Headlines

ബെംഗളൂരുവിലെ ആദ്യത്തെ റോട്ടറി ഫ്ലൈഓവർ നിർമ്മാണം ബൈയപ്പനഹള്ളിയിൽ തുടങ്ങി; ചിലവ് 436.44 കോടി രൂപ | Construction Of Bengaluru First Rotary Flyover Has Begun At Baiyappanahalli Cost Is 436. 44 Crore


India

oi-Nidhin Illikkambath

ബെംഗളൂരു: ഏറെ നീണ്ടുനിന്ന കാത്തിരിപ്പിനും തടസങ്ങൾക്കും ശേഷം ബെംഗളൂരുവിലെ ആദ്യ എലിവേറ്റഡ് റോട്ടറി ഫ്ലൈഓവറിന്റെ നിർമ്മാണം ബൈയപ്പനഹള്ളിയിലെ തിരക്കേറിയ ഐഒസി ജംഗ്ഷനിൽ ആരംഭിച്ചു. കിഴക്കൻ ബെംഗളൂരുവിലെ പ്രധാന ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 436.44 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.

ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ബി-സ്‌മൈൽ) ഏറ്റെടുത്തിരിക്കുന്ന പദ്ധതിയിൽ ഐഒസി ജംഗ്ഷനിൽ നാല് വരിയുള്ള എലിവേറ്റഡ് റോട്ടറി ഫ്ലൈഓവറും ബൈയപ്പനഹള്ളി റെയിൽവേ ലെവൽ ക്രോസിങ്ങിൽ രണ്ട് വരിയുള്ള റെയിൽവേ ഓവർബ്രിഡ്‌ജും ഉൾപ്പെടുന്നു. ബനസ്വാടി മെയിൻ റോഡിനെയും ഓൾഡ് മദ്രാസ് റോഡിനെയും തമ്മിൽ കൂടുതൽ സുഗമമായി ബന്ധിപ്പിക്കുന്നതിനൊപ്പം, 2022 മുതൽ പ്രവർത്തിക്കുന്ന സർ എം വിശ്വേശ്വരയ്യ ടെർമിനൽ, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം എളുപ്പമാക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

bengaluru

എലിവേറ്റഡ് റോട്ടറി ഫ്ലൈഓവർ നാല് ദിശകളിലേക്കുമുള്ള ഗതാഗതം സുഗമമാക്കും. ജംഗ്ഷന് ചുറ്റുമുള്ള പ്രധാന റോഡുകളുമായി ബന്ധിപ്പിക്കുന്ന റാംപുകളും അപ്രോച്ച് റോഡുകളും ഇതിൽ ഉൾപ്പെടും.
ബൈയപ്പനഹള്ളി റെയിൽവേ സ്‌റ്റേഷന് ചുറ്റുമുള്ള റോഡുകളുടെ നവീകരണവും യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും കൂടുതൽ സൗകര്യമൊരുക്കുന്നതിനായി പെഡസ്ട്രിയൻ അണ്ടർപാസും പദ്ധതിയുടെ ഭാഗമാണ്.

നിർമ്മാണം പൂർത്തിയാക്കാൻ ഏകദേശം രണ്ട് വർഷം വേണ്ടിവരുമെന്നാണ് പ്രതീക്ഷ. ബൈയപ്പനഹള്ളി റെയിൽവേ ക്രോസിങ്ങിലെ നിലവിലുള്ള ലെവൽ ക്രോസിങ്ങിന് പകരം രണ്ട് വരിയുള്ള റെയിൽവേ ഓവർബ്രിഡ്‌ജും നിർമ്മിക്കും. റെയിൽവേ പാളങ്ങൾക്ക് മുകളിലൂടെ കടന്നുപോകുന്ന കോമ്പോസിറ്റ് ഗിർഡർ ഉൾപ്പെടുന്നതായിരിക്കും പുതിയ പാലം. ബൈയപ്പനഹള്ളി സ്‌റ്റേഷൻ റോഡിനെയും ഓൾഡ് മദ്രാസ് റോഡിനെയും റെയിൽവേ മേൽപ്പാലവുമായി ബന്ധിപ്പിക്കുന്ന റാംപുകളും നിർമ്മിക്കും.

പുനർവികസന പദ്ധതിയുടെ ഭാഗമായി ഐഒസി ജംഗ്ഷനിലെ നിലവിലുള്ള ഇടുങ്ങിയ ഫ്ലൈഓവർ പൊളിച്ചുനീക്കുമെന്നാണ് പ്രതീക്ഷ. വരും മാസങ്ങളിൽ പൊളിക്കൽ നടപടികൾ ആരംഭിച്ചേക്കും.
തിരക്കേറിയ സമയങ്ങളിൽ ഐഒസി ജംഗ്ഷനിൽ ഇപ്പോൾ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ബനസ്വാടി, ഇൻഡിരാനഗർ, ഉൽസൂർ, വടക്കൻ ബെംഗളൂരു എന്നിവിടങ്ങൾക്കിടയിലെ ഗതാഗതം പലപ്പോഴും ഇവിടെ മന്ദഗതിയിലാകാറുണ്ട്.

പുതിയ പദ്ധതി യാഥാർഥ്യമാകുന്നതോടെ ഈ മേഖലയിലെ ഗതാഗതം കൂടുതൽ സുഗമമാകുമെന്നാണ് പ്രതീക്ഷ. നിലവിൽ കനത്ത ഗതാഗത കുരുക്കാണ് പലപ്പോഴും മേഖലയിൽ അനുഭവപ്പെടുന്നത്. അതിന് പരിഹാരമായാണ് ഈ പദ്ധതി നിർദേശിച്ചിരുന്നത്. എന്നാൽ ഇത് വൈകിയതോടെ യാത്രക്കാരും പ്രദേശവാസികളും അതൃപ്‌തിയിലായിരുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *