Headlines

വിജയ് മുഖ്യമന്ത്രിയുടെ സീറ്റില്‍ നിന്ന് ഏഴുന്നേറ്റു; തമിഴ്‌നാട് നിയമസഭയില്‍ ഇതാദ്യം, സംഭവം ഇങ്ങനെ | CM Joseph Vijay Sit With Minister in Tamil Nadu Assembly; Rare Moments Video Viral, Details Here


India

oi-Ashif N

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ തുടര്‍ന്നു വരുന്ന രീതികള്‍ തെറ്റിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്. നിയമസഭയില്‍ മുഖ്യമന്ത്രിക്ക് അനുവദിച്ച സീറ്റില്‍ നിന്ന് മാറി മറ്റു മന്ത്രിമാര്‍ക്കൊപ്പം ഇരിക്കുകയായിരുന്നു വിജയ്. തമിഴ്‌നാട് നിയമസഭയില്‍ ആദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രി മറ്റു മന്ത്രിമാര്‍ക്കൊപ്പം അവരുടെ സീറ്റില്‍ ഇരിക്കുന്നത്. ഇതിന്റെ വീഡിയോ അതിവേഗം വൈറലായി.

ഇന്ന് നിയമസഭയില്‍ എത്തിയ ഉടനെ വിജയ് ഇരുന്നത് മുഖ്യമന്ത്രിക്ക് അനുവദിച്ച സീറ്റില്‍ തന്നെ ആയിരുന്നു. അല്‍പ്പ നേരത്തിന് ശേഷം അദ്ദേഹം മാറി മറ്റു മന്ത്രിമാര്‍ക്കൊപ്പം ഇരിക്കുകയായിരുന്നു. മന്ത്രിമാരായ കെ സെങ്കോട്ടയ്യന്‍, ആദവ് അര്‍ജുന എന്നിവര്‍ക്കൊപ്പമാണ് വിജയ് ഇരുന്നത്. പിന്നീട് അവരുമായി സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.

vijay with ministers seat in tamil nadu assembly

കേരള നിയമസഭയില്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന മന്ത്രിമാരും ഒരു നിരയിലാണ് ഇരിക്കാറ്. എന്നാല്‍ തമിഴ്‌നാട് നിയമസഭയില്‍ മുഖ്യമന്ത്രിക്ക് മാത്രമായി ഇരിക്കാന്‍ ഒരു സീറ്റുണ്ട്. സ്പീക്കറുടെ ഡയസിന് അടുത്താണ് ഈ സീറ്റ്. ശേഷമാണ് മന്ത്രിമാരുടെ സീറ്റുകള്‍ വരുന്നത്. മുതിര്‍ന്ന മന്ത്രിമാര്‍ ആദ്യമിരിക്കും. സീനിയോരിറ്റി അനുസരിച്ച് സീറ്റുകളില്‍ മാറ്റമുണ്ടാകും.

മന്ത്രിമാര്‍ ഇരിക്കുന്നതിന്റെ എതിര്‍വശത്താണ് പ്രതിപക്ഷാംഗങ്ങളുടെ ഇരിപ്പിടം. ആദ്യം പ്രതിപക്ഷ നേതാവും ശേഷം അംഗബലം അനുസരിച്ച് മറ്റു കക്ഷി നേതാക്കളും… പിന്‍നിരയിലേക്ക് പ്രതിപക്ഷ എംഎല്‍എമാര്‍ ഇരിക്കും. ഇങ്ങനെയാണ് തമിഴ്‌നാട് നിയമസഭയിലെ ഇരിപ്പിടം ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ വ്യാഴാഴ്ച വിജയ് മാറി ഇരുന്നതാണ് ചര്‍ച്ചയായത്.

മന്ത്രിമാര്‍ക്ക് അനുവദിച്ച സീറ്റില്‍ ഇന്നുവരെ തമിഴ്‌നാട്ടിലെ മറ്റൊരു മുഖ്യമന്ത്രിയും ഇരുന്നിട്ടില്ല എന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുന്നോട്ട് പോകുന്ന വിജയ് തമിഴ്‌നാട്ടില്‍ വലിയ തരംഗമാണ്. അദ്ദേഹത്തിന്റെ ഓരോ തീരുമാനങ്ങള്‍ക്കും കൈയ്യടി ലഭിക്കുന്നുണ്ട്. ഇന്ത്യ ടുഡെ നടത്തിയ സര്‍വ്വെയില്‍ പ്രധാനമന്ത്രിയാകാന്‍ പേര് നിര്‍ദേശിക്കപ്പെട്ടവരില്‍ നരേന്ദ്ര മോദിക്കും രാഹുല്‍ ഗാന്ധിക്കും ശേഷം വിജയുടെ പേരാണുള്ളത്.

അതായത്, വിജയ് ദേശീയ തലത്തില്‍ പുതിയ രാഷ്ട്രീയ നേതാവായി അംഗീകരിക്കപ്പെടുന്നു എന്നതാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉദയത്തോടെ തമിഴ്‌നാട്ടില്‍ നിലനിന്നിരുന്ന ദ്രവീഡിയന്‍ ചേരി പൊളിഞ്ഞു. സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും താല്‍പ്പര്യമുള്ള ഒട്ടേറെ പദ്ധതികളാണ് വിജയ് പ്രഖ്യാപിക്കുന്നത്. കൂടാതെ പരന്തൂര്‍ വിമാനത്താവളത്തിന് കൃഷി ഭൂമി ഏറ്റെടുത്ത നടപടി റദ്ദാക്കിയ വിജയുടെ നടപടിയും വലിയ ചര്‍ച്ചയാണ്. 100 ദിവസത്തിനിടെ ഇത്രയും ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ചതാണ് വിജയ്ക്ക് വാര്‍ത്തകളില്‍ ഇടം നല്‍കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *