Last Updated:
സെപ്റ്റംബർ 22 ന് ഗുജറാത്തിലെ ഏക്താ നഗറിൽ വെച്ച് നടക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും
ഇന്ത്യൻ സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2024ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരത്തിന് മുതിർന്ന നടൻ അനന്ത് നാഗ് അർഹനായി. ബുധനാഴ്ച പ്രസ് ഇൻഫർമേഷൻ ബ്യൂറോയാണ് പ്രഖ്യാപനം നടത്തിയത്.
“ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകളെയും തലമുറകളെ പ്രചോദിപ്പിച്ച അദ്ദേഹത്തിന്റെ ചലച്ചിത്ര യാത്രയെയും മാനിച്ച്, ദാദാസാഹേബ് ഫാൽക്കെ അവാർഡ് നിർണയ സമിതിയുടെ ശുപാർശപ്രകാരം, 2024 ലെ ഈ പുരസ്കാരം അനന്ത് നാഗിന് സമ്മാനിക്കുന്നതിൽ ഇന്ത്യ സർക്കാർ സന്തോഷിക്കുന്നു,” പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഇന്ത്യ എക്സിൽ കുറിച്ചു. സെപ്റ്റംബർ 22 ന് ഗുജറാത്തിലെ ഏക്താ നഗറിൽ വെച്ച് നടക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.
“ദാദാസാഹേബ് ഫാൽക്കെ അവാർഡിന് അർഹനായ പ്രശസ്തനായ അനന്ത് നാഗ്ജിക്ക് അഭിനന്ദനങ്ങൾ. ദശാബ്ദങ്ങളായി അദ്ദേഹത്തിന്റെ ലളിതമായ അഭിനയവും ശ്രദ്ധേയമായ വൈവിധ്യവും ഇന്ത്യൻ സിനിമയിലും, പ്രത്യേകിച്ച് കന്നഡ സിനിമയിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. താൻ ചെയ്ത ഓരോ വേഷത്തിനും അദ്ദേഹം അപൂർവമായ ആഴവും ആധികാരികതയും നൽകി. യഥാർത്ഥത്തിൽ ഒരു വിശിഷ്ട കലാകാരന് അർഹമായ അംഗീകാരമാണിത്.” – പ്രധാനമന്ത്രി നരേന്ദ്ര മോദി അനന്ത് നാഗിനെ അഭിനന്ദിച്ചുകൊണ്ട് എക്സിൽ കുറിച്ചു.
1948 സെപ്റ്റംബർ 4ന് അനന്ത് നാഗർക്കട്ടെ എന്ന പേരിൽ ജനിച്ച അനന്ത് നാഗ്, കന്നഡ സിനിമയിലെ ഏറ്റവും ആദരണീയരായ വ്യക്തികളിൽ ഒരാളാണ്. തന്റെ കരിയറിൽ 250-ലധികം കന്നഡ സിനിമകൾ ഉൾപ്പെടെ 300-ഓളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കന്നഡയ്ക്ക് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ സ്വാതി തിരുനാൾ സിനിമയിലാണ് അദ്ദേഹം അഭിനയിച്ചത്.
സിനിമകൾക്ക് പുറമെ ടെലിവിഷൻ പരമ്പരകളിലൂടെയും അനന്ത് നാഗ് ശ്രദ്ധേയനാണ്. പ്രശസ്ത എഴുത്തുകാരൻ ആർ കെ നാരായണിന്റെ കഥകളെ അടിസ്ഥാനമാക്കി ദൂരദർശനിൽ സംപ്രേഷണം ചെയ്ത ജനപ്രിയ പരമ്പരയായ ‘മാൽഗുഡി ഡേയ്സിൽ’ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
തന്റെ അഭിനയ ജീവിതത്തിൽ അഞ്ച് തവണ കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. 2025-ൽ ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൻ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന ബഹുമതിയായി കണക്കാക്കപ്പെടുന്ന ദാദാസാഹേബ് ഫാൽക്കെ അവാർഡ്, ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്കും വികസനത്തിനും മികച്ച സംഭാവനകൾ നൽകുന്ന വ്യക്തികൾക്കാണ് നൽകി വരുന്നത്.
ജനതാദൾ നേതാവായിരുന്ന അനന്ത് നാഗ് കർണാടകയിൽ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Summary: Veteran actor Anant Nag has been named the recipient of the prestigious Dadasaheb Phalke Award 2024 for his outstanding contribution to Indian cinema.
