Last Updated:
രേഖകൾ അനുസരിച്ച്, 1,017.60 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പ്ലോട്ടിലാണ് വസ്തു സ്ഥിതി ചെയ്യുന്നത്
ബോളിവുഡ് നടൻ ജോൺ എബ്രഹാം (John Abraham) മുംബൈയിൽ പുതിയ വസതി സ്വന്തമാക്കി. ബാന്ദ്ര വെസ്റ്റിലെ ബംഗ്ലാവ് 84 കോടി രൂപയ്ക്ക് താരം വാങ്ങിയതെന്നാണ് റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് വിവരദാതാക്കളായ ‘ലിയാസസ് ഫോറാസ്’ ലഭ്യമാക്കിയ വസ്തു രജിസ്ട്രേഷൻ രേഖകൾ പ്രകാരം, ബാന്ദ്ര വെസ്റ്റിലെ സെന്റ് മാർട്ടിൻ റോഡിലാണ് ജോൺ എബ്രഹാം സ്വന്തമാക്കിയ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.
രേഖകൾ അനുസരിച്ച്, 1,017.60 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പ്ലോട്ടിലാണ് വസ്തു സ്ഥിതി ചെയ്യുന്നത്. ഇതിൽ 193.12 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ബംഗ്ലാവും 31.50 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഔട്ട്‌ഹൗസും ഉൾപ്പെടുന്നു. 2026 ജൂലൈ 14നാണ് 84 കോടി രൂപയുടെ ഇടപാട് രജിസ്റ്റർ ചെയ്തത്. ഇടപാടിന്റെ ഭാഗമായി ജോൺ എബ്രഹാം 5.04 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായി അടച്ചതായും രേഖകളിൽ പറയുന്നു.
നൗഷിർ എരുച്ച് ഡിവിത്രെ, ഫ്രെഡൺ എരുച്ച് ഡിവിത്രെ, ക്രിസ്റ്റൽ ഫിറോസ് ഡിവിത്രെ, എരുച്ച് ഫിറോസ് ഡിവിത്രെ എന്നിവരിൽ നിന്നാണ് രജിസ്റ്റർ ചെയ്ത കൺവെയൻസ് ഡീഡ് മുഖേന ഈ ഫ്രീഹോൾഡ് വസ്തു ജോൺ എബ്രഹാം സ്വന്തമാക്കിയത്.
2023 ഡിസംബറിലും ജോൺ എബ്രഹാം മുംബൈയിൽ വൻ റിയൽ എസ്റ്റേറ്റ് ഇടപാട് നടത്തിയിരുന്നു. ‘ഇൻഡക്സ് ടാപ്പ് ഡോട്ട് കോം’ പുറത്തുവിട്ട രേഖകൾ പ്രകാരം, ഖാർ മേഖലയിലെ 7,722 ചതുരശ്ര അടി വിസ്തീർണമുള്ള പ്ലോട്ടും അതിലെ 5,416 ചതുരശ്ര അടി വിസ്തീർണമുള്ള ബംഗ്ലാവും 70.83 കോടി രൂപയ്ക്കാണ് അദ്ദേഹം വാങ്ങിയത്.
ഖാറിലെ ലിങ്കിംഗ് റോഡിൽ സ്ഥിതി ചെയ്യുന്ന ഈ വസ്തുവിന്റെ ഇടപാട് 2023 ഡിസംബർ 27നാണ് രജിസ്റ്റർ ചെയ്തത്. ഇതിനായി ജോൺ എബ്രഹാം 4.24 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായി നൽകിയതായും രേഖകളിൽ വ്യക്തമാക്കുന്നു.
സിനിമാ രംഗത്തും ജോൺ എബ്രഹാം പുതിയ വെല്ലുവിളിയുമായി എത്തുകയാണ്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന പുതിയ ജീവചരിത്ര ചിത്രത്തിൽ മുൻ മുംബൈ പൊലീസ് കമ്മീഷണർ രാകേഷ് മരിയയുടെ വേഷം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.
ഇന്ത്യയിലെ ഏറ്റവും ആദരണീയരായ പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളായ രാകേഷ് മരിയയെ അവതരിപ്പിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്ന് ജോൺ എബ്രഹാം നേരത്തെ വ്യക്തമാക്കിയിരുന്നു.
രാകേഷ് മരിയയുടെ ആത്മകഥയായ ‘ലെറ്റ് മീ സേ ഇറ്റ് നൗ’ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ വ്യക്തിജീവിതവും ഔദ്യോഗിക ജീവിതത്തിലെ നിർണായക സംഭവങ്ങളും പ്രമേയമാകുന്നു.
1993ലെ മുംബൈ സീരിയൽ സ്ഫോടനങ്ങളും 26/11 മുംബൈ ഭീകരാക്രമണവും ഉൾപ്പെടെ രാജ്യത്തെ ശ്രദ്ധേയമായ നിരവധി ക്രിമിനൽ, ഭീകരവാദ കേസുകളുടെ അന്വേഷണത്തിൽ രാകേഷ് മരിയ വഹിച്ച പങ്കും സിനിമയിൽ അവതരിപ്പിക്കും.
Summary: Bollywood actor John Abraham has acquired a new residence in Mumbai. The actor has reportedly purchased a bungalow in Bandra West for 84 crore. According to property registration documents accessed from real estate data provider Liases Foras, the bungalow purchased by John Abraham is located on St. Martin Road in Bandra West
Thiruvananthapuram,Kerala
Jul 21, 2026 12:37 PM IST
