Last Updated:
പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ തരംഗമായിക്കഴിഞ്ഞു
മലയാള സിനിമാപ്രേമികൾ ഏറെക്കാലമായി കാത്തിരുന്ന ആ സ്വപ്ന കൂട്ടുകെട്ട് ഒടുവിൽ യാഥാർത്ഥ്യമാകുന്നു. മലയാളത്തിന്റെ വിസ്മയ നടൻ മോഹൻലാലും പ്രശസ്ത സംവിധായകൻ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘നെടുങ്കണ്ടം മിറാക്കിൾ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഗംഭീര മോഷൻ പോസ്റ്റർ മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
ശ്യാം പുഷ്കരനൊപ്പം പോൾസൺ സ്കറിയയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. തെന്നിന്ത്യൻ സിനിമയിലെ പ്രഗത്ഭരായ സാങ്കേതികപ്രവർത്തകരാണ് ചിത്രത്തിന് പിന്നിൽ അണിനിരക്കുന്നത്. ഷൈജു ഖാലിദ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സുഷിൻ ശ്യാമാണ്. സൈജു ശ്രീധരനാണ് എഡിറ്റർ.
ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ അച്ചു ബേബി ജോൺ നിർമിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരിയാണ്. മഷർ ഹംസ കോസ്റ്റ്യൂംസും റോണക്സ് സേവ്യർ മേക്കപ്പും കൈകാര്യം ചെയ്യുന്നു. ഭാവന റിലീസ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുക. തിരുവനന്തപുരം, ഇടുക്കി, ചെന്നൈ എന്നിവിടങ്ങളിലായിട്ടായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക.
‘ജോജി’ക്ക് ശേഷം നീണ്ട 5 വർഷത്തെ ഇടവേള കഴിഞ്ഞാണ് ദിലീഷ് പോത്തൻ വീണ്ടും സംവിധായകന്റെ കുപ്പായമണിയുന്നത്. ദിലീഷ് പോത്തന്റെ അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകുമെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നെങ്കിലും ഇപ്പോൾ ഔദ്യോഗിക സ്ഥിരീകരണം വന്നതോടെ സിനിമാലോകവും ആരാധകരും വൻ ആവേശത്തിലാണ്.
ഒരു ദിലീഷ് പോത്തൻ-ശ്യാം പുഷ്കരൻ ചിത്രത്തിൽ മോഹൻലാൽ എത്തുമ്പോൾ തികച്ചും വ്യത്യസ്തമായ ഒരു സിനിമാനുഭവമായിരിക്കും ലഭിക്കുകയെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ തരംഗമായിക്കഴിഞ്ഞു.
Kochi [Cochin],Ernakulam,Kerala
