച്ച് പരാമർശിച്ചിരുന്നു. “ഈ അവസരത്തിൽ അവനെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവൻ വലിയൊരു വിവാഹത്തിലേക്ക് കടക്കുകയാണ്. എനിക്ക് ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഇത് ഉറപ്പാണ്. അവർ വിവാഹിതരാകാൻ പോകുകയാണ്,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
വിവാഹസൽക്കാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതോടെ അനിരുദ്ധിന്റെയും കാവ്യയുടെയും വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.
Summary: Music composer Anirudh Ravichander and Sunrisers Hyderabad CEO Kavya Maran are reportedly set to get married in November 2026. Their wedding reception is expected to take place in Chennai on November 21. Discussions surrounding the couple’s reported wedding gained renewed attention after Telangana Chief Minister A. Revanth Reddy shared details about the reception on social media
