Last Updated:
നസ്റിയക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം ഏറെക്കാലമായുണ്ടായിരുന്നുവെന്നും ഒടുവിൽ അത് സാധ്യമായതിൽ സന്തോഷമുണ്ടെന്നും സൂര്യ പറഞ്ഞു
സൂര്യയും നസ്റിയയും ഒന്നിക്കുന്ന പുതിയ തമിഴ് ചിത്രമാണ് ‘സീൻ’. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ പുരോഗമിക്കുന്നതിനിടെ നസ്റിയയെ കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുന്നത്. സീൻ എന്ന ചിത്രത്തിന് മുമ്പ് മൂന്ന് സിനിമകളിൽ തന്റെ നായികയായി അഭിനയിക്കാൻ നസ്രിയയെ ക്ഷണിച്ചിട്ടുണ്ടെന്നും എന്നാൽ നസ്റിയ നിരസിച്ചുവെന്നും സൂര്യ പറഞ്ഞു.
നസ്റിയക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം ഏറെക്കാലമായുണ്ടായിരുന്നുവെന്നും ഒടുവിൽ അത് സാധ്യമായതിൽ സന്തോഷമുണ്ടെന്നും സൂര്യ പറഞ്ഞു. ആത്മവിശ്വാസം, വ്യക്തമായ നിലപാടുകൾ, അഭിനയത്തോടുള്ള സമീപനം എന്നിവയിൽ നസ്രിയയെ ഏറെ ബഹുമാനിക്കുന്നതായും താരം പറഞ്ഞു.
ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സീൻ’ (Scene)ന്റെ ഹൈദരാബാദിലെ പ്രമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സൂര്യ. 12 വർഷത്തെ ഇടവേളയ്ക്കുശേഷം നസ്റിയ തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
‘നസ്രിയയ്ക്കൊപ്പം അഭിനയിക്കാൻ എനിക്ക് എപ്പോഴും ആഗ്രഹമുണ്ടായിരുന്നു. നേരത്തെ എന്റെ മൂന്ന് സിനിമകളിലേക്ക് അവരെ ക്ഷണിച്ചിരുന്നു. എന്നാൽ മൂന്ന് അവസരങ്ങളും അവർ നിരസിച്ചു. നാലാമത്തെ ശ്രമത്തിലാണ് സമ്മതിച്ചത്. കഴിഞ്ഞ 12 വർഷമായി എല്ലാ സംവിധായകന്മാരോടും നടന്മാരോടും അവർ ഇത് തന്നെയാണ് ചെയ്യുന്നത്’ – സൂര്യ പറഞ്ഞു.
കഴിഞ്ഞ 12 വർഷത്തിനിടെ നിരവധി തമിഴ് സിനിമകളിൽ അഭിനയിക്കാനുള്ള അവസരങ്ങൾ നസ്റിയ നിരസിച്ചിട്ടുണ്ട്. എന്നാൽ കരിയറിനെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള നസ്റിയയുടെ തീരുമാനങ്ങളെ താൻ ഏറെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചും അണിയറപ്രവർത്തകർക്കൊപ്പമുള്ള അനുഭവങ്ങളെക്കുറിച്ചും സൂര്യ സംസാരിച്ചു. കോമഡിയുടെ പശ്ചാത്തലത്തിലുള്ള മർഡർ മിസ്റ്ററി ത്രില്ലറാണ് ‘സീൻ’. നിരവധി പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നും സൂര്യ പറഞ്ഞു.
സൂര്യയും നസ്രിയയും ഒന്നിക്കുന്ന ചിത്രം നവംബർ അഞ്ചിന് തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
