Last Updated:
മമ്മൂട്ടിയും ദിലീപും ഉൾപ്പെടെയുള്ള സൂപ്പർനടന്മാർ പഠിച്ചിറങ്ങിയ മഹാരാജാസ് കോളേജ്. ഇതായിരുന്നു നടൻ സലിം കുമാറിന്റെയും പഠനക്കളരി
എറണാകുളം മഹാരാജാസ് കോളേജിന്റെ പ്രശസ്തരായ പൂർവവിദ്യാർത്ഥികളുടെ പട്ടിക പരിശോധിച്ചാൽ, അതിൽ അഭിനേതാക്കളുടെയും ചലച്ചിത്ര പ്രവർത്തകരുടെയും എണ്ണക്കൂടുതൽ ഉണ്ടാകും. മമ്മൂട്ടിയും ദിലീപും ഉൾപ്പെടെയുള്ള സൂപ്പർനടന്മാർ മുതൽ പുതുതലമുറയിലെ ആഷിഖ് അബുവും ആന്റണി വർഗീസ് പെപെയും വരെ പഠിച്ചിറങ്ങിയ കലാലയമാണിത്. ഇതായിരുന്നു നടൻ സലിം കുമാറിന്റെയും പഠനക്കളരി. കളരിയിൽ പഠനത്തേക്കാൾ കൂടുതൽ കലാപ്രകടനം ആയിരുന്നു സലിം കുമാറിന്റെ അഭ്യാസമുറ എങ്കിലും.
അന്നത്തെ കോളേജ് പ്രിൻസിപ്പൽ കെ.എൻ. ഭരതനോട് താൻ നന്നായി പഠിച്ചേക്കാം എന്നല്ല, കലാ മത്സരങ്ങളിൽ കോളേജിന് പുരസ്കാരങ്ങൾ നേടിത്തരും എന്ന ഉറപ്പിന്മേലാണ് സലിം കുമാർ മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയാവുന്നത്. വാക്ക് വാക്കായിരുന്നു. മൂന്നു തവണ സലിം കുമാർ യൂണിവേഴ്സിറ്റി കലാമത്സരങ്ങളിൽ മിമിക്രിക്ക് കപ്പുയർത്തി.
അക്കാലങ്ങളിൽ രാഷ്ട്രീയ നേതാക്കളുടെ ശബ്ദം അനുകരിക്കുന്നവർ കുറവായിരുന്നു. അവർക്കിടയിൽ കെ.ആർ. ഗൗരിയമ്മയെയും കെ. കരുണാകരനെയും അനുകരിച്ച് സലിം കുമാർ വ്യത്യസ്തനായി. അത്രയും കഴിവുള്ള സലിമിനെ അന്ന് കെ.എസ്. പ്രസാദ് കലാഭവനിലേക്ക് ശുപാർശ ചെയ്യുകയായിരുന്നു.
മിമിക്രിയിലെ വഴക്കം, കലാഭവനിൽ സലിം കുമാറിനെ ശ്രദ്ധേയനാക്കി. വിദേശ പരിപാടികളുടെ ഭാഗമായി അദ്ദേഹം മാറി. അപ്പോഴേക്കും, അതിനു പകരം പഠനം വച്ചുമാറേണ്ടി വന്നു സലിം കുമാറിന്. അവസാനവർഷ പരീക്ഷയിൽ ആവശ്യത്തിന് ഹാജരില്ലാതിരുന്ന സലിം കുമാറിനെ പരീക്ഷ എഴുതാൻ സർവകലാശാല അനുവദിച്ചില്ല. അതിനുള്ളിൽ അദ്ദേഹം മിമിക്രി ലോകത്തു നിന്നും ചലച്ചിത്ര താരമായി ചുവടുവച്ചിരുന്നു.
എന്നിരുന്നാലും, കോളേജിന് വേണ്ടി കലാമത്സരങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥിയെ തള്ളിക്കളയാൻ അവർക്കായില്ല. പരീക്ഷ എഴുതാനും വേണ്ടി ഹാജർ ലഭിക്കാൻ, മൂന്നു വർഷത്തെ ബിരുദ പഠനം പൂർത്തിയാക്കാൻ, സലിമിന് രണ്ടു വർഷം കൂടി അനുവദിച്ചു കിട്ടി. അഞ്ചു വർഷത്തിൽ ബിരുദ പഠനം പൂർത്തിയാക്കി എന്ന നേട്ടം സലിം കുമാറിനുണ്ട്.
Summary: Salim Kumar was granted two more years to complete his three-year undergraduate studies in order to be able to attend the exams in Maharaja’s College, Ernakulam. Salim Kumar has the distinction of completing his undergraduate studies in five years
Thiruvananthapuram,Kerala
Jun 07, 2026 10:29 AM IST
