Headlines

‘വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവന’, ഷംസീറിനെ അപമാനിച്ച വെള്ളാപ്പള്ളി നടേശനെതിരെ സിപിഎം|”Statement that fuels communalism”: CPM slams Vellappally Natesan for insulting A N Shamseer


Kerala

oi-Sajitha Gopie

തിരുവനന്തപുരം: മുൻ സ്പീക്കർ കൂടിയായ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എഎൻ ഷംസീറിന് എതിരെ വർഗീയ പരാമർശം നടത്തിയ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എതിരെ സിപിഎം. ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയത് വർഗീയതയ്ക്ക് വളം വെയ്ക്കുന്ന പ്രസ്താവന ആണെന്ന് സിപിഎം കുറ്റപ്പെടുത്തി.

എഎൻ ഷംസീർ കമ്മ്യൂണിസ്റ്റുകാരനല്ലെന്നും അദ്ദേഹത്തിന് ലീഗുകാരന്റെ മനസ്സാണ് എന്നുമാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. പിണറായിയെ പോലുളളവർ നിരവധി ത്യാഗം സഹിച്ച് അധികാര സ്ഥാനങ്ങളിൽ എത്തിയപ്പോൾ ഷംസീർ ചുളുവിലാണ് അധികാരത്തിലെത്തിയതെന്നും വെള്ളാപ്പള്ളി എസ് എൻ ട്രസ്റ്റ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കവെ പറഞ്ഞു.

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ വലിയ പങ്കുവഹിച്ച എസ്എൻഡിപിയുടെ സെക്രട്ടറി സ്ഥാനത്ത് ഇരിക്കുന്ന ആളിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത വാക്കുകളാണ് വെള്ളാപ്പള്ളിയിൽ നിന്നുണ്ടായത് എന്ന് സിപിഎം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. അസമത്വവും അജ്ഞതയുമാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രുക്കൾ എന്ന വരികളും ശ്രീനാരായണ ഗുരുവിന്റെ ചിത്രവും പങ്കുവെച്ചാണ് വിവാദത്തോട് എഎൻ ഷംസീറിന്റെ പരോക്ഷ പ്രതികരണം.

CPM

സിപിഎം പ്രസ്താവനയുടെ പൂർണരൂപം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടത്തിയത്. സി.പി.ഐ എം സംസ്ഥാന കമ്മിറ്റി അംഗവും, മുന്‍ സ്‌പീക്കറുമായ എ.എന്‍ ഷംസീറിന്‌ ലീഗിന്റെ ശബ്ദമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്‌താവന ഈ ദിശയിലുള്ളതാണ്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ടി എല്ലാ വിഭാഗങ്ങളിലും പെട്ട ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട്‌ സാമൂഹ്യ മാറ്റത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ്‌. ഒരേ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ടി നേതാക്കളെയും, പ്രവര്‍ത്തകരെയും വിഭജിച്ച്‌ കാണുന്ന രീതി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്‌.

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വളരെ വലുതാണ്‌. എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്‌. കേരളത്തിന്റെ മതനിരപേക്ഷ മനസ്സ്‌ രൂപപ്പെടുന്നതിന്‌ ഈ നിലപാട്‌ നല്‍കിയ സംഭാവന വളരെ വലുതാണ്‌. ആ സംഘടനയുടെ സെക്രട്ടറി സ്ഥാനം വഹിക്കുന്ന ഒരാളില്‍ നിന്ന്‌ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളിയില്‍ നിന്നും ഉണ്ടായത്.



Source link

Leave a Reply

Your email address will not be published. Required fields are marked *