Headlines

സൗദിയിൽ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടൽ തുടങ്ങുന്നുവെന്ന് പ്രചാരണം, പൂർണ്ണമായും കള്ളമാണെന്ന് വേടൻ| Is Rapper Vedan planning to open a hotel serving pork in Saudi Arabia? Vedan Reacts.


Kerala

oi-Sajitha Gopie

കൊച്ചി: തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ റാപ്പര്‍ വേടന്‍. സൗദി അറേബ്യയിൽ പന്നിയിറച്ചി വിഭവങ്ങൾ വിളമ്പുന്ന ഒരു റെസ്റ്റോറന്റ് ചെയിൻ ആരംഭിക്കാൻ പോകുന്നുവെന്ന് വേടൻ പറഞ്ഞതായാണ് പ്രചാരണം.

അങ്ങനെ ഒരു പ്രസ്താവനയും താൻ നടത്തിയിട്ടില്ലെന്നും എവിടെയും അത്തരത്തിലൊരു ബിസിനസ്സും തുടങ്ങാൻ പ്ലാൻ ഇല്ലെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വേടൻ വ്യക്തമാക്കുന്നു.

വേടന്റെ പ്രതികരണം: ‘സാധാരണ ഞാൻ ഇത്തരം കാര്യങ്ങൾക്ക് മറുപടി പറയാറില്ല. പക്ഷേ ഇത്തവണ പറയാതെ വയ്യ. എന്നെക്കുറിച്ച് ഒരു വ്യാജ പ്രചാരണം സോഷ്യൽ മീഡിയയിൽ ശക്തമായി പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. സൗദി അറേബ്യയിൽ പന്നിയിറച്ചി വിഭവങ്ങൾ വിളമ്പുന്ന ഒരു റെസ്റ്റോറന്റ് ചെയിൻ ഞാൻ തുടങ്ങാൻ പോകുന്നു എന്നും, അതിനെക്കുറിച്ച് ഞാൻ പ്രസ്താവന നടത്തി എന്നും ചില പോസ്റ്റുകളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് പൂർണ്ണമായും കള്ളമാണ്. ഇങ്ങനെ ഒരു പ്രസ്താവന ഞാൻ ഒരിക്കലും നടത്തിയിട്ടില്ല.

Vedan

സൗദി അറേബ്യയിലോ മറ്റേതെങ്കിലും ഗൾഫ് രാജ്യത്തോ ഒരു ഹോട്ടലോ റെസ്റ്റോറന്റോ ഭക്ഷണ ബിസിനസ്സോ തുടങ്ങാൻ എനിക്ക് യാതൊരു പദ്ധതിയുമില്ല. അതുമായി ബന്ധപ്പെട്ട് കമ്പനിയോ പങ്കാളിയോ അപേക്ഷയോ ഒന്നും തന്നെ എനിക്കില്ല. ഞാൻ സൗദിയിലേക്ക് പോകുന്നത് ഒരു പെർഫോമിംഗ് ആർട്ടിസ്റ്റ് എന്ന നിലയിൽ, പരിപാടി സംഘാടകരുടെ ക്ഷണപ്രകാരമാണ്. “എന്നെ ക്ഷണിക്കുന്ന ഓരോ രാജ്യത്തിന്റെയും നിയമങ്ങളെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും ഞാൻ എന്നും ബഹുമാനിച്ചിട്ടുണ്ട്. അതിന് വിരുദ്ധമായി ആരെയെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന ഒരു വാക്കോ പ്രവൃത്തിയോ ഞാൻ ഇതുവരെ ചെയ്തിട്ടില്ല.

ഇത് ആദ്യമായല്ല ഇത്തരമൊരു കാര്യം സംഭവിക്കുന്നത്. ഓരോ വർഷവും എന്റെ ഷോകൾ കൂടുതൽ വരുന്ന സമയത്ത്. കൃത്യമായി അതേ ഘട്ടത്തിൽ തന്നെ ഇത്തരം വ്യാജ പ്രചാരണങ്ങൾ ഉയർന്നുവരുന്നത് ഒരു യാദൃശ്ചികതയായി എനിക്ക് തോന്നുന്നില്ല.
ഇത് ഒരു തെറ്റിദ്ധാരണയോ അബദ്ധത്തിൽ സംഭവിച്ചതോ അല്ല. എന്റെ കലയെയും, എന്നെ വിശ്വസിക്കുന്ന പ്രേക്ഷകരുമായുള്ള ബന്ധത്തെയും, വിദേശത്തെ സംഘാടകരുമായുള്ള ബന്ധത്തെയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ബോധപൂർവമായ ശ്രമമാണ്.

ഞാൻ എവിടെ നിന്നാണ് തുടങ്ങിയതെന്ന് എനിക്ക് നല്ല ഓർമ്മയുണ്ട്. ഒന്നുമില്ലായ്മയിൽ നിന്നാണ് ഞാൻ വന്നത്. ആരും ഒരു അവസരം തരാതിരുന്ന ഇടങ്ങളിൽ നിന്ന്, എന്നെ വിശ്വസിച്ച മനുഷ്യരുടെ പിന്തുണ കൊണ്ട് മാത്രമാണ് ഞാൻ ഇന്നത്തെ ഇടത്ത് എത്തിയത്. ആ പിന്തുണ എനിക്ക് വലിയ ഉത്തരവാദിത്തമാണ്. ഒപ്പം എന്റെ ഏറ്റവും വലിയ കരുത്തും. വ്യത്യസ്തമായ ലക്ഷ്യങ്ങളുള്ള ചിലർക്ക് ഒരു കലാകാരൻ താഴെ നിന്ന് വളരുന്നത് ഇഷ്ടമല്ലായിരിക്കാം. പക്ഷേ അത്തരം ശ്രമങ്ങൾ കൊണ്ട് എന്റെ യാത്ര നിർത്താൻ ആർക്കും കഴിയില്ല.

ഇതുമായി ബന്ധപ്പെട്ട അക്കൗണ്ടുകളുടെ വിവരങ്ങൾ എന്റെ ടീം ശേഖരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഉചിതമായ നിയമനടപടികളുമായി ഞങ്ങൾ മുന്നോട്ട് പോകുകയാണ്.
ഇത് ഷെയർ ചെയ്യുന്നവരോട് ഒരു അഭ്യർത്ഥന. ഫോർവേഡ് ചെയ്യുന്നതിന് മുമ്പ് സത്യമാണോ എന്ന് ഒന്ന് പരിശോധിക്കുക. എന്നെ ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിച്ച, എനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി. ഇതൊന്നും എന്റെ സംഗീതത്തെയോ എന്നെയോ ഒരിക്കലും തടയില്ല. ഷോകളിൽ കാണാം. ജയ് ഭീം’.



Source link

Leave a Reply

Your email address will not be published. Required fields are marked *