മുംബൈയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജാവേദ് അക്തർ. രാമൻ എന്നത് ഒരു വ്യക്തിയെ മാത്രമല്ല, ധാർമിക മൂല്യങ്ങളെയും ജീവിതരീതിയെയും കൂടിയാണ് പ്രതിനിധീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
“രാമൻ എന്നത് ഒരു വ്യക്തിയെ മാത്രമല്ല സൂചിപ്പിക്കുന്നത്. അതൊരു ധാർമികതയാണ്, ജീവിതരീതിയാണ്. ചില സൗന്ദര്യസങ്കൽപ്പങ്ങളുടെയും ധാർമിക മൂല്യങ്ങളുടെയും പ്രതീകമാണ് രാമൻ. ഏത് മതത്തിൽ വിശ്വസിക്കുന്നവരായാലും ഓരോ ഇന്ത്യക്കാരന്റെയും രക്തത്തിൽ രാമനുണ്ട്. അതൊരു ജീവിതമാർഗമാണ്,” ജാവേദ് അക്തർ പറഞ്ഞു.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണം’ സിനിമ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, മകൾ ചിത്രം കണ്ടിട്ടുണ്ടെന്നും മികച്ച അഭിപ്രായം പറഞ്ഞതായും ജാവേദ് അക്തർ തമാശരൂപേണ പറഞ്ഞു.
“എന്റെ മകൾ ഈ സിനിമ കണ്ടിട്ടുണ്ട്. അവൾ ചിത്രത്തെ പ്രശംസിക്കുകയും ചെയ്തു. സാധാരണയായി അവൾ ഒന്നിനെയും അത്ര പെട്ടെന്ന് പുകഴ്ത്താറില്ല. എന്റെ സൃഷ്ടികളെപ്പോലും അവൾ അധികം പ്രശംസിക്കാറില്ല,” അദ്ദേഹം പറഞ്ഞു.
ഷാരൂഖ് ഖാൻ നായകനായ ‘സ്വദേശ്’ (Swades) എന്ന ചിത്രത്തിലെ ‘പൽ പൽ ഹൈ ഭാരി’ (Pal Pal Hai Bhaari) എന്ന ഗാനത്തിലെ വരികളെ നിതേഷ് തിവാരിയുടെ ‘രാമായണം’ ചിത്രത്തിലെ സംഗീതവുമായി ഒരു മാധ്യമപ്രവർത്തകൻ താരതമ്യം ചെയ്തതോടെയാണ് ജാവേദ് അക്തറുടെ പ്രതികരണം ഉണ്ടായത്.
എ.ആർ. റഹ്മാൻ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയത് ജാവേദ് അക്തറാണ്. “മൻ സേ രാവൺ ജോ നിക്കാലേ, രാമ ഉസ്കേ മൻ മേം ഹൈ” (മനസ്സിൽനിന്ന് രാവണനെ പുറത്താക്കുന്നവന്റെ ഉള്ളിൽ രാമനുണ്ട്) എന്ന വരിയും ഗാനത്തിലുണ്ട്.
#WATCH | Mumbai, Maharashtra: “…Ram is not just about a person; Ram is a morality. Ram is a way of living. Ram is certain aesthetics, certain morality…Ram is in the blood of every Indian, whatever religion they follow. He is a way of life…,” says lyricist Javed Akhtar while speaking on the lines ‘Mann se Ravan jo nikale, Ram uske Mann main hai’ from ‘Pal Pal Hai Bhaari’ from Swades, a song penned by him.
— ANI (@ANI) November 17, 2026
എ.ആർ. റഹ്മാനും ഹാൻസ് സിമ്മറും ഒന്നിക്കുന്ന സംഗീതസംരംഭമെന്ന നിലയിൽ ശ്രദ്ധ നേടിയെങ്കിലും ‘രാമായണം’ ചിത്രത്തിലെ സംഗീതത്തിന് വിമർശനങ്ങളും നേരിടേണ്ടിവന്നു.
രാമാനന്ദ് സാഗറിന്റെ പ്രശസ്തമായ ‘രാമായണം’ (1987–88) ടെലിവിഷൻ പരമ്പരയിൽ ലക്ഷ്മണനായി വേഷമിട്ട സുനിൽ ലാഹരിയും ചിത്രത്തിലെ സംഗീതത്തിൽ നിരാശ പ്രകടിപ്പിച്ചിരുന്നു.
നിതേഷ് തിവാരി മികച്ച സംവിധായകനാണെന്നും അദ്ദേഹത്തിന്റെ മുൻചിത്രങ്ങൾ ശ്രദ്ധേയമായിരുന്നുവെന്നും പറഞ്ഞ സുനിൽ, ഒരു സിനിമയുടെ നട്ടെല്ലാണ് സംഗീതമെന്നും അഭിപ്രായപ്പെട്ടു.
“സിനിമയിൽ സംഗീതത്തിന് വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട്. ഒരു തരത്തിൽ പറഞ്ഞാൽ അതാണ് സിനിമയുടെ നട്ടെല്ല്. ഈ ചിത്രത്തിലെ സംഗീതം കേട്ടപ്പോൾ ചില ഗാനങ്ങൾ എന്നെ അൽപ്പം നിരാശപ്പെടുത്തി,” അദ്ദേഹം പറഞ്ഞു.
അയോധ്യയുടെയും മിഥിലയുടെയും തനതായ സാംസ്കാരിക സവിശേഷതകൾ ഗാനങ്ങളിൽ പ്രതിഫലിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, താൻ സംഗീതവിദഗ്ധനല്ലെന്നും ഒരു ശ്രോതാവെന്ന നിലയിലുള്ള അഭിപ്രായം മാത്രമാണ് പങ്കുവെച്ചതെന്നും സുനിൽ വ്യക്തമാക്കി.
ഏകദേശം 4,000 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ‘രാമായണം’ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സ്വപ്നപദ്ധതികളിലൊന്നായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
ആദ്യ വാരാന്ത്യത്തിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും പിന്നീട് മികച്ച തിരിച്ചുവരവ് നടത്തിയെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽനിന്ന് മാത്രം ചിത്രം 981.10 കോടി രൂപയുടെ മൊത്തം കളക്ഷൻ നേടിയതായും റിപ്പോർട്ടുകളുണ്ട്. ഇതിൽ 820.95 കോടി രൂപയാണ് നികുതികൾ ഒഴിവാക്കിയുള്ള കളക്ഷൻ.