Headlines

‘യുഎസ് നാവികസേന ആക്രമിക്കപ്പെട്ടാൽ ഇറാൻ എണ്ണ ടാങ്കറുകൾ മുക്കും’; മുന്നറിയിപ്പുമായി പീറ്റർ ഹെഗ്സെത്ത് | Peter Hegseth Issues Warning, If The US Navy Is Attacked Irans Oil Tankers Will Be Sunk


International

oi-Nidhin Illikkambath

വാഷിങ്ടൺ: യുഎസ് നാവികസേനയുടെ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയാൽ അവരുടെ എണ്ണക്കപ്പലുകൾ നശിപ്പിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മുന്നറിയിപ്പ് നൽകി. അവർ ചെയ്യേണ്ടത് യുഎസ് നാവികസേനയ്ക്ക് നേരെ വെടിയുതിർക്കാതിരിക്കുക മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വാഷിങ്ടണും ടെഹ്റാനും തമ്മിലുള്ള സംഘർഷം മേഖലയിൽ കൂടുതൽ രൂക്ഷമായി.

അതിനിടെ, യുഎസ് വിമാനവാഹിനിക്കപ്പലിനും ഒരു ഡിസ്ട്രോയറിനും നേരെ ബാലിസ്‌റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അവകാശപ്പെട്ടു. എന്നാൽ ഇക്കാര്യം യുഎസ് സ്ഥിരീകരിച്ചിട്ടില്ല. യുഎസ് സെൻട്രൽ കമാൻഡ് മേധാവി അഡ്‌മിറൽ ബ്രാഡ് കൂപ്പറിന്റെ പരാമർശം ഉദ്ധരിച്ചുകൊണ്ടാണ് ഹെഗ്സെത്ത് എക്‌സിൽ മുന്നറിയിപ്പ് നൽകിയത്.

iran

അമേരിക്കൻ കപ്പലുകളെ ആക്രമിച്ചാൽ ഇറാൻ നേരിടേണ്ടിവരുന്ന സാമ്പത്തിക നഷ്‌ടം കൂടുതൽ വലുതായിരിക്കുമെന്ന് കൂപ്പർ മുന്നറിയിപ്പ് നൽകിയിരുന്നു. കാര്യങ്ങൾ വളരെ ലളിതമാണ്: ഇറാൻ യുഎസ് കപ്പലുകൾക്ക് നേരെ വെടിയുതിർക്കുകയാണെങ്കിൽ, ഞങ്ങൾ അവരുടെ എണ്ണക്കപ്പലുകൾ തകർത്തും മുക്കിയും നശിപ്പിക്കും. അവർ ചെയ്യേണ്ടത് യുഎസ് നാവികസേനയ്ക്ക് നേരെ വെടിയുതിർക്കാതിരിക്കുക മാത്രമാണ്; ഹെഗ്സെത്ത് പറഞ്ഞു.

രണ്ട് യുഎസ് കപ്പലുകൾക്ക് നേരെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് ആക്രമണം നടത്തിയാൽ അമേരിക്കൻ സേന മൂന്ന് ഇറാനിയൻ കപ്പലുകൾ നശിപ്പിച്ച് തിരിച്ചടിക്കുമെന്ന് കൂപ്പറും പ്രത്യേകം മുന്നറിയിപ്പ് നൽകി. അമേരിക്കൻ സേനയെ സംരക്ഷിക്കുന്നതിൽ യുഎസ് യാതൊരു മടിയും കാണിക്കില്ലെന്നും ആവശ്യമെങ്കിൽ ഇറാന്റെ പരിമിതവും എളുപ്പത്തിൽ ആക്രമിക്കപ്പെടാവുന്നതുമായ എണ്ണക്കപ്പൽ ശൃംഖല തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്‌ച മൂന്ന് ഇറാനിയൻ എണ്ണക്കപ്പലുകൾക്ക് നേരെ യുഎസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഈ മുന്നറിയിപ്പുകൾ പുറത്തുവന്നത്. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപമുള്ള ഒരു കപ്പലും ആക്രമിക്കപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്റെ ഐആർജിസി രണ്ട് യുഎസ് നാവികസേനാ കപ്പലുകൾക്ക് നേരെ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതിന് പിന്നാലെയാണ് ആക്രമണം നടത്തിയതെന്ന് സെന്റ്കോം വ്യക്തമാക്കി.

ആക്രമണത്തിൽ അമേരിക്കൻ സൈനികർക്ക് പരിക്കേറ്റിട്ടില്ലെന്നും കമാൻഡ് അറിയിച്ചു. അതേസമയം, പേർഷ്യൻ ഗൾഫിലും ഹോർമുസ് കടലിടുക്കിന് സമീപവും സംശയാസ്‌പദമായ നീക്കങ്ങൾ നടത്തുന്ന കപ്പലുകൾക്കെതിരെ ഇറാന്റെ ഐആർജിസി നാവികസേന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
അനുമതിയില്ലാത്ത പാതകളിലൂടെ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച മൂന്ന് എണ്ണക്കപ്പലുകളെയും മറ്റ് മേഖലകളിലെ മൂന്ന് യുഎസ് കപ്പലുകളെയും ലക്ഷ്യമിട്ടതായി ഇറാൻ സേന അവകാശപ്പെട്ടു.

എന്നാൽ ഇറാന്റെ ഈ അവകാശവാദങ്ങളിൽ യുഎസിന്റെ ഭാഗത്തുനിന്ന് ഉടൻ സ്ഥിരീകരണമുണ്ടായില്ല. യുഎസ് നടത്തിയ ആക്രമണങ്ങൾക്കും ഭീഷണികൾക്കും പിന്നാലെ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കൻ സൈനിക കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ കൂടുതൽ ശക്തമാകാമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

ഇറാനിയൻ കപ്പലുകൾക്കെതിരായ പീഡനവും നാവിക ഉപരോധവും തുടരുകയാണെങ്കിൽ, യുഎസ് സൈനിക കപ്പലുകൾക്കെതിരായ ഇറാന്റെ ആക്രമണങ്ങൾ “മുമ്പത്തേതിനേക്കാൾ കൂടുതൽ ശക്തമായിരിക്കും” എന്നും കൂടുതൽ വ്യാപിക്കാമെന്നും ഇറാന്റെ സൈനിക കമാൻഡ് അറിയിച്ചു.

ഇറാന്റെ എണ്ണ വ്യവസായത്തിന് മേൽ യുഎസ് സമ്മർദം ശക്തമാകുന്നതിനിടെയാണ് പുതിയ സംഘർഷം.
ഓഗസ്‌റ്റ് 31ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച എഐ നിർമിത വീഡിയോയ്ക്കൊപ്പമുള്ള പോസ്‌റ്റിൽ ഖാർഗ് ദ്വീപ് തകർത്ത് തരിപ്പണമാക്കുകയാണെന്ന് പറഞ്ഞിരുന്നു.
ഖാർഗ് ദ്വീപിന് നേരെ ആക്രമണം ഉണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഓർഗനൈസേഷൻ ഓഫ് ദി പെട്രോളിയം എക്സ്പോർട്ടിംഗ് കൺട്രീസ് അംഗരാജ്യങ്ങളിൽ മൂന്നാമത്തെ വലിയ എണ്ണ ഉൽപാദക രാജ്യമാണ് ഇറാൻ. യുദ്ധത്തിന് മുമ്പ് ഇറാൻ ഉൽപാദിപ്പിച്ച അസംസ്‌കൃത എണ്ണയുടെ ഏകദേശം 90 ശതമാനവും ഖാർഗ് ദ്വീപിലൂടെയാണ് കയറ്റുമതി ചെയ്‌തിരുന്നത്. എന്നാൽ ഏപ്രിൽ മധ്യത്തിൽ ആരംഭിച്ച ഇറാനിയൻ എണ്ണ കയറ്റുമതിക്കെതിരായ യുഎസ് ഉപരോധത്തെ തുടർന്ന് എണ്ണ നീക്കം തടസപ്പെട്ടു.

അതുനിടെ സംഘർഷം രൂക്ഷമായതോടെ ആഗോള ഊർജ വിതരണത്തെയും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തെയും കുറിച്ചുള്ള ആശങ്കകളും വർധിച്ചു. മിഡിൽ ഈസ്‌റ്റിലെ സംഘർഷം ശക്തമായതോടെ എണ്ണ വിതരണത്തിൽ കൂടുതൽ തടസങ്ങൾ ഉണ്ടാകുമെന്ന ആശങ്ക ഉയർന്നതിനെ തുടർന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 96.28 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ചു. ജൂലൈ 24ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.



Source link

Leave a Reply

Your email address will not be published. Required fields are marked *