India
oi-Nidhin Illikkambath
ചെന്നൈ: വിജയ് നേതൃത്വം നൽകുന്ന ഭരണകക്ഷി മുന്നണിക്ക് ഒടുവിൽ ഔദ്യോഗിക പേര് ലഭിച്ചു. ‘സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’ എന്നാണ് സഖ്യത്തിന് നൽകിയിരിക്കുന്ന പേര്. ടിവികെ അധ്യക്ഷൻ വിജയ്, വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ) അധ്യക്ഷൻ തോൽ തിരുമാവളവൻ, മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ) അധ്യക്ഷൻ വൈകോ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐയുഎംഎൽ) നേതാക്കൾ എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ദൃശ്യങ്ങളും സഖ്യത്തിന്റെ പേരിനൊപ്പം പുറത്തുവിട്ടിട്ടുണ്ട്.
പുതിയ സഖ്യത്തിന്റെ പേരിൽ ‘വിക്ടറി’ എന്ന വാക്ക് ഉൾപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്. ഹിന്ദിയിൽ ‘വിക്ടറി’ എന്നത് ‘വിജയ്’ എന്ന അർഥം നൽകുന്നതിനൊപ്പം, തമിഴ്നാട് മുഖ്യമന്ത്രിയുടെ പേരിനോടും ഈ പേര് സാമ്യം പുലർത്തുന്നുണ്ട്. ബുധനാഴ്ച ചെന്നൈയിലെ ടിവികെ ആസ്ഥാനത്ത് കോൺഗ്രസ്, വിസികെ, എംഡിഎംകെ, ഐയുഎംഎൽ നേതാക്കൾ പങ്കെടുത്ത യോഗത്തിന് ശേഷമാണ് സഖ്യത്തിന് പേര് നൽകാനുള്ള തീരുമാനം ഉണ്ടായത്.

പനയൂരിൽ നടന്ന യോഗത്തിൽ തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ബി മാണിക്കം ടാഗോർ, കോൺഗ്രസ് രാജ്യസഭാംഗം പ്രവീൺ ചക്രവർത്തി, നിയമസഭയിലെ കോൺഗ്രസ് കക്ഷി നേതാവ് തരഹൈ കത്ബർട്ട് എന്നിവർ പങ്കെടുത്തു. എംഡിഎംകെ നേതാക്കളായ വൈകോയും മകൻ ദുരൈയും, വിസികെ അധ്യക്ഷൻ തോൽ തിരുമാവളവനും, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാക്കളായ കെഎം കാദർ മൊഹിദീൻ, എഎം ഷാജഹാൻ, സയ്യിദ് ഫാറൂഖ് ബാഷ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
മെയിൽ തിരഞ്ഞെടുപ്പിന് ശേഷം സഖ്യകക്ഷികൾ ചേർന്ന് തമിഴ്നാട് സർക്കാർ രൂപീകരിച്ചതിന് ശേഷമുള്ള രണ്ടാമത്തെ പ്രധാന യോഗത്തിലാണ് പുതിയ പേര് സംബന്ധിച്ച തീരുമാനം ഉണ്ടായത്. സഖ്യത്തിന്റെ ഘടന ഔദ്യോഗികമായി രൂപപ്പെടുത്തുന്നതിനാണ് യോഗത്തിൽ പ്രധാനമായും ചർച്ച നടന്നത്. സഖ്യത്തിനായി പൊതു മിനിമം പരിപാടി തയ്യാറാക്കുക, സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കുക, കൺവീനറെ നിശ്ചയിക്കുക, മുന്നണിക്ക് ഔദ്യോഗിക പേര് അന്തിമമാക്കുക തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ ചർച്ചയായി.
അതേസമയം, ഇടതുപക്ഷ പാർട്ടികളുടെ നേതാക്കൾ യോഗത്തിൽ നിന്ന് വിട്ടുനിന്നത് ശ്രദ്ധേയമായി. സർക്കാരിനെ പിന്തുണയ്ക്കുന്ന സിപിഐഎമ്മും സിപിഐയും പനയൂരിലെ ടിവികെ ആസ്ഥാനത്ത് നടന്ന യോഗത്തിൽ പങ്കെടുത്തില്ല. തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യകക്ഷികളുടെ യോഗത്തിൽ ഇടതുപക്ഷ പാർട്ടികൾ പങ്കെടുക്കാതിരിക്കുന്നത് ഇത് രണ്ടാം തവണയാണ്.
ഇതിന്റെ കാരണം വിശദീകരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി പി ഷൺമുഖം ചൊവ്വാഴ്ച പറഞ്ഞത്, ഇടതുപക്ഷ പാർട്ടികൾ സർക്കാരിന് ബാഹ്യ പിന്തുണ മാത്രമാണ് നൽകുന്നതെന്നും ഈ പിന്തുണ വിഷയാധിഷ്ഠിതമായിരിക്കുമെന്നും ആയിരുന്നു. തമിഴ്നാട്ടിലെ രാഷ്ട്രീയ സ്ഥിരത നിലനിർത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
വിജയ് അധ്യക്ഷനായ യോഗത്തിൽ സഖ്യത്തിന്റെ പ്രവർത്തന ഘടനയ്ക്ക് അന്തിമരൂപം നൽകുന്നതാണ് പ്രധാനമായും ചർച്ച ചെയ്തത്. എന്നാൽ കോൺഗ്രസ് കൂടി പങ്കെടുത്ത യോഗം നിർണായകമായ ഒന്നായി കണക്കാക്കുന്നു. പ്രത്യേകിച്ച് പ്രധാനമന്ത്രി പദത്തെ ചൊല്ലി ടിവികെ-കോൺഗ്രസ് ഭിന്നത ഉടലെടുത്ത വേളയിൽ ഇരുകൂട്ടരും ഒരുമിച്ച് നിൽക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.