Last Updated:
അറബിക്കടലിന്റെ തീരത്ത് ദക്ഷിണ മുംബൈയിൽ സ്ഥിതി ചെയ്യുന്ന മലബാർ ഹിൽ, ആഡംബര വസതികൾക്കും ഹരിതാഭയ്ക്കും മികച്ച സൗകര്യങ്ങൾക്കും പേരുകേട്ട ഒരു പ്രദേശമാണ്
മുംബൈയിലെ അറിയപ്പെടുന്ന പ്രശസ്തമായ മലബാർ ഹില്ലിൽ നടൻ അക്ഷയ് വിനോദ് ഖന്ന ആഡംബര അപ്പാർട്ട്മെന്റ് സ്വന്തമാക്കി. 33.26 കോടി രൂപയാണ് ഇതിനായി അദ്ദേഹം മുടക്കിയത്.
അക്ഷയ് ഖന്നയുടെ കരിയർ ഇപ്പോൾ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. ‘ധുരന്ധർ’ എന്ന ചിത്രത്തിൽ റഹ്മാൻ ഡക്കൈറ്റ് എന്ന വേഷം അവതരിപ്പിച്ചതിന് പിന്നാലെയാണ് മുംബൈയിലെ മലബാർ ഹില്ലിൽ കോടികൾ മുടക്കി അദ്ദേഹം പുതിയ ആഡംബര ഫ്ലാറ്റ് വാങ്ങിയിരിക്കുന്നത്.
‘സ്ക്വയർ യാർഡ്സ്’ പരിശോധിച്ച പ്രോപ്പർട്ടി രജിസ്ട്രേഷൻ രേഖകൾ പ്രകാരം 2026 സെപ്റ്റംബറിലാണ് നടൻ ഈ അപ്പാർട്ട്മെന്റ് വാങ്ങിയത്. 2,341.39 ചതുരശ്ര അടി കാർപെറ്റ് ഏരിയയുള്ള ഈ ഫ്ലാറ്റിൽ 175.45 ചതുരശ്ര അടിയുടെ മറ്റൊരു ബാൽക്കണിയുമുണ്ട്.
ഇതുപ്രകാരം ആകെ വിസ്തൃതി 2,516.84 ചതുരശ്ര അടിയാണ്. ഇതിനൊപ്പം മൂന്ന് കാർ പാർക്കിംഗ് യൂണിറ്റുകളുമുണ്ട്. ഈ ഇടപാടിന് വലിയ തുക സ്റ്റാമ്പ് ഡ്യൂട്ടിയായും നൽകേണ്ടി വന്നിട്ടുണ്ട്. സ്ക്വയർ യാർഡ്സ് പരിശോധിച്ച രേഖകൾ പ്രകാരം 1.99 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും 30,000 രൂപ രജിസ്ട്രേഷൻ ഫീസുമാണ് ഇതിനായി വന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് അക്ഷയ് ഖന്നയുടെ പ്രതികരണം ലഭ്യമല്ല.
അറബിക്കടലിന്റെ തീരത്ത് ദക്ഷിണ മുംബൈയിൽ സ്ഥിതി ചെയ്യുന്ന മലബാർ ഹിൽ, ആഡംബര വസതികൾക്കും ഹരിതാഭയ്ക്കും മികച്ച സൗകര്യങ്ങൾക്കും പേരുകേട്ട ഒരു പ്രദേശമാണ്.
പ്രശസ്ത നടൻ വിനോദ് ഖന്നയുടെ മകനാണ് അക്ഷയ് ഖന്ന. ദശാബ്ദങ്ങൾ നീണ്ട കരിയറിൽ വിവിധ തരത്തിലുള്ള കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ദിൽ ചാഹ്താ ഹൈ, ഗാന്ധി മൈ ഫാദർ, ഹൽചൽ, റേസ്, ദൃശ്യം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന സിനിമകളാണ്. അടുത്തിടെ റിലീസ് ചെയ്ത ‘ഛാവ’യിൽ ഔറംഗസീബായും ‘ധുരന്ധർ’ എന്ന ചിത്രത്തിൽ റഹ്മാൻ ഡക്കൈറ്റായും അദ്ദേഹം അഭിനയിച്ചിരുന്നു. ഈ രണ്ട് ചിത്രങ്ങളും ബോക്സ് ഓഫീസിൽ വലിയ വിജയങ്ങൾ നേടിയിരുന്നു.
മുംബൈയിൽ ആഡംബര വസതികളിൽ താമസമാക്കിയവരിൽ ദക്ഷിണേന്ത്യൻ താരങ്ങളുമുണ്ട്. തെന്നിന്ത്യയിലെ ഒരു സൂപ്പർ താരവും ഭാര്യയും മുംബൈ നഗരത്തിലെ പച്ചപ്പ് നിറഞ്ഞ ഒരു പ്രദേശത്തെ വിശാലമായ അപ്പാർട്ട്മെന്റിൽ വാടക നൽകി താമസിച്ചുവരികയായിരുന്നു. ഇതിനിടെ പുതുതായി വിവാഹിതനായ മുംബൈക്കാരനായ സൂപ്പർ താരത്തിന്റെ കണ്ണിൽ ഈ അപ്പാർട്ട്മെന്റ് പെട്ടു. നിലവിലുള്ള വാടകയുടെ മൂന്നിരട്ടി നല്‍കാൻ തയാറായി അദ്ദേഹം മുന്നോട്ടുവന്നു. പിന്നാലെ ദക്ഷിണേന്ത്യൻ താരത്തിനും ഭാര്യക്കും ഇവിടെ നിന്ന് ഒഴിയേണ്ടിവന്നുവെന്നതും ഇപ്പോൾ ചർച്ചാ വിഷയമാണ്.
