Headlines

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലോട് കൂടിയ കാറ്റും | Kerala Weather Update; Yellow Alert In Six Districts Today, Thunderstorms And Strong Winds Likely


Kerala

oi-Nidhin Illikkambath

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ മഴയുടെ ശക്തി കൂടുന്നത്. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദത്തിന്റെയും കിഴക്കൻ അറബിക്കടലിന് മുകളിലെ ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നതെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ചില ജില്ലകളിൽ മഴ മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്.

ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്. ഈ ജില്ലകളിൽ ശക്തമായ മഴയോടൊപ്പം ഇടിമിന്നലോട് കൂടിയ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഇന്നും വടക്കൻ കേരളത്തിൽ തന്നെയാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത കൽപിച്ചിരിക്കുന്നത്.

Kerala Weather Update

നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ മഴ പെട്ടെന്ന് കുറയില്ലെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. നാളെയും സമാനമായ രീതിയിൽ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തിലെ ജാഗ്രതയുടെ ഭാഗമായി തീരദേശവാസികളും മലയോര മേഖലയിലുള്ളവരും പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

കള്ളക്കടൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് (28/07/2026) പുലർച്ചെ 2.30 മുതൽ 29/07/2026 പുലർച്ചെ 05.30 വരെ 1.0 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെനന്നാണ് മുന്നറിയിപ്പ്.

ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. കന്യാകുമാരി തീരത്ത് 29/07/2026 രാത്രി 11.30 വരെ 1.2 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചത്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

കൂടാതെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. നിലവിൽ തെക്കൻ ജില്ലകളിൽ കാര്യമായ മഴ പെയ്യുന്ന സാഹചര്യമില്ല.



Source link

Leave a Reply

Your email address will not be published. Required fields are marked *