Headlines

സലിം കുമാർ കോൺഗ്രസ്സുകാരനായിരുന്നു എന്നതുകൊണ്ടു മാത്രമാണ് അനാദരവിന്റെ അശ്ലീലം; ജോയ് മാത്യു | സിനിമാ വാർത്ത


Last Updated:

അശ്ലീല കമന്റുകളുടെ സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെ പങ്കുവച്ചുകൊണ്ടാണ് ജോയ് മാത്യു പ്രതികരിച്ചത്

News18
News18

നടൻ സലിം കുമാറിന്റെ മരണവാർത്തകൾക്ക് വന്ന അശ്ലീല കമന്റുകളിൽ രൂക്ഷ വിമർശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്തകളിലാണ് രാഷ്ട്രീയം തലയ്ക്ക് പിടിച്ചവരുടെ അശ്ലീല പരാമർശങ്ങൾ. രാഷ്ട്രീയ പകയുടെ പേരിൽ പ്രമുഖ നടന്റെ മരണത്തിൽ പോലും സന്തോഷിക്കുന്ന കമന്റുകൾക്കാണ് ജോയ് മാത്യൂവിന്റെ വിമർശനം.

സലിം കുമാർ എന്ന അഭിനേതാവിന്റെ മരണം നൽകിയ ദുഃഖത്തേക്കാൾ സംസ്കാരശൂന്യമായ രാഷ്ട്രീയ തിമിരം ബാധിച്ചവരുടെ പ്രതികരണങ്ങളാണ് തന്നെ ഭയപ്പെടുത്തിയതെന്ന് ജോയ് മാത്യു ഫെയ്സ്ബുക്കിൽ കുറിച്ചു. സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വാർത്തകളിലും വളരെ മോശം കമന്റുകളാണ് ചിലർ പങ്കുവച്ചത്. അശ്ലീല കമന്റുകളുടെ സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെ പങ്കുവച്ചുകൊണ്ടാണ് ജോയ് മാത്യു പ്രതികരിച്ചത്.

അവസാനകാലം ഒരുപാട് നുണപറഞ്ഞതല്ലേയെന്നും വി ഡി സതീശന് വേണ്ടി പ്രചാരണം നടത്തിയതിനുള്ള ശിക്ഷയെന്നുമുള്ള തരത്തിലായിരുന്നു ചിലരുടെ പ്രതികരണം. ‘ചത്താലും നഷ്ടമൊന്നുമില്ല, പുഴുത്ത നാക്ക് വിടപറയുന്നു’- എന്നിങ്ങനെ അശ്ലീലം നിറഞ്ഞ കമന്റുകളാണ് വാർത്തയ്ക്ക് വന്നത്.

ജോയ് മാത്യുവിന്റെ പോസ്റ്റിന്റെ പൂർണരൂപം

സലിം കുമാർ എന്ന അഭിനേതാവിന്റെ മരണം നൽകിയ ദുഃഖത്തേക്കാൾ എന്നെ ഭയപ്പെടുത്തിയത് സംസ്കാരം തൊട്ടു തീണ്ടാത്ത, രാഷ്ട്രീയ തിമിരം ബാധിച്ച , വിദ്വേഷ രാഷ്ട്രീയം ആഘോഷമാക്കിയ ഒരു അപരിഷ്കൃത സംഘത്തിന്റെ ചരമ ഗീതങ്ങളാണ്. സലിം കുമാർ ഒരു കോൺഗ്രസ്സുകാരനായിരുന്നു എന്നതുകൊണ്ടു മാത്രമാണ് അദ്ദേഹം മരണമടഞ്ഞിട്ടും ഈ സാമൂഹ്യ വിഷജന്തുക്കൾ അനാദരവിന്റെ അശ്ലീലം കണ്ട് അദ്ദേഹത്തിന്റെ മൃതദേഹത്തെ പുതപ്പിക്കുവാൻ ഉത്സാഹിക്കുന്നത്. സോഷ്യൽ മീഡിയയിൽ മുഖമില്ലാത്തവരായും മുഖമുള്ളവരായും പാർട്ടി നേതാക്കളുടെ മോന്തായമോ പാർട്ടി കൊടിയോ ചിഹ്നമോ പ്രൊഫൈലുകളുമായി സൈബർ പോരാളികൾ (കോമാളികൾ ആണ് ശരിയായ പദം )എന്ന് സ്വയം വിശേഷിപ്പിക്കുന്ന അടിമക്കൂട്ടങ്ങളാണ് ഈ മരണോത്സവ നർത്തകർ.

മനുഷ്യർ പരസ്പരം സ്നേഹിക്കുകയും അപരന്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിക്കുകയും ചെയ്യുന്ന ഒരു കാലം” (ചിരിക്കരുത് )വരുമെന്ന് പറഞ്ഞ മാർക്സിന്റെ അടിവസ്ത്രം അലക്കിയുടുക്കാൻ പോലും അർഹതയില്ലാത്ത ഒരു രാഷ്ട്രീയ സംസ്കാരത്തിനെ എന്ത് പേരിട്ടാണ് നാം വിളിക്കേണ്ടത് ?‌ ഇതല്ല നമ്മുടെ സംസ്കാരം, ഒരു മൃതശരീരത്തോട് – തന്റെ നടന വൈഭവം കൊണ്ട് നമ്മളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത -ഒരു വലിയ കലാകാരനോട് ആദരവ് കാണിച്ചില്ലെങ്കിലും ആ മൃതശരീരത്തെ കുത്തിക്കീറാതിരിക്കൂ, എന്ന് പറയാൻ ശേഷിയുള്ള ഒരു പീറ രാഷ്ട്രീയ /സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല എന്നുള്ളതാണ് നാം ഭയപ്പെടേണ്ട വസ്തുത.

കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിൽ ഈ അശ്ലീല രാഷ്ട്രീയം അടുത്ത അഞ്ചുവർഷം കൊണ്ട് ഭൂമുഖത്ത് നിന്നുതന്നെ തുടച്ചുമാറ്റപ്പെടും എന്ന കാര്യത്തിൽ മാത്രമാണ് നമുക്കാശ്വസിക്കാവുന്നത്“- എന്ന് കുറിച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *