Last Updated:
ബാങ്കിൽ നിന്ന് മുൻപ് വായ്പ എടുത്തിട്ടില്ലാത്തവർക്ക് ലോൺ നൽകാൻ പുതിയൊരു വഴി കണ്ടെത്തുകയാണ് ബാങ്കുകൾ
സ്വന്തമായി ഒരു വീട് വാങ്ങുക എന്നത് ഏതൊരു സാധാരണക്കാരന്റെയും വലിയൊരു സ്വപ്നമാണ്. എന്നാൽ, ബാങ്കിൽ നിന്ന് ഭവന വായ്പ (Home Loan) എടുക്കാൻ നോക്കുമ്പോൾ പലർക്കും മുന്നിൽ വില്ലനാകുന്നത് സിബിൽ സ്കോർ ഇല്ലെന്ന പ്രശ്നമാണ്. ആദ്യമായി ജോലിയിൽ പ്രവേശിച്ചവർ, ഫ്രീലാൻസർമാർ, കുടിയേറ്റ തൊഴിലാളികൾ എന്നിവരിൽ ഭൂരിഭാഗം പേരും ഒരിക്കലും വായ്പകളോ ക്രെഡിറ്റ് കാർഡുകളോ ഉപയോഗിച്ചിട്ടുണ്ടാകില്ല. കൃത്യമായ മാസവരുമാനവും മികച്ച സാമ്പത്തിക അച്ചടക്കവുമുണ്ടായിട്ടും, ഈ ഒരു കാരണം കൊണ്ട് മാത്രം പലർക്കും ബാങ്കുകൾ ലോൺ നിഷേധിക്കാറുണ്ട്. എന്നാൽ ഈ അവസ്ഥയ്ക്ക് ഇപ്പോൾ വലിയൊരു മാറ്റം വരികയാണ്.
ബാങ്കിൽ നിന്ന് മുൻപ് വായ്പ എടുത്തിട്ടില്ലാത്തവർക്ക് ലോൺ നൽകാൻ പുതിയൊരു വഴി കണ്ടെത്തുകയാണ് ബാങ്കുകളും ധനകാര്യ കമ്പനികളും. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നിങ്ങൾ കൃത്യമായി അടയ്ക്കുന്ന വാടക (Rent). ഒരാൾ വർഷങ്ങളായി സ്വന്തം വരുമാനത്തിന്റെ നല്ലൊരു പങ്ക് മാറ്റിവെച്ച് കൃത്യസമയത്ത് വാടക നൽകുന്നുണ്ടെങ്കിൽ, ഭാവിയിൽ ഭവന വായ്പയുടെ തവണകളും (EMI) അയാൾ കൃത്യമായി അടയ്ക്കും എന്നതിന്റെ തെളിവാണിത്.
ഒരു പഠനമനുസരിച്ച് ഇന്ത്യയിലെ പകുതിയോളം മുതിർന്ന ജനങ്ങൾക്കും കാര്യമായ ക്രെഡിറ്റ് ചരിത്രമില്ല. നഗരങ്ങളിൽ താമസിക്കുന്ന യുവ തൊഴിലാളികൾ തങ്ങളുടെ വരുമാനത്തിന്റെ 20 മുതൽ 30 ശതമാനം വരെ തുകയാണ് എല്ലാ മാസവും വാടകയ്ക്കായി മാറ്റിവെക്കുന്നത്. ഇത്രയും വലിയൊരു തുക ഇവർ കൃത്യമായി നൽകുന്നുണ്ടെങ്കിലും, നിലവിലെ ബാങ്കിംഗ് രീതികൾ ഈ വിവരങ്ങൾ വായ്പ നൽകാൻ കണക്കിലെടുക്കാറില്ല.
വർഷങ്ങളായി എല്ലാ മാസവും 20,000 രൂപയോ 40,000 രൂപയോ കൃത്യമായി വാടക നൽകുന്ന ഒരാൾ, ഒരു വീട്ടുവായ്പയുടെ തവണകൾ കൈകാര്യം ചെയ്യാനുള്ള തന്റെ ശേഷി തെളിയിച്ചു കഴിഞ്ഞുവെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ചില ഫിൻടെക് കമ്പനികൾ വാടകക്കാരുടെ പേയ്‌മെന്റുകൾ പരിശോധിച്ച് അവർക്കായി പ്രത്യേക ‘ആർ സ്കോർ’ (R Score) വികസിപ്പിക്കുന്നുണ്ട്. ഇത് ഉത്തരവാദിത്തമുള്ള വാടകക്കാർക്ക് ഭാവിയിൽ എളുപ്പത്തിൽ വായ്പകൾ ലഭ്യമാക്കാൻ സഹായിക്കും.
വിദേശ രാജ്യങ്ങളിൽ ഫോൺ ബില്ലുകൾ, കറന്റ് ബില്ലുകൾ, ഡിജിറ്റൽ ഇടപാടുകൾ, വാടക എന്നിവ നോക്കിയാണ് ഒരാളുടെ വായ്പാ യോഗ്യത നിശ്ചയിക്കുന്നത്. ഈ രീതി ഇപ്പോൾ ഇന്ത്യൻ വായ്പാ വിപണിയിലേക്കും വരികയാണ്. പ്രമുഖ ബാങ്കുകൾ ഇപ്പോൾ ആദ്യമായി വായ്പയ്‌ക്ക് അപേക്ഷിക്കുന്നവരുടെ ഇത്തരം ബില്ലുകളും ഡിജിറ്റൽ ഇടപാടുകളും പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ട്.
“ലോൺ കിട്ടാൻ ക്രെഡിറ്റ് ചരിത്രം വേണം, എന്നാൽ ക്രെഡിറ്റ് ചരിത്രമുണ്ടാകാൻ ലോൺ വേണം” എന്ന പ്രതിസന്ധിക്കാണ് ഇതിലൂടെ പരിഹാരമാകുന്നത്. അഞ്ചോ ഏഴോ വർഷം കൃത്യമായി വാടകയടച്ച രേഖകൾ ഇനിമുതൽ നിങ്ങളുടെ സാമ്പത്തിക അച്ചടക്കത്തിന്റെ തെളിവായി ബാങ്കുകൾക്ക് മുന്നിൽ സമർപ്പിക്കാം. ഇത് സാധാരണക്കാരായ ശമ്പളക്കാർക്കും തൊഴിലാളികൾക്കും വലിയൊരു അനുഗ്രഹമാകും. ബാങ്കുകളുടെ നിലവിലുള്ള മറ്റ് പരിശോധനകൾ ഇത് പൂർണ്ണമായി ഇല്ലാതാക്കില്ലെങ്കിലും, ആദ്യമായി വീട് വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിശ്വാസ്യത അളക്കാൻ ബാങ്കുകൾക്ക് ഇതൊരു മികച്ച അധിക മാർഗ്ഗമായി മാറും.
സിബിൽ സ്കോറിനോട് പോകാൻ പറ;കൃത്യമായി വാടകയടച്ച രേഖകൾ കയ്യിലുണ്ടോ?ക്രെഡിറ്റ് സ്കോറില്ലെങ്കിലും ഇനി വീട് വാങ്ങാം
