സീത യഥാർഥത്തിൽ യുദ്ധം ചെയ്തിട്ടുണ്ടോ? പുരാണഗ്രന്ഥങ്ങൾ ഇക്കാര്യത്തിൽ എന്താണ് പറയുന്നത്?
വാല്മീകി രാമായണമനുസരിച്ച്, 14 വർഷത്തെ വനവാസകാലത്ത് രാക്ഷസന്മാർക്കെതിരായ യുദ്ധങ്ങളിലൊന്നിലും സീത ശ്രീരാമനൊപ്പം നേരിട്ട് പോരാടുന്നില്ല. ശൂർപ്പണഖയെ നേരിട്ടത് ലക്ഷ്മണനാണ്. വിരാധനെന്ന രാക്ഷസനോട് രാമനും ലക്ഷ്മണനും ചേർന്നാണ് ഏറ്റുമുട്ടിയത്. ഖരനെയും ദൂഷണനെയും അവരുടെ സൈന്യത്തെയും ശ്രീരാമൻ ഒറ്റയ്ക്കാണ് നേരിട്ടത്.
എന്നാൽ, ‘അദ്ഭുത രാമായണം’ സീതയെ ശക്തിയുടെ അവതാരമായാണ് ചിത്രീകരിക്കുന്നത്. ആയിരം തലകളുള്ള രാവണനായ സഹസ്രരാവണൻ ശ്രീരാമനെ പരാജയപ്പെടുത്തുമ്പോൾ സീത മഹാകാളിയുടെ രൂപം സ്വീകരിച്ച് രാക്ഷസനോട് നേരിട്ട് യുദ്ധം ചെയ്യുന്നുവെന്നാണ് ഈ ഗ്രന്ഥത്തിലെ പരാമർശം. സീതയുടെ പോരാളി രൂപത്തിന് പ്രാധാന്യം നൽകുന്നുണ്ടെങ്കിലും, ഈ സംഭവത്തിന്റെ പശ്ചാത്തലവും കഥയുടെ കാലക്രമവും വാല്മീകി രാമായണത്തിൽനിന്ന് വ്യത്യസ്തമാണ്.
ലോസ് ആഞ്ചലസിൽ നടന്ന ചിത്രത്തിന്റെ പ്രീമിയറിനിടെ അന്താരാഷ്ട്ര മാധ്യമങ്ങളോട് സംസാരിക്കവെയാണ് സംവിധായകൻ നിതേഷ് തിവാരി സീതയുടെ യുദ്ധരംഗത്തെക്കുറിച്ച് വിശദീകരിച്ചത്.
“സീതയ്ക്കും ചിത്രത്തിൽ ആക്ഷൻ രംഗങ്ങളുണ്ട്. ചില കഥാപാത്രങ്ങളുടെ കാര്യത്തിൽ സർഗാത്മക സ്വാതന്ത്ര്യം ഉപയോഗിക്കാമെന്നും മറ്റു ചില കഥാപാത്രങ്ങളുടെ കാര്യത്തിൽ അത്തരം സ്വാതന്ത്ര്യങ്ങൾ അനുവദിക്കാനാകില്ലെന്നും ഞങ്ങൾക്ക് വ്യക്തമായ ധാരണയുണ്ട്. ഉദാഹരണത്തിന്, നമ്മുടെ രാജ്യത്തെ രാമായണത്തിന്റെ എല്ലാ പതിപ്പുകളിലും ശ്രീരാമൻ ശ്രീരാമൻ തന്നെയാണ്,” അദ്ദേഹം പറഞ്ഞു.
“സീതാദേവിക്ക് പോരാളിയുടെ രൂപവുമുണ്ട്. ‘അദ്ഭുത രാമായണ’ത്തിൽ സീതയെ പോരാളിയായ രാജകുമാരിയായാണ് ചിത്രീകരിക്കുന്നത്. ആ ഭാഗമാണ് സിനിമയ്ക്കായി സ്വീകരിച്ചത്. ഇത് സീത എന്ന കഥാപാത്രത്തിന് കൂടുതൽ ആഴവും മനോഹാരിതയും നൽകുന്നു,” നിതേഷ് തിവാരി കൂട്ടിച്ചേർത്തു.
അതേസമയം, ‘രാമായണം’ സിനിമയ്ക്ക് ന്യൂസ് 18 മൂന്ന് സ്റ്റാർ നൽകി. ചിത്രത്തെക്കുറിച്ചുള്ള നിരൂപണത്തിൽ സമ്മിശ്ര പ്രതികരണമാണ് രേഖപ്പെടുത്തിയത്.
ദൃശ്യഭംഗി, വിഎഫ്എക്സ്, ചിത്രത്തിന്റെ ആവിഷ്കാരവ്യാപ്തി എന്നിവയിൽ സിനിമ മികച്ച നിലവാരം പുലർത്തുന്നുവെന്നാണ് നിരൂപണത്തിലെ വിലയിരുത്തൽ. യാഷിന്റെയും രവി ദുബെയുടെയും പ്രകടനങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായി ചൂണ്ടിക്കാട്ടി.
എന്നാൽ, അനാവശ്യമായി നീണ്ടുപോകുന്ന ആദ്യ പകുതി, കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലെ പോരായ്മകൾ, പ്രധാനപ്പെട്ട പൗരാണിക സന്ദർഭങ്ങൾ തിടുക്കത്തിൽ കൈകാര്യം ചെയ്ത രീതി എന്നിവ സിനിമയുടെ മൊത്തത്തിലുള്ള മികവിനെ ബാധിക്കുന്നതായും നിരൂപണത്തിൽ പറയുന്നു. ഈ പരിമിതികൾ മികച്ചൊരു ഇതിഹാസ സിനിമാനുഭവമെന്ന നിലയിലേക്ക് ചിത്രത്തെ ഉയരുന്നതിൽനിന്ന് തടയുന്നുവെന്നാണ് ന്യൂസ് 18-ന്റെ വിലയിരുത്തൽ.
Summary: ‘Ramayana’ has become a topic of discussion soon after its release. While the film has received praise for its storytelling and the performances of its cast, a scene depicting Goddess Sita fighting demons alongside Lord Rama during their exile has drawn criticism. Some viewers have questioned the portrayal, arguing that Sita never fought alongside Rama and that the film has altered historical and mythological accounts