Headlines

വീണ്ടും സമരം വരുന്നോ? സിജെപിക്ക് പിന്നാലെ ഇജെപി, പുതിയ കൂട്ടായ്മയുടെ ലക്ഷ്യം ഇതാണ് | Is Another Protest Brewing In India? After CJP Comes EJP; Here Is The New Collective’s Objective


India

oi-Ashif N

ന്യൂഡല്‍ഹി: ആഴ്ചകള്‍ മാത്രം നീണ്ട സമരത്തിലൂടെ കേന്ദ്ര മന്ത്രിയെ രാജിവെപ്പിച്ച കൊക്രോച്ച് ജനതാ പാര്‍ട്ടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ കൂട്ടായ്മ സജീവമാകുന്നു. ഇ20 പെട്രോള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരേയാണ് ഇ20 ജനതാ പാര്‍ട്ടി (ഇജെപി) എന്ന പേരില്‍ പുതിയ കൂട്ടായ്മ. 100 ശതമാനം ശുദ്ധമായ പെട്രോള്‍ ലഭ്യമാക്കണമെന്ന ആവശ്യമാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലും എക്‌സിലുമാണ് ഇവരുടെ പ്രചാരണം. ഇന്‍സ്റ്റഗ്രാമില്‍ ഇതിനകം 30,000ത്തിനടുത്ത് ഫോളോവേഴ്സുണ്ട്. പെട്രോള്‍ ഇറക്കുമതി കുറയ്ക്കാന്‍ എഥനോള്‍ ചേര്‍ത്തുള്ള ഇന്ധനം രാജ്യവ്യാപകമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ ഇത്തരം ഇന്ധനത്തിനെതിരെ പല കോണില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രം വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.

ethanol janatha party ejp

20 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ വാഹനങ്ങളുടെ ഇന്ധനക്ഷമത കുറയ്ക്കുകയും പാര്‍ട്സുകള്‍ക്ക് കേടുപാടുകള്‍ വരുത്തുതയും ചെയ്യുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ കൂട്ടായ്മ. ഇ20 പെട്രോളിനെ തങ്ങള്‍ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍, അടിച്ചേല്‍പ്പിക്കല്‍ അനുവദിക്കില്ലെന്നുമാണ് ഇവരുടെ നിലപാട്. വാഹന ഉടമകള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയുംവിധം എഥനോള്‍ ചേര്‍ക്കാത്ത പെട്രോള്‍ കൂടി റീട്ടെയില്‍ പമ്പുകളില്‍ ലഭ്യമാക്കണം എന്നാണ് പ്രധാന ആവശ്യം.

നിലവില്‍ പെട്രോളില്‍ 20 ശതമാനം വരെ എഥനോള്‍ ചേര്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ക്രമേണ ഇത് വര്‍ധിപ്പിക്കാനും ആലോചനയുണ്ട്. ഈ വേളയിലാണ് പ്രതിഷേധ കൂട്ടായ്മ സജീവമാകുന്നത്. സര്‍ക്കാര്‍ നയം കാരണം ശുദ്ധമായ പെട്രോള്‍ തിരഞ്ഞെടുക്കാനുള്ള ഉപഭോക്താവിന്റെ അവകാശത്തെ ഇല്ലാതാക്കാനാവില്ലെന്നാണ് കൂട്ടായ്മയുടെ നിലപാട്.

വ്യത്യസ്ത ഇന്ധന മിശ്രിതങ്ങളുടെ ചെലവ്, നേട്ടങ്ങള്‍, ആഘാതം എന്നിവ താരതമ്യം ചെയ്യുന്ന ഡാറ്റ പ്രസിദ്ധീകരിക്കുക, പെട്രോളുകളില്‍ കൃത്യമായ എഥനോള്‍ ഉള്ളടക്കം സൂചിപ്പിക്കുന്ന സുതാര്യമായ ഇന്ധന ലേബലിങ് നടപ്പാക്കുക, മൈലേജ്, എന്‍ജിന്‍ പ്രകടനം, പരിപാലന ചെലവുകള്‍ എന്നിവയെക്കുറിച്ചുള്ള സ്വതന്ത്ര ശാസ്ത്രീയ പഠനങ്ങള്‍ നടത്തുക തുടങ്ങിയ ആവശ്യങ്ങളും കൂട്ടായ്മ ഉന്നയിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ഇജെപിക്ക് പിന്തുണ വര്‍ധിക്കുന്നുണ്ട്. എഥനോളിന്റെ അംശം വര്‍ധിപ്പിക്കുന്നതില്‍ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ കൂട്ടായ്മക്ക് സ്വീകാര്യത വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇജെപി സാമൂഹിക മാധ്യമ ഘടകങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. എഥനോള്‍ ചേര്‍ത്ത പെട്രോളിനെതിരായ പ്രതിഷേധ വാര്‍ത്തകളാണ് ഇവര്‍ പങ്കുവെക്കുന്നത്. ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്കെതിരായ പോസ്റ്റുകളും പങ്കുവെച്ചിട്ടുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *