Headlines

വിജയ്‌ക്കൊപ്പം ചേരുമോ ദേവന്‍? 8 സിനിമകളില്‍ അഭിനയിച്ചു, 25 വര്‍ഷം തമിഴ്‌നാട്ടില്‍, താല്‍പ്പര്യം പറഞ്ഞ് നടന്‍ | Devan Interest To Join Hand With Vijay? Acted In 8 Films With Him And Spent 25 Years In Tamil Nadu


Movie News

oi-Ashif N

ബിജെപിയില്‍ നിന്ന് രാജിവെച്ച നടന്‍ ദേവന്റെ ഭാവി നീക്കം എന്ത്. കേരള പീപ്പിള്‍സ് പാര്‍ട്ടി (കെപിപി) രൂപീകരിച്ച് കുറച്ചുകാലം സ്വന്തമായി രാഷ്ട്രീയ പരീക്ഷണങ്ങള്‍ നടത്തിയ ശേഷമാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ദേവന്‍ ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു അദ്ദേഹം. ഏത് സീറ്റില്‍ മല്‍സരിക്കണം എന്നാണ് അമിത് ഷാ ചോദിച്ചത്. സീറ്റല്ല, പ്രവര്‍ത്തിക്കാനുള്ള വേദിയാണ് വേണ്ടത് എന്നായിരുന്നു ദേവന്‍ നല്‍കിയ മറുപടി.

ഒറ്റയ്ക്ക് നിന്നാല്‍ എവിടെയും എത്തില്ലെന്ന ബോധ്യത്തിലാണ് ദേവന്‍ കെപിപിയെ ബിജെപിയില്‍ ലയിപ്പിച്ചത്. എങ്കിലും ബിജെപിയുടെ കാര്യപരിപാടികളോട് പൂര്‍ണമായ യോജിപ്പ് ദേവനുണ്ടായിരുന്നില്ല. കഴിഞ്ഞ ആറ് മാസമായി ബിജെപി വിടുന്നത് സംബന്ധിച്ച് ആലോചിക്കുന്നു. ആറ് സംസ്ഥാന വൈസ് പ്രസിഡന്റുമാരില്‍ ഒരാളായിരുന്നു ദേവന്‍ എങ്കിലും എന്താണ് റോള്‍ എന്ന് ബിജെപി നേതൃത്വം ദേവനെ അറിയിച്ചിരുന്നില്ല.

devan vijay

സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. ഫോണ്‍ ചെയ്തിട്ട് എടുത്തില്ല, മെസേജ് അയച്ചിട്ടും പ്രതികരണമുണ്ടായില്ല. ഇതെല്ലാമാണ് ഒടുവില്‍ ആലപ്പുഴയിലെ പൊതുപരിപാടിയില്‍ വച്ച് രാജി പ്രഖ്യാപിക്കാന്‍ പ്രേരിപ്പിച്ചത് എന്ന് ദേവന്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്വാഭാവികമായും ഉയരുന്ന ചോദ്യം എന്താണ് ദേവന്റെ ഫ്യൂച്ചര്‍ പ്ലാന്‍?

പഴയ കെപിപി വീണ്ടും സജീവമാക്കാനാണ് ദേവന്‍ ആലോചിക്കുന്നത്. അതിന് സാധിക്കുമെന്ന വിശ്വാസമുണ്ട് അദ്ദേഹത്തിന്. മറ്റേതെങ്കിലും പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമോ എന്ന ചോദ്യത്തോടും ദേവന്‍ പ്രതികരിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നടത്തുന്ന പ്രവര്‍ത്തനങ്ങളിലുള്ള താല്‍പ്പര്യം ദേവന്‍ തുറന്നു പറഞ്ഞു. താന്‍ ഉദ്ദേശിച്ച കാര്യങ്ങളാണ് വിജയ് ഓരോ ദിവസവും പ്രവര്‍ത്തിച്ചു കാണിക്കുന്നത് എന്ന് ദേവന്‍ പറയുന്നു.

25 വര്‍ഷം തമിഴ്‌നാട്ടില്‍ ജീവിച്ച വ്യക്തിയാണ് താന്‍. വിജയ്‌ക്കൊപ്പം എട്ട് സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. മിക്കതും വില്ലന്‍ വേഷങ്ങളായിരുന്നു. അന്നുതന്നെ വിജയ് സെറ്റില്‍ വിസില്‍ പിടിച്ചു നടക്കുമായിരുന്നു. വിജയ് പെട്ടെന്ന് തുടങ്ങിയ ഒന്നല്ല രാഷ്ട്രീയം. വിസില്‍ പലതിന്റെയും സൂചനയാണ്. വിജയുമായി സംസാരിച്ചിട്ടല്ല താന്‍ ബിജെപി വിട്ടത്. എങ്കിലും വിജയുമായി സഹകരിക്കാന്‍ താല്‍പ്പര്യമുണ്ട്. തന്റെ നിലപാടുകള്‍ അറിയുമ്പോള്‍ അദ്ദേഹം അനുകൂലമാകുമെന്ന പ്രതീക്ഷയും ദേവന്‍ പങ്കുവച്ചു.

ആന്ധ്ര പ്രദേശിലെ ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണുമായും സഹകരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ദേവന്‍ പറയുന്നു. ജനസേന പാര്‍ട്ടിയുടെ അധ്യക്ഷനാണ് പവന്‍ കല്യാണ്‍. അദ്ദേഹം ബിജെപിയുമായി ദേശീയതലത്തില്‍ സഹകരിക്കുന്നുണ്ട്. ആന്ധ്രയില്‍ എന്‍ഡിഎയുടെ ഭാഗവുമാണ്. എന്നാല്‍ തമിഴ്‌നാട്ടില്‍ ബിജെപിക്കെതിരെ സംസാരിച്ചാണ് വിജയ് മുന്നോട്ട് പോകുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *