Last Updated:
2021ൽ പുറത്തിറങ്ങിയ ‘ഗോഡ്സില്ല വേഴ്സസ് കോങ്’ എന്ന ചിത്രത്തിൽ ഡോ. ഐലീൻ ആൻഡ്രൂസ് (റെബേക്ക ഹാൾ) ദത്തെടുക്കുന്ന, കോങ്ങുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ജിയ എന്ന ബധിരയായ അനാഥ പെൺകുട്ടിയെ അവതരിപ്പിച്ചതിലൂടെയാണ് കയ്ലി ഹോട്ടിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്
‘ഗോഡ്സില്ല വേഴ്സസ് കോങ്’ നടി കയ്ലി ഹോട്ടിൽ ചൊവ്വാഴ്ചയുണ്ടായ കാറപകടത്തിൽ കൊല്ലപ്പെട്ടു. 18 വയസ്സായിരുന്നു. അമേരിക്കൻ സൈൻ ലാംഗ്വേജ് (ആംഗ്യഭാഷ) ഉപയോഗിച്ച് ഫേസ്ബുക്ക് ലൈവ് സ്ട്രീമിലൂടെ പിതാവ് ജോഷ്വ ഹോട്ടിലാണ് മരണവിവരം പുറത്തുവിട്ടത്. മേരിലാൻഡിലുണ്ടായ കാറപകടത്തിലാണ് മകൾ മരിച്ചതെന്നും മൃതദേഹം ഏറ്റുവാങ്ങാൻ താൻ ടെക്സാസിൽ നിന്ന് വിമാനമാർഗ്ഗം പുറപ്പെടുകയാണെന്നും അദ്ദേഹം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
കയ്ലി സീനിയർ വിദ്യാർത്ഥിനിയായിരുന്ന ടെക്സാസ് സ്കൂൾ ഫോർ ദി ഡെഫും (Texas School for the Deaf) സോഷ്യൽ മീഡിയയിലൂടെ ഈ വാർത്ത സ്ഥിരീകരിച്ചു. കയ്ലിയും പിതാവും ബധിരരാണ്; തലമുറകളായി ബധിരരായ കുടുംബത്തിൽ നിന്നുള്ളവരാണ് ഇരുവരും.
“ഞങ്ങളുടെ ടിഎസ്ഡി സീനിയർ വിദ്യാർത്ഥികളിൽ ഒരാളായ കയ്ലി ഹോട്ടിൽ ഇന്നലെ മേരിലാൻഡിലെ ഫ്രെഡറിക്കിലുണ്ടായ കാറപകടത്തിൽ ദാരുണമായി മരണപ്പെട്ട വിവരം കടുത്ത ദുഃഖത്തോടെ പങ്കുവെക്കുന്നു,” ടെക്സാസ് സ്കൂൾ ഫോർ ദി ഡെഫിന്റെ കുറിപ്പിൽ പറയുന്നു.
“തീരാവേദനയുടെ ഈ നിമിഷത്തിൽ കയ്ലിയുടെ കുടുംബത്തോടും സുഹൃത്തുക്കളോടും സഹപാഠികളോടും അവളെ സ്നേഹിച്ചിരുന്ന എല്ലാവരോടും ഞങ്ങൾ അനുശോചനം അറിയിക്കുന്നു. ഇപ്പോൾ ഞങ്ങൾക്ക് ലഭിച്ച വിവരങ്ങൾ വളരെ പരിമിതമാണ്, അതിനാൽ എല്ലാവരും കയ്ലിയുടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അപകടത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് അനാവശ്യമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് പിന്തിരിയണമെന്നും അഭ്യർത്ഥിക്കുന്നു,” കുറിപ്പ് കൂട്ടിച്ചേർത്തു.
2021-ലെ ‘ഗോഡ്സില്ല വേഴ്സസ് കോങ്’, 2024-ലെ ‘ഗോഡ്സില്ല x കോങ്: ദി ന്യൂ എംപയർ’ എന്നീ ചിത്രങ്ങളിൽ ഡോ. ഐലീൻ ആൻഡ്രൂസ് (റെബേക്ക ഹാൾ) ദത്തെടുക്കുന്ന, കോങ്ങുമായി അടുത്ത ബന്ധം പുലർത്തുന്ന ജിയ എന്ന ബധിരയായ അനാഥ പെൺകുട്ടിയെ അവതരിപ്പിച്ചതിലൂടെയാണ് കയ്ലി പ്രശസ്തയായത്. രണ്ടാമത്തെ ചിത്രത്തിലെ അഭിനയത്തിന് മികച്ച യുവതാരത്തിനുള്ള സാറ്റേൺ അവാർഡ് നാമനിർദ്ദേശവും കയ്ലിക്ക് ലഭിച്ചിരുന്നു.
Summary: Actress Kaylee Hottle, best known for her role as Jia in Godzilla vs. Kong (2021) and Godzilla x Kong: The New Empire (2024), has tragically passed away at the age of 18 following a car accident in Frederick, Maryland. Her father, Joshua Hottle, announced the news via Facebook livestream, and the Texas School for the Deaf, where she was a senior, confirmed her passing. The film community and fans mourn the loss of the talented young actress, who earned a Saturn Award nomination for her performance as the beloved deaf orphan bonded with Kong.
New Delhi,Delhi
