Headlines

സൗദി അറേബ്യ പ്ലാന്‍ മാറ്റി; ഹൂതികള്‍ പിന്മാറി, പണം പിരിവ് ആലോചിക്കുന്നില്ല, ഇറാനെ വിരട്ടി ട്രംപ് | Saudi Arabia Changes Plans; Houthi withdraw From Toll Collection, Trump Issues Warning To Iran


Gulf

oi-Ashif N

സൗദി അറേബ്യ 14 രാജ്യങ്ങളുടെ സൈനിക സഖ്യത്തിന് നേതൃത്വം നല്‍കി തയ്യാറെടുക്കവെ, ഹൂതികളുടെ പുതിയ പ്രതികരണം. ബാബുല്‍ മന്തിബ് കടലിടുക്കില്‍ ടോള്‍ പിരിക്കാന്‍ തയ്യാറെടുക്കുന്നു എന്ന വാര്‍ത്ത ഹൂതികള്‍ തള്ളി. കഴിഞ്ഞ ദിവസം റോയിട്ടേഴ്‌സ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത നിഷേധിച്ച് ഹൂതികള്‍ രംഗത്തുവന്നിരിക്കുകയാണ്.

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ടോള്‍ പിരിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഒമാനും ഇറാനും ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നും വാര്‍ത്ത വന്നു. അമേരിക്കയുടെ ആക്രമണത്തില്‍ ഇറാന് സംഭവിച്ച നഷ്ടം നികത്താന്‍ പുതിയ വരുമാന മാര്‍ഗം തേടുന്നതിന്റെ ഭാഗമായിട്ടാണ് ടോള്‍ എന്നായിരുന്നു വാര്‍ത്ത. സമാനമായ രീതിയില്‍ ബാബുല്‍ മന്തിബില്‍ ഹൂതികളും ടോള്‍ പിരിക്കുമെന്നും വാര്‍ത്ത വന്നിരുന്നു.

saudi arabia houthi toll

ലോകത്തെ രണ്ടു കടല്‍ ചരക്കു പാതയാണ് ഹോര്‍മുസും ബാബുല്‍ മന്തിബും. ഒരിടത്ത് ഇറാനും മറ്റൊരിടത്ത് ഇറാന്റെ സഖ്യകക്ഷിയായ ഹൂതികള്‍ക്കുമാണ് മേല്‍ക്കൈ. രണ്ടിടത്തും ടോള്‍ വന്നാല്‍ കടല്‍ ചരക്കു കടത്ത് ചെലവേറിയതാകും. ഇറാന്റെ പ്രതിനിധികളുമായി ഹൂതികള്‍ ചര്‍ച്ച നടത്തിയ ശേഷമാണ് ടോള്‍ പിരിക്കാന്‍ ആലോചന തുടങ്ങിയത് എന്നായിരുന്നു വാര്‍ത്ത.

ഏഷ്യയില്‍ നിന്ന് യൂറോപ്പിലേക്ക് ചരക്കുകള്‍ കയറ്റുമതി ചെയ്യുന്ന പാതയാണ് ബാബുല്‍ മന്തിബ്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ദക്ഷിണ ഏഷ്യയിലേക്ക് ചരക്കുകള്‍ അയക്കുന്നത് ഹോര്‍മുസിലൂടെയാണ്. രണ്ടിടത്തും ടോള്‍ വന്നാല്‍ കപ്പല്‍ യാത്രയുടെ ചെലവ് കൂടും. സ്വാഭാവികമായും ചരക്കുകളുടെ വിലയും വര്‍ധിക്കും. ഈ സാഹചര്യത്തിലാണ് സൈനിക നീക്കത്തിന് സൗദി പദ്ധതി തുടങ്ങിയത്.

നേരിട്ട് ആക്രമണം നടത്തുന്ന പതിവ് രീതിയില്‍ മാറ്റം വരുത്തി സൗദി സൈനിക സഖ്യം രൂപീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 50ഓളം രാജ്യങ്ങള്‍ക്ക് ക്ഷണക്കത്ത് അയച്ചു. 14 രാജ്യങ്ങള്‍ കടല്‍ സുരക്ഷയ്ക്കുള്ള സൈനിക സഖ്യത്തില്‍ ഭാഗമാകാന്‍ തയ്യാറാണ് എന്ന് അറിയിച്ചു. വലിയ പട വരുന്നതോടെ ഹൂതികള്‍ ശരിക്കും പെട്ടുപോകുമായിരുന്നു. ഈ വേളയിലാണ് ടോള്‍ പിരിവ് എന്ന വാര്‍ത്ത നിഷേധിച്ച് ഹൂതികള്‍ രംഗത്തുവന്നിരിക്കുന്നത്. ഹൂതികളുടെ ഹ്യുമാനിറ്റേറിയന്‍ ഓപറേഷന്‍സ് കോര്‍ഡിനേഷന്‍ സെന്റര്‍ ആണ് ടോള്‍ പിരിവ് വാര്‍ത്ത നിഷേധിച്ചത്.

അതേസമയം, ഇറാനെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് വീണ്ടും ഭീഷണി മുഴക്കിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ്. ശക്തമായ തിരിച്ചടി ഇറാന് നല്‍കുമെന്ന് ട്രംപ് പറഞ്ഞു. മറുപടിയും ശക്തമാകുമെന്ന് ഇറാന്‍ പ്രതികരിച്ചു. ഇനിയും യുദ്ധം ശക്തിപ്പെടാനുള്ള സാധ്യത തള്ളാനാകില്ല. അങ്ങനെ സംഭവിച്ചാല്‍ ക്രൂഡ് ഓയില്‍ വില ഉയരും. ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകത്തെ എല്ലാ ഇറക്കുമതി രാജ്യങ്ങളെയും നേരിട്ട് ബാധിക്കുകയും ചെയ്യും.



Source link

Leave a Reply

Your email address will not be published. Required fields are marked *