എന്നാൽ, പ്രദർശനത്തിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ആവശ്യമായ അനുമതികൾ നേടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
‘മിഡ്-ഡേ’ റിപ്പോർട്ട് അനുസരിച്ച്, ചിത്രത്തിന്റെ ആഗോള റിലീസ് ദിനമായ നവംബർ അഞ്ചിന് രാഷ്ട്രപതി ഭവനിൽ പ്രത്യേക പ്രദർശനം സംഘടിപ്പിക്കാനാണ് അണിയറപ്രവർത്തകരുടെ ആലോചന. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ മുതൽമുടക്കുള്ള പദ്ധതികളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ഉന്നതതല പരിപാടിയും സംഘടിപ്പിക്കാനാണ് നീക്കം.
സംവിധായകൻ നിതേഷ് തിവാരിക്കൊപ്പം പ്രധാന താരങ്ങളായ രൺബീർ കപൂർ, യാഷ്, സായ് പല്ലവി എന്നിവരും പ്രദർശനത്തിൽ പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, പ്രദർശനത്തിന്റെ തീയതി, അതിഥികൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.
രാഷ്ട്രപതി ഭവനിലെ പ്രത്യേക പ്രദർശനത്തിനു പുറമേ, മുംബൈയിലും ഡൽഹിയിലും പ്രീമിയർ ഷോകൾ സംഘടിപ്പിക്കാനും അണിയറപ്രവർത്തകർ പദ്ധതിയിടുന്നതായാണ് വിവരം. മുംബൈയിലെ പ്രീമിയർ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ (എൻഎംഎസിസി) നടത്താനാണ് ആലോചന. ഇക്കാര്യങ്ങളിലും ഔദ്യോഗിക സ്ഥിരീകരണം കാത്തിരിക്കുകയാണ്.
രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ശ്രീരാമനായി രൺബീർ കപൂറും രാവണനായി യാഷും എത്തുന്നു. സീതയായി സായ് പല്ലവിയും ലക്ഷ്മണനായി രവി ദുബെയും ഹനുമാനായി സണ്ണി ഡിയോളും വേഷമിടുന്നു.
രകുൽ പ്രീത് സിങ്, ലാറ ദത്ത, വിവേക് ഒബ്റോയ്, ഷീബ ഛദ്ദ, അരുൺ ഗോവിൽ, ഇന്ദിര കൃഷ്ണൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതോടെ സിനിമയെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വർധിച്ചിട്ടുണ്ട്. ഇന്ത്യൻ ഇതിഹാസമായ രാമായണത്തെ വൻതോതിലുള്ള ദൃശ്യവിസ്മയമായി ബിഗ് സ്ക്രീനിലെത്തിക്കാനൊരുങ്ങുന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.
Summary : A special screening of Nitesh Tiwari’s Ramayana: Part 1 is reportedly being planned at Rashtrapati Bhavan. The development comes ahead of the film’s worldwide theatrical release on November 5, with the makers reportedly considering a special screening for political leaders at Rashtrapati Bhavan in New Delhi. The film stars Ranbir Kapoor and Yash in lead roles