പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ നിരവധി ആരാധകരും സിനിമാരംഗത്തുള്ളവരും ഡിസ്കോ ശാന്തിക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
ഡിസ്കോ ശാന്തിയുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് പെട്ടെന്ന് ആരാധകരുടെ ശ്രദ്ധ നേടി. ആശുപത്രി പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ മൂക്കിലൂടെ ട്യൂബ് ഘടിപ്പിച്ച നിലയിലാണ് താരത്തെ കാണുന്നത്. “Back To Home” എന്ന കുറിപ്പ് ആശുപത്രിവാസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിന്റെ സൂചന നൽകുന്നതാണ്.
എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുണ്ടായ കാരണമോ നിലവിലെ ആരോഗ്യസ്ഥിതിയോ സംബന്ധിച്ച വിശദാംശങ്ങൾ ഡിസ്കോ ശാന്തി പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല. ഇതോടെ നിരവധി ആരാധകർ കമന്റ് ബോക്സിലൂടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചു. താരത്തിന് നല്ല ആരോഗ്യവും വേഗത്തിലുള്ള രോഗമുക്തിയും ആശംസിച്ചും നിരവധി പേർ സന്ദേശങ്ങൾ പങ്കുവെച്ചു.
ഡിസ്കോ ശാന്തിയുടെ തിരിച്ചുവരവിനായി ആരാധകർ കാത്തിരിക്കെയാണ് താരത്തിന്റെ ആരോഗ്യനില സംബന്ധിച്ച വാർത്തകളും പുറത്തുവരുന്നത്. 2013ൽ ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവും തെലുങ്ക് നടനുമായ ശ്രീഹരി മരിച്ചതിന് പിന്നാലെ ഡിസ്കോ ശാന്തി സിനിമയിൽനിന്ന് ഏറെക്കാലം വിട്ടുനിന്നിരുന്നു.
കരിയറിന്റെ ഉന്നതകാലത്താണ് ഡിസ്കോ ശാന്തി ശ്രീഹരിയെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്. ദീർഘകാലം സിനിമയിൽനിന്നും പൊതുവേദികളിൽനിന്നും വിട്ടുനിന്നിരുന്ന താരം അടുത്തിടെ അഭിനയരംഗത്തേക്ക് തിരിച്ചുവരാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു.
ഏകദേശം 28 വർഷത്തെ ഇടവേളയ്ക്ക് ശേഷം ‘പുല്ല’ (Pullaa) എന്ന ചിത്രത്തിലൂടെയാണ് ഡിസ്കോ ശാന്തി വീണ്ടും വെള്ളിത്തിരയിലെത്തുന്നത്. വൈശാലി രാജ്, സുനിൽ, അരവിന്ദ് ആകാശ്, കാളി വെങ്കട്ട്, രംഗരാജ് പാണ്ഡെ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
നായികയായി തിളങ്ങണമെന്ന ലക്ഷ്യത്തോടെയാണ് ഡിസ്കോ ശാന്തി സിനിമയിലെത്തിയത്. എന്നാൽ പിന്നീട് നൃത്തപ്രധാനമായ വേഷങ്ങളിലൂടെയും ഗ്ലാമർ വേഷങ്ങളിലൂടെയുമാണ് അവർ ശ്രദ്ധ നേടിയത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അവർ 1980കളിലും 90കളിലും ദക്ഷിണേന്ത്യൻ സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറി.
അക്കാലത്തെ ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സിൽ ഇടം നേടിയ ഡിസ്കോ ശാന്തിയുടെ തിരിച്ചുവരവ് ഏറെ താൽപ്പര്യത്തോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇതിനിടെയാണ് ആശുപത്രിയിൽനിന്നുള്ള ചിത്രം താരം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.
അതേസമയം, ഡിസ്കോ ശാന്തിയുടെ മകൻ മേഘാംഷ് ശ്രീഹരിയും തെലുങ്ക് സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ്. വരാനിരിക്കുന്ന ഏതാനും ചിത്രങ്ങളിൽ അദ്ദേഹം നായകനായി എത്തുമെന്നാണ് റിപ്പോർട്ടുകൾ.