Last Updated:
‘റോജ’യുടെ വരവിൽ എ.ആർ. റഹ്മാന്റെ സംഗീതം തെളിഞ്ഞുകത്തിയ കാലത്താണ് ദേവ സംഗീതം തീർത്ത ‘അണ്ണാമലൈ’ സൂപ്പർഹിറ്റ് ചാർട്ടിൽ ഇടം നേടുന്നത്
നീലനിറത്തിൽ മുത്തുകൾ അടുക്കിയെന്ന പോലെ സൂപ്പർ സ്റ്റാർ എന്ന വാക്കും, അതിനു പിന്നാലെ രജനി എന്ന പേരും സ്ക്രീനിൽ ആദ്യമായി തെളിയുന്നത് 1992ലെ ‘അണ്ണാമലൈ’ സിനിമ മുതൽ. ഒരേസമയം സിംപിളും പവർഫുളുമായി തോന്നുന്ന ആ വാക്കുകൾക്ക് പിന്നിലെ സംഗീതം ദേവയുടേതാണ്. ഇന്ന് രജനീകാന്തിന്റെ ഏതൊരു സിനിമ തിയേറ്ററിൽ എത്തിയാലും, ‘സൂപ്പർ സ്റ്റാർ രജനി’ എന്ന ഇൻട്രോ ഇല്ലാതെ ഒരു വരവുണ്ടാവില്ല. രജനീകാന്തിന്റെ എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനങ്ങൾക്ക് സംഗീതവിസ്മയം തീർത്ത സംഗീതജ്ഞൻ ദേവയായിരുന്നു. എ.ആർ. റഹ്മാൻ തലയെടുപ്പോടെ ഉയർന്നു വരുന്ന വേളയിലാണ് അണ്ണാമലൈയിലെ ഗാനങ്ങൾ തമിഴർ ഉൾപ്പെടുന്ന സിനിമാ പ്രേക്ഷകരെ കൊണ്ട് ഏറ്റുപാടിച്ചത്. ‘റോജ’യുടെ വരവിൽ എ.ആർ. റഹ്മാന്റെ സംഗീതം തെളിഞ്ഞുകത്തിയ കാലത്താണ് ദേവ സംഗീതം തീർത്ത ‘അണ്ണാമലൈ’ സൂപ്പർഹിറ്റ് ചാർട്ടിൽ ഇടം നേടുന്നത്.
നിർമാതാവ് കെ. ബാലചന്ദറും അദ്ദേഹത്തിന്റെ സ്ഥിരം സംഗീത സംവിധായകൻ ഇളയരാജയും തമ്മിലെ ഒരു തെറ്റിദ്ധാരണ ദേവ എന്ന പ്രതിഭയുടെ ഉദയത്തിനു കാരണമായി എന്നും പറയാം. ഒരുപക്ഷേ ഇളയരാജ സംഗീതം മെനയേണ്ടിയിരുന്ന സ്ഥാനത്ത് പകരക്കാരനാവാൻ ദേവയ്ക്ക് നിയോഗമുണ്ടായി. തുടക്കത്തിൽ രജനീകാന്ത് പോലും പരിഭ്രമിച്ചു. പിൽക്കാലത്ത് പാറപോലെ ഉറച്ച ‘രജനി ഇൻട്രോ’ ദേവയുടേതായി മാറി. ‘ബാഷ’ (1995), ‘അരുണാചലം’ (1997) തുടങ്ങിയ ചിത്രങ്ങളിലൂടെ ദേവ രജനീകാന്തുമായുള്ള സംഗീതസഹകരണം തുടർന്നു. രജനീകാന്തിന്റെ താരപ്രഭാവം വർധിപ്പിക്കുന്നതിൽ നിർണായകമായ ആമുഖഗാനങ്ങളും പശ്ചാത്തലസംഗീതവും ഈ ചിത്രങ്ങൾക്കായി അദ്ദേഹം ഒരുക്കി. ചടുലമായ താളങ്ങളും ഹൃദ്യമായ ഈണങ്ങളും സമന്വയിപ്പിച്ച ഈ ഗാനങ്ങൾ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടി. കമൽ ഹാസൻ, വിജയ്, അജിത് കുമാർ, പവൻ കല്യാൺ തുടങ്ങിയ സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾക്കും ദേവ സംഗീതം മാറ്റുകൂട്ടി.
തമിഴകത്തിന്റെ ഗംഭീര സംഗീതജ്ഞന് മലയാളത്തിൽ അർഹിച്ച വരവേൽപ്പ് ലഭിച്ചോ? മോഹൻലാലിന്റെ ‘ദി പ്രിൻസ്’ ചിത്രത്തിന് 1996ൽ ദേവ സംഗീതം സംവിധാനം ചെയ്തു. ഇതിലെ കെ.എസ്. ചിത്രയുടെ ശബ്ദത്തിലെ ‘ശ്യാമയാം രാധികേ…’ ഗാനം ശ്രദ്ധിക്കപ്പെട്ടു. ‘അണ്ണാമലൈ’ സംവിധായകൻ സുരേഷ് കൃഷ്ണ തന്നെയാകാം ദേവയെ മലയാളത്തിന് പരിചയപ്പെടുത്തിയത്. പിന്നീട് ആകെ രണ്ടു ചിത്രങ്ങൾക്ക് കൂടി അദ്ദേഹം സംഗീതം നൽകി. റഹ്മാന്റെ ‘കിംഗ് സോളമൻ’, മമ്മൂട്ടിയുടെ ‘ഫാന്റം’ തുടങ്ങിയ ചിത്രങ്ങളായിരുന്നു അത്. ‘ഫാന്റം’ സിനിമയിലെ ‘വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ…’ ഗാനത്തിന് ഇന്നും ആരാധകരുടെ കാര്യത്തിൽ തെല്ലും കുറവില്ല.
Summary: Tamil music composer Deva played a pivotal role in shaping Rajinikanth’s iconic screen persona, beginning with the 1992 blockbuster Annamalai. His memorable introductory music helped establish the now-famous ‘Superstar Rajini’ identity, even as A.R. Rahman was rising to prominence. Deva continued his successful collaboration with Rajinikanth through films such as Baashha (1995) and Arunachalam (1997), composing energetic songs and powerful background scores. He also contributed music to films featuring Kamal Haasan, Vijay, Ajith Kumar and Pawan Kalyan. In Malayalam cinema, Deva composed for The Prince, King Solomon and Phantom, delivering memorable songs that remain popular
