Headlines

യുഎസിൽ എച്ച്-1ബി വിസക്കാർക്ക് 60 ദിവസത്തെ ഗ്രേസ് പീരീഡ്‌ ഒഴിവാക്കാൻ നീക്കം; തിരിച്ചടി ഇന്ത്യക്കാർക്ക് | Move To Scrap 60 Day Grace Period For H 1B Visa Holders In The US A Setback For Indians


International

oi-Nidhin Illikkambath

ന്യൂഡൽഹി: എച്ച്-1ബി വിസയിലെത്തി ജോലി നഷ്‌ടപ്പെടുന്ന വിദേശ തൊഴിലാളികൾക്ക് പുതിയ ജോലി കണ്ടെത്തുന്നതിനായി അമേരിക്കയിൽ നിലവിലുള്ള 60 ദിവസത്തെ ഗ്രേസ് പിരീഡ് ഒഴിവാക്കാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട നിർദേശം നിലവിൽ വൈറ്റ് ഹൗസിലെ ഓഫീസ് ഓഫ് മാനേജ്മെന്റ് ആൻഡ് ബജറ്റ് പരിശോധിച്ചുവരികയാണ്. എന്നാൽ ഇത് ഇതുവരെ നിയമമായിട്ടില്ല. നിർദേശിച്ചിരിക്കുന്ന മാറ്റങ്ങളുടെ പൂർണ വിശദാംശങ്ങളും നിലവിൽ പൊതുജനങ്ങൾക്ക് ലഭ്യമല്ല.

നിലവിലെ ചട്ടത്തിൽ മാറ്റം വരുത്തിയാൽ, തൊഴിൽ നഷ്‌ടപ്പെടുന്ന ചില വിദേശ തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കും അമേരിക്കയിൽ തുടരുന്നതിനുള്ള സമയം വളരെ കുറയാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജോലി നഷ്‌ടപ്പെട്ടതിന് പിന്നാലെ തന്നെ രാജ്യം വിടേണ്ട സാഹചര്യം പോലും ചിലർക്ക് ഉണ്ടായേക്കാം.

US

നിലവിൽ, ഒരു വിദേശ തൊഴിലാളിയുടെ ഇമിഗ്രേഷൻ സ്‌റ്റാറ്റസിന് അടിസ്ഥാനമായ ജോലി അവസാനിച്ചാലും, അനുവദിച്ചിരിക്കുന്ന താമസകാലാവധി അവസാനിക്കുന്നതിന് മുമ്പാണെങ്കിൽ, ചില വിഭാഗങ്ങളിൽപ്പെട്ട തൊഴിലാളികൾക്ക് തുടർച്ചയായി പരമാവധി 60 ദിവസം അമേരിക്കയിൽ തുടരാം. പുതിയ ജോലി കണ്ടെത്തുന്നതിനോ മറ്റൊരു തൊഴിൽദാതാവിലേക്ക് മാറുന്നതിനോ ഇമിഗ്രേഷൻ സംബന്ധമായ മറ്റ് മാർഗങ്ങൾ പരിശോധിക്കുന്നതിനോ ഈ കാലയളവ് സഹായിക്കുന്നു.

എന്നാൽ പുതിയ നിർദ്ദേശം നടപ്പിലായാൽ, ജോലി നഷ്‌ടപ്പെട്ടതിന് ശേഷം പുതിയ തൊഴിൽ കണ്ടെത്താൻ വിദേശ തൊഴിലാളികൾക്ക് ലഭിക്കുന്ന നിർണായക സമയമാണ് ഇല്ലാതാകുക. ഇത് അമേരിക്കയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിലും വലിയ ആശങ്കയ്ക്ക് ഇടയാക്കാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ജോലി നഷ്‌ടമായ ഉടൻ വിദേശ തൊഴിലാളികൾക്ക് രാജ്യം വിടേണ്ടി വരും.

അമേരിക്കയിലെ എച്ച്-1ബി വിദഗ്‌ധ തൊഴിലാളി വിസ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്നവരിൽ ഇന്ത്യക്കാരാണ്. 2024 സാമ്പത്തിക വർഷത്തിൽ അംഗീകരിച്ച എച്ച്-1ബി അപേക്ഷകളിലെ 71 ശതമാനം ഗുണഭോക്താക്കളും ഇന്ത്യയിൽ ജനിച്ചവരായിരുന്നുവെന്ന് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് കണക്കുകൾ വ്യക്തമാക്കുന്നു.

അതിനിടെ യുഎസിൽ ഇന്ത്യൻ വംശജരായ 52 ലക്ഷത്തിലധികം ആളുകൾ താമസിക്കുന്നതായാണ് യുഎസ് സെൻസസ് വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. വിദഗ്‌ധരായ വിദേശ തൊഴിലാളികൾക്ക് ജോലി നഷ്‌ടപ്പെടുന്ന സാഹചര്യത്തിൽ കൂടുതൽ സൗകര്യം നൽകുന്നതിനായി 2017ലാണ് നിലവിലെ 60 ദിവസത്തെ ഗ്രേസ് പിരീഡ് കൊണ്ടുവന്നത്.

ഈ നിയമപ്രകാരം, ചില നോൺ-ഇമിഗ്രന്റ് തൊഴിലാളികൾക്ക് ജോലി അവസാനിച്ചാൽ പരമാവധി 60 ദിവസം വരെ അമേരിക്കയിൽ തുടരാം. എന്നാൽ അവരുടെ അനുവദിച്ചിട്ടുള്ള താമസകാലാവധി അതിനുമുമ്പ് അവസാനിക്കുന്നുണ്ടെങ്കിൽ, അതാണ് ബാധകമാകുക.

ഇ-1, ഇ-2, ഇ-3, എച്ച്-1ബി, എച്ച്-1ബി1, എൽ-1, ഒ-1, ടിഎൻ തുടങ്ങിയ വിവിധ വിസ വിഭാഗങ്ങളിൽപ്പെട്ട തൊഴിലാളികൾക്ക് ഈ വ്യവസ്ഥ ബാധകമാണ്. ഇവരുടെ ആശ്രിതർക്കും ഇതിന്റെ പരിരക്ഷ ലഭിക്കും.
ജോലി നഷ്‌ടപ്പെട്ട ശേഷം പുതിയ തൊഴിലുടമയെ കണ്ടെത്താനും പുതിയ വിസയ്ക്കായി അപേക്ഷിക്കാനും അല്ലെങ്കിൽ അമേരിക്കയിൽ നിയമപരമായി തുടരാനുള്ള മറ്റ് മാർഗങ്ങൾ പരിശോധിക്കാനും ഈ 60 ദിവസത്തെ കാലയളവ് നിർണായകമാണ്.

അതിനാൽ, നിർദേശിച്ചിരിക്കുന്ന മാറ്റം നിലവിൽ വന്നാൽ അമേരിക്കയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്ക്, പ്രത്യേകിച്ച് എച്ച്-1ബി വിസയിലുള്ള നിരവധി ഇന്ത്യക്കാർക്ക്, ജോലി നഷ്‌ടപ്പെടുന്ന സാഹചര്യത്തിൽ വലിയ സമ്മർദ്ദം നേരിടേണ്ടിവരാൻ സാധ്യതയുണ്ട്. എങ്കിലും ഈ ഈ നിർദ്ദേശം ഇപ്പോഴും നിയമമായി വന്നിട്ടില്ല.



Source link

Leave a Reply

Your email address will not be published. Required fields are marked *