Headlines

ബെംഗളൂരു മെട്രോ പിങ്ക് ലൈന്‍ വരുന്നു… ഉദ്ഘാടനം ഈ മാസം തന്നെ; മെട്രോ റൂട്ട് ഇങ്ങനെ | Bengaluru Metro Pink Line Launch Will Be In This Month, 6 Stations Likely To Open In September, Details Inside


India

oi-Jithin TP

ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈനിലെ 7.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത സെപ്റ്റംബറില്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തേക്കും. കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള അന്തിമ അനുമതിയും ഉദ്ഘാടന തീയതിയും കാത്തിരിക്കുകയാണ് മെട്രോ അധികൃതര്‍. കലേന അഗ്രഹാരയെയും തവാരെകെരെയെയും ബന്ധിപ്പിക്കുന്ന പാത ഉദ്ഘാടനത്തിന് സജ്ജമാണെന്ന് കര്‍ണാടക ഗ്രേറ്റര്‍ ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ അറിയിച്ചു.

ഗൗഡ, ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ, ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ പി.സി. ജാഫര്‍ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ട്രയല്‍ റണ്ണിനിടെ ഈ പാത പരിശോധിച്ചു. പിങ്ക് ലൈനിന്റെ പ്രവര്‍ത്തനസജ്ജമാകുന്ന ആദ്യ ഘട്ടത്തില്‍ ആറ് സ്റ്റേഷനുകള്‍ ഉള്‍പ്പെടും. കലേന അഗ്രഹാരയെ ഹുലിമാവ്, ഐഐഎം-ബി, ജെപി നഗര്‍ നാലാം ഘട്ടം, ജയദേവ ഹോസ്പിറ്റല്‍, തവാരെകെരെ എന്നിവയുമായി ഈ പാത ബന്ധിപ്പിക്കും.

Bengaluru Metro

ജയദേവ ഹോസ്പിറ്റല്‍ സ്റ്റേഷനില്‍ യെല്ലോ ലൈനുമായുള്ള ഇന്റര്‍ചേഞ്ച് സൗകര്യം ഉണ്ടായിരിക്കും. ഇതുവഴി യാത്രക്കാര്‍ക്ക് രണ്ട് മെട്രോ ലൈനുകള്‍ക്കിടയില്‍ മാറി സഞ്ചരിക്കാനാകും. ഈ പാതയില്‍ ഓടേണ്ട ട്രെയിനുകള്‍ക്കുള്ള അനുമതിക്കായി മെട്രോ അധികൃതര്‍ കാത്തിരിക്കുകയാണ്. ആവശ്യത്തിന് ട്രെയിനുകള്‍ ലഭ്യമാണെങ്കിലും അവയുടെ പരിശോധനയും ട്രയല്‍ റണ്ണുകളും ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്ന് ഗൗഡ പറഞ്ഞു.

യാത്രക്കാരെ കയറ്റുന്നതിന് മുന്‍പ് ട്രെയിനുകള്‍ നിര്‍ബന്ധമായും 750 കിലോമീറ്റര്‍ ദൂരം ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ട്രെയിന്‍ ഓപ്പറേറ്റര്‍മാരെയും ഇതിനകം തിരഞ്ഞെടുത്തുകഴിഞ്ഞു. അവരുടെ പരിശീലനം ഈ ആഴ്ചയോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. റെയില്‍വേ ബോര്‍ഡ് ട്രെയിനുകള്‍ക്ക് അനുമതി നല്‍കിയ ശേഷം, കമ്മീഷണര്‍ ഓഫ് മെട്രോ റെയില്‍വേ സേഫ്റ്റി പാത പരിശോധിക്കും.

സെപ്റ്റംബറില്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ഘാടന തീയതി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗൗഡ പറഞ്ഞു. ഈ മാസം അവസാനത്തോടെ പാത ഉദ്ഘാടനം ചെയ്യുന്നതിനായി ബിഎംആര്‍സിഎല്‍ പ്രവര്‍ത്തിച്ചുവരികയാണെന്ന് തേജസ്വി സൂര്യ പറഞ്ഞു. അടുത്ത 15 ദിവസത്തിനുള്ളില്‍ ട്രെയിനുകള്‍ക്കുള്ള അനുമതി ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ശേഷിക്കുന്ന അനുമതികള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥരുമായും കേന്ദ്ര സര്‍ക്കാരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിങ്ക് ലൈനിന് ആകെ 21.25 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടാകും. ഇത് കലേന അഗ്രഹാരയെ നാഗവാരയുമായി ബന്ധിപ്പിക്കുന്നു. ഈ ലൈനില്‍ 18 സ്റ്റേഷനുകളുണ്ടാകും. ഇതില്‍ 7.5 കിലോമീറ്റര്‍ ഉയരത്തിലുള്ള പാതയും 13.76 കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയും ഉള്‍പ്പെടുന്നു. എംജി റോഡ്, പോട്ടറി ടൗണ്‍, ഐഐഎം-ബംഗളൂരു, ജെപി നഗര്‍ നാലാം ഘട്ടം, ഹുലിമാവ് തുടങ്ങിയ പ്രദേശങ്ങളെ പിങ്ക് ലൈന്‍ ബന്ധിപ്പിക്കും.

നിലവില്‍ ബെംഗളൂരുവില്‍ ഏകദേശം 96 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ ശൃംഖലയാണുള്ളത്. പര്‍പ്പിള്‍, ഗ്രീന്‍, യെല്ലോ ലൈനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പിങ്ക് ലൈന്‍ കൂടി പ്രവര്‍ത്തനസജ്ജമാകുന്നതോടെ നഗരത്തിലെ മെട്രോ ശൃംഖലയുടെ ദൈര്‍ഘ്യം 100 കിലോമീറ്റര്‍ പിന്നിടും.



Source link

Leave a Reply

Your email address will not be published. Required fields are marked *