Headlines

ബെംഗളൂരു നഗരത്തിലെ ഇരുചക്ര വാഹന യാത്രക്കാർക്ക് ആശ്വാസം; ഈ പ്രധാന റോഡുകളിൽ പ്രവേശിക്കാം | Relief For Two Wheeler Riders In Bengaluru Access Allowed On These Major Roads


India

oi-Nidhin Illikkambath

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ഇലക്ട്രോണിക്‌സ് സിറ്റി എലിവേറ്റഡ് കോറിഡോർ എന്നിവിടങ്ങളിലെ ഇരുചക്ര വാഹനങ്ങളുടെ ഗതാഗതം നിരോധിക്കാനുള്ള തീരുമാനം താൽക്കാലികമായി നീട്ടി. സഞ്ജീവ്നഗർ ക്രോസിനും വിദ്യാശിൽപ് ജങ്ഷനും ഇടയിലുള്ള എയർപോർട്ട് റോഡ് എലിവേറ്റഡ് കോറിഡോറിൽ ചരക്ക് വാഹനങ്ങൾ, ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷകൾ എന്നിവ പ്രവേശന പോയിന്റുകളിൽ സർവീസ് റോഡിലേക്ക് തിരിച്ചുവിട്ടതിനെ തുടർന്ന് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതായി ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ അറിയിച്ചിരുന്നു.

‘തീരുമാനം നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമായി എയർപോർട്ട് റോഡ് എലിവേറ്റഡ് കോറിഡോറിലെ ചരക്ക് വാഹനങ്ങൾക്കുള്ള നിയന്ത്രണം തുടരും. എന്നാൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും നിലവിൽ എലിവേറ്റഡ് കോറിഡോറിലൂടെ യാത്ര ചെയ്യാൻ അനുമതി തുടരും. സെപ്റ്റംബർ 11 മുതൽ ഇലക്ട്രോണിക്‌സ് സിറ്റി എലിവേറ്റഡ് കോറിഡോറിലും സമാനമായ ഘട്ടംഘട്ടമായ സമീപനം സ്വീകരിക്കും’ എന്ന് അദ്ദേഹം പറഞ്ഞു.

bengaluru

അഞ്ച് എലിവേറ്റഡ് കോറിഡോറുകളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നേരത്തെ തീരുമാനിച്ചിരുന്നത്. ഇതിൽ നാലിടത്ത് ബെംഗളൂരു ട്രാഫിക് പോലീസ് ഇതിനകം നിയന്ത്രണങ്ങൾ നടപ്പാക്കുകയും പ്രാഥമിക ഫീൽഡ് പരിശോധനകൾ നടത്തുകയും ചെയ്‌തിട്ടുണ്ട്. ബിജിഎസ് ഫ്ലൈഓവർ, പീനിയ ഫ്ലൈഓവർ, ഡബിൾ ഡെക്കർ ഫ്ലൈഓവർ എന്നിവിടങ്ങളിൽ ഗതാഗതം സുഗമമായി നീങ്ങുന്നതായി കണ്ടെത്തിയെന്ന് മന്ത്രി പറഞ്ഞു.

അറിയിച്ചിട്ടുള്ള ശേഷിക്കുന്ന നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന് മുമ്പ് നിലവിലെ നിയന്ത്രണങ്ങളുടെ ആഘാതം തുടർച്ചയായി വിലയിരുത്തുമെന്നും മന്ത്രി ഖാർഗെ വ്യക്തമാക്കി. ഗതാഗതത്തിന്റെ ഒഴുക്ക്, റോഡ് സുരക്ഷാ സാഹചര്യം, പ്രവേശന പോയിന്റുകളിൽ നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കാനുള്ള സാധ്യത, എലിവേറ്റഡ് കോറിഡോറിന് താഴെയും സമീപത്തുമായി പോകുന്ന റോഡുകളിലുണ്ടാകുന്ന ആഘാതം തുടങ്ങിയ കാര്യങ്ങൾ അധികൃതർ പരിഗണിക്കും.

‘വെറും ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ബെംഗളൂരുവിലെ ഗതാഗത സംവിധാനത്തിൽ മാറ്റങ്ങൾ നടപ്പാക്കുക എന്നതല്ല ഞങ്ങളുടെ ലക്ഷ്യം. പ്രാദേശിക ഗതാഗത സാഹചര്യങ്ങളിൽ യഥാർഥത്തിൽ ഉണ്ടാകുന്ന മാറ്റം വിലയിരുത്തുകയും പൊതുജനങ്ങൾക്ക് ഏറ്റവും കുറഞ്ഞ ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിൽ ഘട്ടംഘട്ടമായി നിയന്ത്രണങ്ങൾ നടപ്പാക്കുകയുമാണ് ലക്ഷ്യം’ അദ്ദേഹം പറഞ്ഞു.

അതേസമയം, അഞ്ച് പ്രധാന ഫ്ലൈഓവറുകളിലും എലിവേറ്റഡ് കോറിഡോറുകളിലും നിർദ്ദിഷ്‌ട നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഇതിനകം തിരക്കേറിയ റോഡുകളിൽ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാക്കാൻ സാധ്യതയുണ്ടെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ബെംഗളൂരു റൂറൽ എംപി ഡോ. സിഎൻ മഞ്ജുനാഥ് പറഞ്ഞു.

ബെംഗളൂരുവിൽ ഏകദേശം 80 ലക്ഷം ഇരുചക്ര വാഹനങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മഞ്ജുനാഥ്, നഗരത്തിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള ഓരോ 10 വാഹനങ്ങളിലും ഏകദേശം ഏഴെണ്ണവും ഇരുചക്ര വാഹനങ്ങളാണെന്നും പറഞ്ഞു. ഇത്രയും വലിയ തോതിലുള്ള ഗതാഗതം എലിവേറ്റഡ് കോറിഡോറുകളിൽ നിന്ന് പ്രധാന റോഡുകളിലേക്കും സർവീസ് റോഡുകളിലേക്കും തിരിച്ചുവിടുന്നത് നിലവിലുള്ള റോഡ് ശൃംഖലയിൽ അധിക സമ്മർദം സൃഷ്‌ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യാത്രക്കാരുടെ താൽപര്യം കണക്കിലെടുത്ത് സർക്കാർ ഈ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കുകയും കൂടുതൽ പ്രായോഗികവും കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതുമായ സമീപനം സ്വീകരിക്കുകയും വേണമെന്നും മഞ്ജുനാഥ് പറഞ്ഞു. ബെംഗളൂരുവിന് കൂടുതൽ സുരക്ഷിതമായ റോഡുകൾ ആവശ്യമാണെന്നും അതോടൊപ്പം കൂടുതൽ കാര്യക്ഷമവും ബുദ്ധിപരവുമായ ഗതാഗത നിയന്ത്രണ സംവിധാനവും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Source link

Leave a Reply

Your email address will not be published. Required fields are marked *