Headlines

അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; 110 കെവി ലൈൻ മാറ്റിസ്ഥാപിച്ചു, ശേഷിക്കുന്ന ജോലികൾ ഉടൻ പൂർത്തിയാക്കും | Aroor Thuravoor Elevated Highway; 110 kV Line Relocated, Remaining Works To Be Completed Soon


Kerala

oi-Nidhin Illikkambath

കൊച്ചി: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണത്തിന് ഒട്ടേറെ തടസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. പദ്ധതിയുടെ നിർമ്മാണം വിവിധ റീച്ചുകളിലായി പുരോഗമിച്ചുവരുന്ന വേളയിലാണ് ചില സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടായത്. ഒന്നാം റീച്ചിൽ കെഎസ്ഇബിയുടെ 110 കെവി വൈദ്യുതി ടവർലൈൻ നിർമ്മാണത്തിന് തടസമായതിനെ തുടർന്ന് കഴിഞ്ഞ ഒന്നര മാസത്തോളമായി പ്രധാന നിർമാണ പ്രവർത്തനങ്ങൾ മുടങ്ങിക്കിടന്നു.

ഇപ്പോഴിതാ ആ സാങ്കേതിക തടസം നീങ്ങിയതോടെ നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും സജീവമായിരിക്കുകയാണ്. ഒന്നാം റീച്ചിലെ അരൂർ ശ്രീനാരായണ നഗറിന് സമീപത്തുള്ള കെഎസ്ഇബിയുടെ 110 കെവി ടവർലൈൻ വിജയകരമായി തന്നെ താൽക്കാലികമായി സ്ഥാപിച്ച ടവറുകളിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോൾ.

aroor thuravoor elevated highway

കളമശേരിയിൽ നിന്ന് പുന്നപ്രയിലേക്കുള്ള വൈദ്യുതി കൈമാറുന്ന പ്രധാന ട്രാൻസ്‌മിഷൻ ലൈനാണ് നിർമാണത്തിന് തടസമായിരുന്നത്. വൈദ്യുതി വിതരണം തടസപ്പെടാതിരിക്കാനായി ആദ്യം പകരം കേബിളുകൾ സ്ഥാപിച്ച ശേഷമാണ് പഴയ ടവർലൈൻ അഴിച്ചുമാറ്റിയത്. തുടർന്ന് എമർജൻസി റീ-സ്‌റ്റോറേഷൻ സിസ്‌റ്റംഉപയോഗിച്ച് താൽക്കാലിക ടവറുകളിലൂടെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുകയായിരുന്നു.

പശ്ചിമകൊച്ചി, ചേർത്തല എന്നിവ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങാതിരിക്കാനാണ് ഈ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയത്. ഇതിനായി ഇരുവശങ്ങളിലുമായി ആകെ 17 താൽക്കാലിക ടവറുകൾ സ്ഥാപിച്ച് വൈദ്യുതി കേബിളുകൾ ബന്ധിപ്പിച്ചു. ഇതോടെ വൈദ്യുതി വിതരണത്തെ ബാധിക്കാതെ ഉയരപ്പാത നിർമ്മാണം മുന്നോട്ടുകൊണ്ടുപോകാനുള്ള സാഹചര്യം ഒരുക്കാനായി.

ടവർലൈൻ മാറ്റിയതോടെ ഉയരപ്പാതയുടെ 25, 26, 27 നമ്പർ പിയറുകൾക്കിടയിലെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പ്രധാനമായും പുനരാരംഭിച്ചിരിക്കുന്നത്. ഈ മൂന്ന് ഒറ്റത്തൂണുകൾക്കിടയിൽ ആകെ 14 കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കാനുണ്ട്. അതിന് മുന്നോടിയായി ഗർഡറുകൾ സ്ഥാപിക്കുന്നതിനുള്ള സി-ബീമുകൾ പിയറുകൾക്ക് മുകളിൽ സ്ഥാപിച്ചുകഴിഞ്ഞു.

അടുത്ത ഘട്ടത്തിൽ കൂറ്റൻ ക്രെയിനുകളുടെ സഹായത്തോടെ കോൺക്രീറ്റ് ഗർഡറുകൾ ഉയർത്തി സ്ഥാപിക്കും. തുടർന്ന് ഡെക്ക് സ്ലാബിന്റെ കോൺക്രീറ്റിങ്, റോഡ് ഉപരിതല നിർമ്മാണം, സുരക്ഷാ ബാരിയറുകൾ, ഡ്രെയിനേജ് സംവിധാനം, ലൈറ്റിങ്, അന്തിമ ടാറിങ് എന്നിവ ഉൾപ്പെടെയുള്ള ശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കും.

അരൂർ മുതൽ തുറവൂർ വരെയുള്ള ദേശീയപാതയിൽ വർഷങ്ങളായി അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയപാത അതോറിറ്റി ഈ ഉയരപ്പാത നിർമ്മിക്കുന്നത്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ, പ്രത്യേകിച്ച് ചരക്കുവാഹനങ്ങളും ദീർഘദൂര സർവീസ് ബസുകളും കടന്നുപോകുന്ന ഈ ഭാഗം സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ദേശീയപാതാ ഇടനാഴികളിലൊന്നാണ്.

പദ്ധതി പൂർത്തിയാകുന്നതോടെ കൊച്ചി-ആലപ്പുഴ-തിരുവനന്തപുരം യാത്ര കൂടുതൽ വേഗത്തിലും സുരക്ഷിതമായും നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് എലിവേറ്റഡ് ഹൈവേയുടെ ജോലികൾ പൂർത്തിയാക്കി തുറന്നുകൊടുക്കുമെന്നായിരുന്നു എൻഎച്ച്എഐ അറിയിച്ചിരുന്നത്. എന്നാൽ ഇത് പാലിക്കാൻ കഴിഞ്ഞിരുന്നില്ല. നിലവിൽ ഏറ്റവും വേഗത്തിൽ തന്നെ ഇത് തുറന്ന് കൊടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *