Last Updated:
ചെലവുകൾ കഴിഞ്ഞ് 45,000 രൂപ വരെ സമ്പാദ്യമുണ്ടെന്നും അദ്ദേഹം പറയുന്നു
25,000 രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവാവിന്റെ കഥയാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഓട്ടോ ഓടിച്ച് പ്രതിമാസം 50,000 മുതൽ 60,000 രൂപ വരെ യുവാവ് സമ്പാദിക്കുന്നു. ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയായ യുവാവാണ് തന്റെ ജീവിതത്തെ കുറിച്ച് തുറന്നുപറയുന്നത്. ഒരു യാത്രക്കാരനോട് പങ്കുവെച്ച കാര്യങ്ങളാണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. ആകാശ് എന്ന യുവാവാണ് ഓട്ടോ ഡ്രൈവറുമായി നടത്തിയ സംഭാഷണം പങ്കുവച്ചത്.
ചെലവുകൾ കഴിഞ്ഞ് 45,000 രൂപ വരെ സമ്പാദ്യമുണ്ടെന്ന് ഓട്ടോ ഓടിച്ച് ലഭിക്കുന്ന വരുമാനം കൊണ്ടാണ് മൂന്ന് മക്കളെയും വളർത്തുന്നതെന്നും ഡ്രൈവർ പറയുന്നു. ദിവസവും 1,500 മുതൽ 2,000 രൂപ വരെ സമ്പാദിക്കാറുണ്ടെന്നും എട്ട് മണിക്കൂർ മാത്രമാണ് ഓട്ടം ഓടിക്കാറുള്ളതെന്നും ഡ്രൈവർ വ്യക്തമാക്കി. ഇതിലൂടെ പ്രതിമാസം 50,000 മുതൽ 60,000 രൂപ വരെ വരുമാനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓട്ടോ ഡ്രൈവറാകുന്നതിന് മുമ്പ് ഗുരുഗ്രാമിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സൂപ്പർവൈസറായി ജോലി ചെയ്തിരുന്നു. അന്ന് പ്രതിമാസം 25,000 രൂപ മാത്രമായിരുന്നു ശമ്പളം. കൂടുതൽ വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആ ജോലി ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായി മാറിയതെന്നും അദ്ദേഹം പറയുന്നു.
വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. വീഡിയോയ്ക്ക് ഇതിനകം അഞ്ച് ലക്ഷത്തിലധികം കാഴ്ചക്കാരാണ് ലഭിച്ചത്. നിരവധി പേർ അദ്ദേഹത്തിന്റെ അധ്വാനത്തെയും ആത്മവിശ്വാസത്തെയും പ്രശംസിച്ചു. ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവർമാർ രണ്ട് ലക്ഷം രൂപ വരെ മാസം സമ്പാദിക്കുന്നുണ്ടെന്ന് ചിലർ പറഞ്ഞു.
