Headlines

‘അറിയാവുന്ന പണി ചെയ്ത് ജീവിക്ക്; സംഘടനയെ നാറ്റിക്കരുത്’: ടിനി ടോമിനും അൻസിബയ്ക്കും എതിരെ നടൻ സുധീർ | സിനിമാ വാർത്ത


Last Updated:

സംഘടനയുടെ നേതൃസ്ഥാനത്ത് അഴിച്ചുപണി വേണമെന്ന ആവശ്യം വരെ ഇപ്പോൾ അംഗങ്ങൾക്കിടയിൽ നിന്ന് ഉയരുന്നുണ്ട്

News18
News18

കൊച്ചി: താരസംഘടനയായ അമ്മയിൽ (AMMA) ഭാരവാഹികളും അംഗങ്ങളും തമ്മിലുള്ള പരസ്യപ്പോര് മുറുകുന്നതിനിടെ, കടുത്ത പ്രതികരണവുമായി നടൻ സുധീർ രംഗത്ത്. നടൻ ടിനി ടോമും നടി അൻസിബ ഹസ്സനും ഉൾപ്പെടെയുള്ളവർ പരസ്പരം ചെളി വാരിയെറിയുകയാണെന്നും ഇത് സംഘടനയെ തകർക്കുമെന്നും സുധീർ കുറ്റപ്പെടുത്തി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു സുധീറിന്റെ രൂക്ഷവിമർശനം.

സുധീറിന്റെ വാക്കുകൾ:

‘അൻസിബയോടും ടിനിയോടും കൂടിയാണ്… സ്വന്തം കാര്യം നോക്കി ജീവിക്ക്. രാവിലെ എഴുന്നേറ്റ് ഇൻസ്റ്റഗ്രാം തുറന്നപ്പോൾ കണ്ടത് ടിനി ടോമിന്റെ അഭിമുഖമാണ്.

എന്റെ പൊന്നു ടിനി, നിങ്ങളൊരു കലാകാരനല്ലേ, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്. എന്തിനാണ് മറ്റുള്ളവരെക്കുറിച്ച് പരദൂഷണം പറയുന്നത്? നമുക്കിതൊന്നും അറിയാൻ പാടില്ലാഞ്ഞിട്ടല്ല. നിങ്ങൾ നിങ്ങളുടെ പ്രൊഫഷനിൽ ശ്രദ്ധിക്ക്. അൻസിബയോടും കൂടിയാണ് പറയുന്നത്, നിങ്ങളും നിങ്ങളുടെ കാര്യം നോക്കി ജീവിക്ക്. എന്തിനാണ് സംഘടനയെ ഇങ്ങനെ നാറ്റിക്കുന്നത്? ഇതൊക്കെ പറയാൻ എനിക്ക് ഒട്ടും പേടിയുമില്ല.

അമ്മ എന്ന സംഘടനയെ പടുത്തുയർത്തിയ ഒരുപാട് മുതിർന്ന ആളുകളുണ്ട്. ഈ സംഘടനയെ പൊന്നുപോലെ കൊണ്ടുനടന്നവരും ഇതിനുവേണ്ടി സമയവും ജീവനും കളഞ്ഞവരുമുണ്ട്. എന്നാൽ ഇപ്പോഴുള്ളവർ പരസ്പരം ചെളി വാരിയെറിയുമ്പോൾ അത് കൊള്ളുന്നത് ആ മുൻഗാമികൾക്കാണ്. ആ കഷ്ടപ്പാടുകൾ ഏറ്റുപിടിക്കാൻ മറ്റു ചില കോമാളികൾ കൂടി രംഗത്തുണ്ട്. അവരൊക്കെ വേറെ എന്തെങ്കിലും പണിക്ക് പൊയ്ക്കൂടെ.

സംഘടനയിൽ നിന്ന് ലഭിക്കുന്ന കൈനീട്ടം കാത്തിരിക്കുന്ന എത്രയോ പാവപ്പെട്ട കലാകാരന്മാരുണ്ട്. കണ്ണിന്റെ ചികിത്സയ്ക്കും മറ്റ് മരുന്നുകൾക്കുമായി ഈ തുകയെ ആശ്രയിക്കുന്ന ഒരുപാട് പേരുള്ളപ്പോൾ, ഇത്തരത്തിലുള്ള തരംതാണ വിവാദങ്ങൾ സംഘടനയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കും.’

അമ്മയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് താൻ രാജിവെക്കാൻ കാരണം നടൻ ടിനി ടോമും സംഘവും തനിക്കെതിരെ നടത്തിയ ക്രൂരമായ അപവാദ പ്രചാരണങ്ങളാണെന്ന് നടി അൻസിബ ഹസ്സൻ വെളിപ്പെടുത്തിയതോടെയാണ് നിലവിലെ വിവാദങ്ങൾക്ക് തുടക്കമായത്. അൻസിബയ്ക്ക് പിന്തുണയുമായി നടി നീനാ കുറുപ്പ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയതോടെ താരസംഘടനയിൽ ഭിന്നത രൂക്ഷമായി.

സംഘടനയുടെ നേതൃസ്ഥാനത്ത് അഴിച്ചുപണി വേണമെന്ന ആവശ്യം വരെ ഇപ്പോൾ അംഗങ്ങൾക്കിടയിൽ നിന്ന് ഉയരുന്നുണ്ട്. ജൂൺ 21-ന് നടക്കാനിരിക്കുന്ന അമ്മയുടെ വാർഷിക പൊതുയോഗത്തിന് മുൻപായി ഒത്തുതീർപ്പ് ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് നിലവിലെ നേതൃത്വം.



Source link

Leave a Reply

Your email address will not be published. Required fields are marked *