Partner Content
oi-Sajitha Gopie
പ്രമേഹബാധിതരുടെ എണ്ണം ലോകമെമ്പാടും വർദ്ധിച്ചുവരികയാണ്. പ്രമേഹരോഗികൾ ആദ്യം തന്നെ ഒഴിവാക്കുന്ന ഒന്നാണ് മധുരം. ഇന്നത്തെ കാലത്ത് പഞ്ചസാരയ്ക്ക് പകരക്കാരനായി ‘ആർട്ടിഫിഷ്യൽ സ്വീറ്റ്നറുകൾ’ അഥവാ കൃത്രിമ മധുരങ്ങൾ ഉപയോഗിക്കുന്നത് സർവ്വസാധാരണമായിരിക്കുകയാണ്. പ്രമേഹ രോഗികളും ഇത് സുരക്ഷിതമാണെന്ന് കരുതുന്നു.
ഷുഗർ-ഫ്രീ ബിസ്ക്കറ്റുകൾ, ഡയറ്റ് സോഡകൾ, മധുരപലഹാരങ്ങൾ എന്നിവയിലെല്ലാം കൃത്രിമ മധുരങ്ങൾ ചേർക്കാറുണ്ട്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുന്നത് പ്രമേഹരോഗികൾക്ക് പൂർണ്ണമായും സുരക്ഷിതമാണോ? രക്തത്തിലെ ഗ്ലൂക്കോസ് നിലയെ ഇവ എങ്ങനെ ബാധിക്കുന്നു? അന്താരാഷ്ട്ര പഠനങ്ങളെയും ആരോഗ്യ സംഘടനകളുടെ നിർദ്ദേശങ്ങളെയും അടിസ്ഥാനമാക്കി ഇതിന്റെ യഥാർത്ഥ വശങ്ങൾ പരിശോധിക്കാം.

Gyaan by Ganesh: മേക്കിംഗ് ഇന്ത്യ വിൻ ഓവർ ഡയബിറ്റീസ് എന്നത് അമേരിക്കൻ ഡയബിറ്റീസ് അസോസിയേഷനുമായി ചേർന്ന് സൺ ഫാർമ നടത്തുന്ന ഒരു ബോധവൽക്കരണ പരിപാടിയാണ്. പ്രമേഹത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും അതിനെ ഫലപ്രദമായി നിയന്ത്രിക്കാനും വിദഗ്ധരുടെ സഹായത്തോടെ ആളുകളിലേക്ക് വിവരങ്ങൾ എത്തിക്കുകയാണ് ഈ ബോധവൽക്കരണ പരിപാടിയുടെ ലക്ഷ്യം.
ഇൻസുലിനും രക്തത്തിലെ മധുരവും
സാധാരണ പഞ്ചസാര കഴിക്കുമ്പോൾ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരും. അത് നിയന്ത്രിക്കാൻ ഇൻസുലിൻ ഹോർമോൺ അത്യന്താപേക്ഷിതമാണ്. കൃത്രിമ മധുരങ്ങളിൽ കലോറി വളരെ കുറവാണ്. അതിനാൽ ഇവ രക്തത്തിലെ ഗ്ലൂക്കോസ് പെട്ടെന്ന് ഉയർത്താറില്ല.
അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ വ്യക്തമാക്കുന്നത് അനുസരിച്ച്, പ്രമേഹബാധിതർക്ക് പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാൻ സാധാരണ മധുരത്തിന് പകരമായി പരിമിതമായ അളവിൽ കൃത്രിമ മധുരങ്ങൾ താൽക്കാലികമായി ഉപയോഗിക്കാവുന്നതാണ്. ഫ്രോണ്ടിയേഴ്സ് ഇൻ ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനങ്ങളും വ്യക്തമാക്കുന്നത് ഇവ താൽക്കാലികമായി ഗ്ലൈസെമിക് ഇൻഡക്സ് ഉയർത്താതെ മധുരം നൽകാൻ സഹായിക്കുമെന്നാണ്.
” പഞ്ചസാരയ്ക്ക് പകരമായി കുറഞ്ഞ അളവിൽ മാത്രം പ്രമേഹരോഗികൾക്ക് കൃത്രിമ മധുരങ്ങൾ ഉപയോഗിക്കാവുന്നതാണ്. കാരണം ഇവയിൽ ഭൂരിഭാഗവും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ പെട്ടെന്നങ്ങനെ ബാധിക്കാറില്ല. എന്നാലിതിനെ ഷുഗർ-ഫ്രീ ഉൽപ്പന്നങ്ങൾ എപ്പോഴും കഴിക്കാനുള്ള ഒരു ലൈസൻസായി കാണരുത്. കാരണം കൃത്രിമ മധുരമെന്ന് പറയുമ്പോഴും ഇത്തരം ഉൽപ്പന്നങ്ങളിൽ കാർബോഹൈഡ്രേറ്റുകൾ, അനാരോഗ്യകരമായ കൊഴുപ്പ് അല്ലെങ്കിൽ അമിതമായ കലോറി എന്നിവ അടങ്ങിയിട്ടുണ്ടാകാം. ഇത്തരം ഉൽപ്പന്നങ്ങളിൽ എന്തൊക്കെ അടങ്ങിയിട്ടുണ്ട് എന്നുളള വിവരങ്ങൾ പരിശോധിച്ചിട്ട് മാത്രമേ പ്രമേഹ രോഗികൾ അനുവദനീയമായ അളവിൽ കൃത്രിമ മധുരങ്ങൾ ഉപയോഗിക്കാൻ പാടുളളൂ. സംസ്കരിക്കാത്തതും സമീകൃതവുമായ ഭക്ഷണരീതിക്ക് വേണം പ്രമേഹരോഗികൾ മുൻഗണന നൽകാൻ.”
Dr.Prashanth Mappa, MD, DM (Endocrinology), Senior Consultant Endocrinologist, Endodiab Clinic, Kannur, Kerala

പഠനങ്ങൾ പറയുന്നത്
ദീർഘകാലാടിസ്ഥാനത്തിൽ കൃത്രിമ മധുരങ്ങൾ ശരീരത്തിന് അത്ര നല്ലതല്ലെന്നാണ് സമീപകാല പഠനങ്ങൾ തെളിയിക്കുന്നത്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം നോൺ-ഷുഗർ സ്വീറ്റ്നറുകൾ ദീർഘകാലം ഉപയോഗിക്കുന്നത് ശരീരഭാരം കുറയ്ക്കാനോ ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത ഇല്ലാതാക്കാനോ സഹായിക്കില്ല. മാത്രമല്ല ഇവയുടെ അമിതവും ദീർഘകാലവുമായ ഉപയോഗം ടൈപ്പ്-2 പ്രമേഹം, ഹൃദ്രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത 23% വരെ വർദ്ധിപ്പിച്ചേക്കാമെന്നും ചില പഠനങ്ങളെ ഉദ്ധരിച്ച് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു.
കൃത്രിമ മധുരങ്ങൾ ശരീരത്തെ ബാധിക്കുന്നത് എങ്ങനെ?
പഠനങ്ങൾ പ്രകാരം കൃത്രിമ മധുരങ്ങൾ ശരീരത്തിൽ ചില മാറ്റങ്ങൾക്ക് കാരണമാകാം. സുക്രലോസ്, സാക്കറിൻ പോലുളള കൃത്രിമ മധുരങ്ങൾ വയറ്റിലെ നല്ലയിനം ബാക്ടീരിയകളുടെ അളവ് കുറയ്ക്കുകയും ഇത് വഴി ഇൻസുലിൻ റെസിസ്റ്റൻസ് ചെയ്തേക്കാമെന്ന് പിഎംസി മെഡിക്കൽ റിവ്യൂകളിൽ വ്യക്തമാക്കുന്നുണ്ട്.
മറ്റൊരു പ്രശ്നം, കലോറിയില്ലാത്ത മധുരം കഴിക്കുമ്പോൾ മസ്തിഷ്കം കൂടുതൽ കലോറിക്കായി ദാഹിക്കുകയും ഇത് പിന്നീട് മറ്റ് ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യാം എന്നതാണ്. അത് കൂടാതെ മാൾട്ടിറ്റോൾ, സോർബിറ്റോൾ തുടങ്ങിയ ഷുഗർ ആൽക്കഹോളുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾ പൂർണ്ണമായും കലോറി രഹിതമല്ല. ഇവ രക്തത്തിലെ ഗ്ലൂക്കോസ് നേരിയ തോതിൽ ഉയർത്താൻ സാധ്യതയുണ്ട്.
മേയോ ക്ലിനിക്കിലെ വിദഗ്ധരുടെ അഭിപ്രായത്തിൽ എഫ്ഡിഎ നിശ്ചയിച്ചിട്ടുള്ള സുരക്ഷിതമായ അളവിൽ കൃത്രിമ മധുരങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് മറ്റ് ആരോഗ്യപ്രശ്നങ്ങൾ സാധാരണക്കാർക്ക് ഉണ്ടാകില്ല. എന്നാൽ പ്രമേഹരോഗികൾ ഇത് ഒരു സ്ഥിരം ശീലമാക്കരുത്. ഷുഗർ-ഫ്രീ എന്ന് ലേബൽ ഒട്ടിച്ച ഭക്ഷണങ്ങളിൽ മധുരം ഇല്ലെങ്കിലും മൈദയോ മറ്റ് കൊഴുപ്പുകളോ അടങ്ങിയിട്ടുണ്ടാകാം. ഇത് പ്രമേഹത്തെ ദോഷകരമായി ബാധിക്കും.
വിദഗ്ധർ നിർദേശിക്കുന്നത്
പ്രമേഹരോഗികൾ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കുന്ന ഘട്ടത്തിൽ ആദ്യ കുറച്ചു ദിവസങ്ങളിൽ മാത്രം താൽക്കാലികമായി കൃത്രിമ മധുരങ്ങൾ ഉപയോഗിക്കാനാണ് വിദഗ്ധർ നിർദേശിക്കുന്നത്. ഷുഗർ ഫ്രീ ഭക്ഷണങ്ങൾ വാങ്ങുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റുകളുടെയും കലോറിയുടെയും അളവ് പരിശോധിക്കാൻ ശ്രദ്ധിക്കുക. കൃത്രിമ മധുരങ്ങൾക്ക് പകരം മധുരം കുറഞ്ഞ പഴങ്ങൾ കഴിക്കുന്നത് ശീലമാക്കുക. ചുരുക്കത്തിൽ, കൃത്രിമ മധുരം പെട്ടെന്ന് പ്രമേഹം കൂട്ടില്ല എന്നത് ശരിയാണെങ്കിലും, ദീർഘകാല ആരോഗ്യം മുൻനിർത്തി മധുരത്തിന്റെ അളവ് പൊതുവെ കുറച്ചുകൊണ്ടുവരുന്ന ജീവിതശൈലിയാണ് പ്രമേഹരോഗികൾക്ക് ഏറ്റവും സുരക്ഷിതം.
Disclaimer: ഈ വിവരങ്ങൾ രോഗികൾക്ക് അറിവും ബോധവൽക്കരണവും നൽകുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ഇത് ഒരു ഡോക്ടറുടെയോ ആരോഗ്യ വിദഗ്ദ്ധന്റെയോ നിർദ്ദേശങ്ങൾക്ക് പകരമല്ല. കൃത്യവും സമയബന്ധിതവുമായ വിവരങ്ങൾ നൽകാൻ സൺ ഫാർമസ്യൂട്ടിക്കൽസ് ലബോറട്ടറീസ് ലിമിറ്റഡ് (SPLL) പരമാവധി ശ്രമിക്കുമെങ്കിലും അതിൽ പൂർണ്ണമായ ഉറപ്പ് നൽകുക സാധ്യമല്ല. നിങ്ങൾ ഡോക്ടറുടെയോ ആരോഗ്യ വിദഗ്ദ്ധരുടെയോ നിർദ്ദേശങ്ങൾ മാത്രം സ്വീകരിക്കുക. സൺ ഫാർമസ്യൂട്ടിക്കൽസ് ലബോറട്ടറീസ് ലിമിറ്റഡിന്റെ (SPLL) മുൻകൂർ അനുവാദം ഇല്ലാതെ ഇതിന്റെ ഒരു ഭാഗവും ഇലക്ട്രോണിക് രൂപത്തിലോ മറ്റേതെങ്കിലും തരത്തിലോ പകർപ്പെടുക്കാനോ മറ്റുള്ളവരിലേക്ക് എത്തിക്കാനോ സൂക്ഷിച്ചുവെക്കാനോ പാടുള്ളതല്ല.
SPI-IN-CVD-ZT—07-20260100