India
oi-Sajitha Gopie
ന്യൂ ഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിന്റെ വേദി രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് മാറുന്നു. 72ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ ഇത്തവണ വിതരണം ചെയ്യുക പതിവ് പോലെ ഡല്‍ഹിയില്‍ വെച്ച് ആയിരിക്കില്ല, മറിച്ച് ഗുജറാത്ത് ആയിരിക്കും വേദി. ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റി സ്ഥിതി ചെയ്യുന്ന ഏകതാ നഗറില്‍ വെച്ച് ദേശീയ ചലച്ചിത്ര പുരസ്ക്കാര വിതരണം നടത്താനാണ് തീരുമാനം.
ഈ മാസം അവസാനം രാഷ്ട്രപതി ദ്രൗപതി മുര്‍മു ഗുജറാത്തില്‍ എത്തുമ്പോഴായിരിക്കും പുരസ്ക്കാര വിതരണം നടക്കുക. വര്‍ഷങ്ങളായി ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ വെച്ചാണ് രാഷ്ട്രപതി പുരസ്ക്കാരങ്ങള്‍ വിജയികള്‍ക്ക് സമ്മാനിച്ചിരുന്നത്. ഇത്തവണ വേദി മാറ്റത്തിന് കാരണമെന്തെന്നത് വ്യക്തമല്ല.

ഇക്കഴിഞ്ഞ ജൂലൈയിലാണ് 2024ല്‍ പുറത്തിറങ്ങിയ സിനിമകള്‍ക്കുളള ദേശീയ പുരസ്ക്കാരങ്ങള്‍ ദേശീയ ചലച്ചിത്ര പുരസ്ക്കാര ജൂറി പ്രഖ്യാപിച്ചത്. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും ബോളിവുഡ് താരം കാര്‍ത്തിക് ആര്യനുമാണ് മികച്ച നടനുളള പുരസ്സ്ക്കാരം പങ്കിട്ടത്. മമ്മൂട്ടിക്ക് ഭ്രമയുഗത്തിലെ പ്രകടനമാണ് നാലാം വട്ടം ദേശീയ പുരസ്സ്ക്കാരം നേടിക്കൊടുത്തത്. ചന്തു ചാമ്പ്യനിലെ അഭിനയത്തിനാണ് കാര്‍ത്തിക് ആര്യന് കന്നി ദേശീയ പുരസ്ക്കാരം.
ആര്‍ട്ടിക്കിള്‍ 370 ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ ചിത്രത്തിലെ പ്രകടനത്തിന് യാമി ഗൗതം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഛായാഗ്രഹണത്തിന് ഷെഹ്നാദ് ജലാല്‍, മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മി, മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ എന്നിവയും ഇത്തവണത്തെ ദേശീയ പുരസ്ക്കാരങ്ങളില്‍ മലയാളത്തിന്റെ സാന്നിധ്യമായിരുന്നു.