Headlines

E. Coli Bacteria Found In Drinking Water At 8 Railway Stations In India Including Kerala’s This Station


India

oi-Jithin TP

രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളിലെ കുടിവെള്ള സൗകര്യങ്ങളിലും ശുചിത്വത്തിലും ഗുരുതരമായ വീഴ്ചകള്‍ ഉള്ളതായി സിഎജി റിപ്പോര്‍ട്ട്. പല സ്റ്റേഷനുകളിലെയും വെള്ളത്തിന്റെ സാമ്പിളുകളില്‍ ‘ഇ-കോളി’ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സബര്‍ബന്‍ അല്ലാത്ത റെയില്‍വേ സ്റ്റേഷനുകളിലെ യാത്രാ സൗകര്യങ്ങളെയും ശുചിത്വത്തെയും കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുകള്‍ ഉള്ളത്.

ഈ റിപ്പോര്‍ട്ട് ഓഗസ്റ്റ് 12-ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. നാല് റെയില്‍വേ സോണുകളിലായി എട്ട് സ്റ്റേഷനുകളിലെ വാട്ടര്‍ കൂളറുകളില്‍ നിന്ന് ശേഖരിച്ച വെള്ളത്തിന്റെ സാമ്പിളുകളില്‍ ‘ഇ-കോളി’യുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി സിഎജി അറിയിച്ചു.

E Coli Bacteria

സതേണ്‍ റെയില്‍വേയിലെ കോയമ്പത്തൂര്‍, പാലക്കാട് ജംഗ്ഷന്‍, സൗത്ത് സെന്‍ട്രല്‍ റെയില്‍വേയിലെ ഹൈദരാബാദ്, സെന്‍ട്രല്‍ റെയില്‍വേയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ്, ഭിവണ്ടി റോഡ്, കല്യാണ്‍, ലോണാവാല, ഈസ്റ്റേണ്‍ റെയില്‍വേയിലെ മധുപുര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു ‘ഇ-കോളി’യുടെ സാന്നിധ്യം മലം മൂലമുള്ള മലിനീകരണത്തിന്റെ സൂചനയാണ്.

കുടിവെള്ളം ഉപയോഗിക്കാന്‍ സുരക്ഷിതമല്ലെന്നും ഇത് സൂചിപ്പിക്കുന്നു. റെയില്‍വേ പ്ലാറ്റ്ഫോമുകളിലെ ടാപ്പുകള്‍ വഴി വിതരണം ചെയ്യുന്ന കുടിവെള്ളത്തിലും ബാക്ടീരിയ മൂലമുള്ള മലിനീകരണം കണ്ടെത്തി. 2022-23 കാലയളവില്‍ എട്ട് സോണുകളിലായി 49 സ്റ്റേഷനുകളിലെയും, 2023-24 കാലയളവില്‍ ഒമ്പത് സോണുകളിലായി 56 സ്റ്റേഷനുകളിലെയും ടാപ്പുകളില്‍ നിന്ന് ശേഖരിച്ച വെള്ളത്തിന്റെ സാമ്പിളുകളില്‍ ‘ഇ-കോളി’ ഉള്‍പ്പെടെയുള്ള ടോട്ടല്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി സിഎജി വ്യക്തമാക്കി.

‘ടോട്ടല്‍ കോളിഫോം’ പരിശോധനയ്ക്ക് അപ്പുറമുള്ള ബാക്ടീരിയോളജിക്കല്‍ പരിശോധനകളും തൃപ്തികരമല്ലെന്ന് ഓഡിറ്റില്‍ കണ്ടെത്തി. 2022-23-ല്‍ നാല് സോണുകളിലായി എട്ട് സ്റ്റേഷനുകളിലും, 2023-24-ല്‍ അഞ്ച് സോണുകളിലായി 11 സ്റ്റേഷനുകളിലുമാണ് ഈ അവസ്ഥ കണ്ടത്. ആറ് റെയില്‍വേ സോണുകളിലായി 59 സ്റ്റേഷനുകളില്‍ കുടിവെള്ളത്തിന്റെ ബാക്ടീരിയോളജിക്കല്‍ പരിശോധന നടത്തിയിട്ടില്ലെന്നും സിഎജി കണ്ടെത്തി.

ജലവിതരണ സംവിധാനങ്ങള്‍ പരിശോധിക്കുന്നതിനും കുടിവെള്ളത്തിന്റെ ഗുണനിലവാരം സമഗ്രമായി പരിശോധിക്കുന്നതിനുമുള്ള നിശ്ചിത മാനദണ്ഡങ്ങള്‍ റെയില്‍വേ പാലിക്കണമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ റെയില്‍വേ ശൃംഖലയിലുടനീളമുള്ള 512 നോണ്‍-സബര്‍ബന്‍ റെയില്‍വേ സ്റ്റേഷനുകളിലെ യാത്രാ സൗകര്യങ്ങളും ശുചിത്വ സംവിധാനങ്ങളും ഓഡിറ്റ് പരിശോധിച്ചു.

ഇതില്‍ 458 സ്റ്റേഷനുകളിലും (89 ശതമാനത്തിലധികം) ഏറ്റവും കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമാക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി കണ്ടെത്തി. ഈ സ്റ്റേഷനുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒന്നുകില്‍ തീര്‍ത്തും ലഭ്യമല്ലായിരുന്നു, അല്ലെങ്കില്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്ത നിലയിലായിരുന്നു. 2018 ഓഗസ്റ്റ് 31-നകം എല്ലാ സ്റ്റേഷനുകളിലും ഏറ്റവും കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റെയില്‍വേ ബോര്‍ഡ് 2018 ഏപ്രിലില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

കുടിവെള്ളം, കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ഇരിപ്പിടങ്ങള്‍, പ്ലാറ്റ്ഫോം ഷെല്‍ട്ടറുകള്‍, മൂത്രപ്പുരകള്‍, ശൗചാലയങ്ങള്‍, ഫാനുകള്‍, ഫുട് ഓവര്‍ ബ്രിഡ്ജുകള്‍, ചവറ്റുകുട്ടകള്‍, ക്ലോക്കുകള്‍, പൊതു അറിയിപ്പ് സംവിധാനങ്ങള്‍ എന്നിവയെല്ലാം ഈ സൗകര്യങ്ങളില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ യാത്രക്കാര്‍ക്കുള്ള പല അടിസ്ഥാന സൗകര്യങ്ങളിലും കുറവുകള്‍ ഉള്ളതായി സി.എ.ജി (ഇഅഏ) കണ്ടെത്തി.

ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം, 201 സ്റ്റേഷനുകളില്‍ ശൗചാലയങ്ങളുടെയും, 403 സ്റ്റേഷനുകളില്‍ മൂത്രപ്പുരകളുടെയും, 2,035 സ്റ്റേഷനുകളില്‍ കുടിവെള്ള ടാപ്പുകളുടെയും കുറവുണ്ടായിരുന്നു. രാജ്യത്തെ പ്രധാനപ്പെട്ട എന്‍എസ്ജി1 വിഭാഗത്തില്‍പ്പെട്ട സ്റ്റേഷനുകളില്‍ പോലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കണ്ടെത്തി.

ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ്, ഹൗറ, സീല്‍ദ, ന്യൂഡല്‍ഹി, മുംബൈ സെന്‍ട്രല്‍ തുടങ്ങിയ സ്റ്റേഷനുകളിലെ പോരായ്മകള്‍ സിഎജി പ്രത്യേകം ചൂണ്ടിക്കാട്ടി. ഇരിപ്പിടങ്ങള്‍, ശുചിത്വ സൗകര്യങ്ങള്‍, ചവറ്റുകുട്ടകള്‍, ഇലക്ട്രോണിക് ട്രെയിന്‍ ഇന്‍ഡിക്കേറ്റര്‍ ബോര്‍ഡുകള്‍ എന്നിവയിലെ കുറവുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ജലവിതരണ സംവിധാനങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള പരിശോധനാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കുടിവെള്ളത്തിന്റെ സമഗ്രമായ പരിശോധന നടത്തണമെന്നും റെയില്‍വേയോട് സിഎജി ശുപാര്‍ശ ചെയ്തു. ഏകീകൃത കുടിവെള്ള ഗുണനിലവാര മാനദണ്ഡപ്രകാരം നിശ്ചയിച്ചിട്ടുള്ള എല്ലാ ഘടകങ്ങളും പരിശോധിക്കണമെന്ന് പ്രത്യേകമായി നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *