Last Updated:
റെഡ്ഡിറ്റിൽ പങ്കുവച്ച ഒരു പോസ്റ്റിലൂടെയാണ് സംഭവത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്
സംസ്ഥാന സർക്കാരിലെ താൽക്കാലിക ജോലിയാണ് യുവതിയുടേതെന്നറിഞ്ഞതോടെ യുവാവ് വിവാഹാലോചനയിൽ നിന്ന് പിന്മാറി. “വിവാഹ പ്രതീക്ഷകൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാതെ വരുമ്പോൾ” എന്ന തലക്കെട്ടിൽ റെഡ്ഡിറ്റിൽ പങ്കുവച്ച ഒരു പോസ്റ്റിലൂടെയാണ് സംഭവത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്; ഇത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും വഴിവച്ചു.
ഉപയോക്താവ് പറയുന്നതനുസരിച്ച്, മാച്ച് മേക്കിംഗ് ആപ്പ് വഴി ജീവിതപങ്കാളിയെ തേടുകയായിരുന്ന സുഹൃത്തിനാണ് ഈ അനുഭവമുണ്ടായത്. പോസ്റ്റ് അനുസരിച്ച്, യുവതിക്ക് സ്വകാര്യ കോളേജിൽ നിന്ന് ബിഎസ്സി ബിരുദമുണ്ടായിരുന്നു, സംസ്ഥാന സർക്കാർ തസ്തികയിലായിരുന്നു ജോലിയെങ്കിലും അത് താൽക്കാലിക നിയമനമായിരുന്നു. എന്നാൽ ഇക്കാര്യം അവരുടെ പ്രൊഫൈലിൽ വ്യക്തമായി രേഖപ്പെടുത്തിയിരുന്നില്ല.
എങ്കിലും അവരുടെ പ്രതീക്ഷകൾ ഉയർന്നതായിരുന്നു. അവർ യുവാവിന്റെ ശമ്പളം തിരക്കുകയും സ്വന്തം പ്രതീക്ഷകൾ മുന്നോട്ടുവയ്ക്കുകയും ചെയ്തു. യുവാവിന് നിശ്ചിത വരുമാനവും സ്വന്തമായി വീടും കാറും ഉണ്ടായിരിക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം.നല്ല ഉയരമുള്ള ആളായിരിക്കണമെന്നും യുവതിയുടെ താൻര്യങ്ങളുടെ പട്ടികയിൽ പങ്കുവച്ചിരുന്നു.
ഒരു ഐഎസ്ആർഒ (ISRO) ശാസ്ത്രജ്ഞനായിരുന്നു യുവാവെന്നും പ്രശസ്ത കോളേജിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദവും വിദേശത്ത് നിന്ന് മാസ്റ്റേഴ്സ് ബിരുദവും നേടിയ വ്യക്തിയായിരുന്നു അദ്ദേഹമെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.എല്ലാം സുഗമമായി മുന്നോട്ട് പോകുകയും വിവാഹനിശ്ചയ തീയതി പോലും തീരുമാനിക്കുകയും ചെയ്തതാണ്. എന്നാൽ യുവതിയുടെ സർക്കാർ ജോലി താൽക്കാലികമാണെന്ന് വരന്റെ ഭാഗം അറിഞ്ഞതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.
പോസ്റ്റ് വൈറലായതോടെ ഓൺലൈൻ ഉപയോക്താക്കൾ പല കോണുകളിൽ നിന്നും അഭിപ്രായങ്ങൾ പങ്കുവച്ചു. പ്രധാന വിവരങ്ങൾ മറച്ചുവയ്ക്കുന്നത് തുടക്കത്തിലേ വിശ്വാസത്തെ തകർക്കുമെന്ന് ചിലർ അഭിപ്രായപ്പെട്ടു; അതേസമയം, ഒരു ഭാഗം മാത്രം കേട്ട് വിധി പറയരുതെന്ന് ചുരുക്കം ചിലർ മുന്നറിയിപ്പ് നൽകി.
“തന്റെ ജോലി താൽക്കാലികമാണെന്ന വിവരം അവൾ പറഞ്ഞിരുന്നില്ലെന്നും, കുറച്ച് അമിതാവകാശ മനോഭാവമുള്ളതായി തോന്നിയതിനാലും വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയത് ശരിയായി,” കമന്റ് വിഭാഗത്തിൽ ഒരു ഉപയോക്താവ് എഴുതി.
“വിവാഹനിശ്ചയം വേണ്ടെന്നുവച്ച വരന്റെ കുടുംബത്തിന്റെ തീരുമാനം ശരിയായിരുന്നു. അവളുടെ പ്രതീക്ഷകൾ അമിതാവകാശം പോലെയാണ് തോന്നുന്നത്. ജോലിയുടെ സ്ഥിതി ആദ്യമേ വെളിപ്പെടുത്തിയില്ല എന്നതാണ് ഇതിലെ പ്രധാന വഴിത്തിരിവ്,” സ്വന്തം കാഴ്ചപ്പാട് പങ്കുവച്ച മൂന്നാമത്തെ ഉപയോക്താവ് കുറിച്ചു.
