Headlines

27 വർഷം മുൻപ് ലോസ് ഏഞ്ചലസിൽ വച്ചുള്ള വിവാഹം; ചിത്രങ്ങളുമായി മാധുരി ദീക്ഷിതിന്റെ ഭർത്താവ് | Buzz News


Last Updated:

’27 വർഷം മുമ്പ് ഇതേ ദിവസം ബെവർലി ഹിൽസ് കോടതിമുറിയിൽവച്ച് ഞങ്ങൾ വിവാഹിതരായി. അങ്ങനെ ജീവിതത്തിലെ വലിയൊരു സാഹസികയാത്രയ്ക്ക് തുടക്കമിട്ടു’

മാധുരി ദീക്ഷിത്, ശ്രീറാം നെനെ
മാധുരി ദീക്ഷിത്, ശ്രീറാം നെനെ

ബോളിവുഡ് നടി മാധുരി ദീക്ഷിതും ഭർത്താവും ഹൃദയശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ. ശ്രീറാം നെനെയും വിവാഹജീവിതത്തിന്റെ 27-ാം വാർഷികം ആഘോഷിച്ചു. കാലിഫോർണിയയിലെ ബെവർലി ഹിൽസ് കോടതിമുറിയിൽ നടന്ന വിവാഹച്ചടങ്ങിൽനിന്നുള്ള ഇതുവരെ കാണാത്ത ചിത്രങ്ങളാണ് ശ്രീറാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഇരുവരുടെയും ദാമ്പത്യജീവിതത്തിന്റെ തുടക്കകാലത്തെ മധുരനിമിഷങ്ങളിലേക്കുള്ള ഓർമപ്പെടുത്തലായി ഈ ചിത്രങ്ങൾ.

വിവാഹവാർഷികത്തോടനുബന്ധിച്ച് പങ്കുവച്ച ചിത്രങ്ങളിൽ മോതിരം കൈമാറുന്ന ദമ്പതികളെയും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ആഘോഷവേള പങ്കിടുന്നതിന്റെയും ദൃശ്യങ്ങളുണ്ട്.

ചിത്രങ്ങൾക്കൊപ്പം ശ്രീറാം കുറിച്ചത് ഇങ്ങനെ:

“27 വർഷം മുമ്പ് ഇതേ ദിവസം ബെവർലി ഹിൽസ് കോടതിമുറിയിൽവച്ച് ഞങ്ങൾ വിവാഹിതരായി. അങ്ങനെ ജീവിതത്തിലെ വലിയൊരു സാഹസികയാത്രയ്ക്ക് തുടക്കമിട്ടു. ജീവിതം ഞങ്ങളെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് അന്ന് അറിയില്ലായിരുന്നു. എന്നാൽ, ആ യാത്ര ഒരുമിച്ച് നടത്തണമെന്ന കാര്യത്തിൽ ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. ഇന്ന്, രണ്ട് ആൺമക്കൾ, എണ്ണമറ്റ ഓർമകൾ, ഏതാനും വെല്ലുവിളികൾ, ഒരുപാട് ചിരികൾ, ജീവിതകാലം മുഴുവൻ നിറയുന്ന സ്നേഹം… ഇതെല്ലാം പിന്നിട്ടിട്ടും ഞാൻ വീണ്ടും നിങ്ങളെത്തന്നെ തിരഞ്ഞെടുക്കും.”

“ഞങ്ങൾ ഒരുമിച്ച് പിന്നിട്ട മനോഹരമായ യാത്രയ്ക്കും വരാനിരിക്കുന്ന പുതിയ അധ്യായങ്ങൾക്കും വേണ്ടി. എന്റെ പ്രിയപ്പെട്ടവൾക്ക് 27-ാം വിവാഹവാർഷികാശംസകൾ. അനന്തതയിലേക്കും അതിനപ്പുറത്തേക്കും, ഒരുമിച്ച്,” എന്നും അദ്ദേഹം കുറിച്ചു.

മോതിരം കൈമാറുന്ന മാധുരി; വിവാഹത്തിലെ അപൂർവ നിമിഷങ്ങൾ

വിവാഹച്ചടങ്ങിലെ സ്വകാര്യവും ഹൃദ്യവുമായ നിമിഷങ്ങളാണ് ചിത്രങ്ങളിൽ പകർത്തിയിരിക്കുന്നത്. ഐവറി നിറത്തിലുള്ള വസ്ത്രം ധരിച്ച് പുഞ്ചിരിക്കുന്ന മാധുരിയുടെ വിരലിൽ ശ്രീറാം മോതിരം അണിയിക്കുന്നതാണ് ഒരു ചിത്രത്തിലുള്ളത്. ഇരുണ്ട നിറത്തിലുള്ള സ്യൂട്ടും ഡിസൈനുള്ള ടൈയും ധരിച്ചാണ് ശ്രീറാം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

മറ്റൊരു ചിത്രത്തിൽ ആഘോഷവിരുന്നിനിടെ ഇരുവരും ഒന്നിച്ചുനിൽക്കുന്നതു കാണാം. മേശപ്പുറത്ത് ഷാംപെയ്ൻ കുപ്പിയുമുണ്ട്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം പുതിയ ജീവിതത്തിന്റെ തുടക്കത്തിനായി പാനപാത്രങ്ങൾ ഉയർത്തി ആഘോഷിക്കുന്ന ദൃശ്യവും ചിത്രശേഖരത്തിലുണ്ട്.

കരിയറിന്റെ ഉന്നതിയിൽ വിവാഹം; അമേരിക്കയിൽ പുതിയ ജീവിതം

ബോളിവുഡ് കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് മാധുരി ദീക്ഷിത് ശ്രീറാം നെനെയെ വിവാഹം കഴിച്ച് അമേരിക്കയിൽ കുടുംബജീവിതത്തിന് തുടക്കമിട്ടത്. 1999 ഒക്ടോബർ 17-നായിരുന്നു വിവാഹം. അന്ന് മാധുരിക്ക് 32 വയസ്സായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 1967 മേയ് 15-ന് ജനിച്ച മാധുരി അക്കാലത്ത് ഹിന്ദി സിനിമയിലെ ഏറ്റവും ജനപ്രിയ താരങ്ങളിലൊരാളായിരുന്നു. കാലിഫോർണിയയിൽ നടന്ന വിവാഹം പൊതുശ്രദ്ധയിൽനിന്ന് അകറ്റിനിർത്തിയാണ് ഇരുവരും നടത്തിയത്.

അമേരിക്കയിൽ വളർന്ന ഹൃദയശസ്ത്രക്രിയാ വിദഗ്ധനാണ് ശ്രീറാം നെനെ. ബോളിവുഡ് സിനിമാലോകത്തെക്കുറിച്ചും ഇന്ത്യയിൽ മാധുരിക്കുണ്ടായിരുന്ന സൂപ്പർതാരപദവിയെക്കുറിച്ചും തുടക്കത്തിൽ അദ്ദേഹത്തിന് കാര്യമായ അറിവുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിവാഹജീവിതത്തിന്റെ 27 വർഷങ്ങൾ പിന്നിടുമ്പോഴും പരസ്പരസ്നേഹവും ഒരുമിച്ചുള്ള ഓർമകളും പങ്കുവയ്ക്കുന്ന ദമ്പതികളുടെ ചിത്രങ്ങൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *