Last Updated:
‘മലയാള സിനിമ എന്നും നിലനിൽക്കുന്ന സെക്കുലർ പ്ലാറ്റഫോം ആണ്. അതിനെ കുറിച്ചാണ് ചർച്ച ചെയ്യേണ്ടത്. ചില ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് വലിയ ഭവിഷ്യത്താണ്’
നടി അൻസിബ ഹസനെ പിന്തുണച്ച് സംവിധായകൻ കമൽ രംഗത്ത്. അൻസിബയ്ക്കെതിരായ ആരോപണം ആശങ്കപ്പെടുത്തുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ആരോപണത്തെ ഗൗരവമായി പരിഗണിക്കണം ഒരു സാമൂഹിക പ്രശ്നമാണ്. അൻസിബയെ കേൾക്കാൻ തയ്യാറാകണം. ഒളിഞ്ഞും തെളിഞ്ഞും മലയാള സിനിമയിൽ സംഘപരിവാറിന്റെ അനുരണനങ്ങൾ ഉണ്ടെന്നും കമല് പറഞ്ഞു.
മലയാള സിനിമ എന്നും നിലനിൽക്കുന്ന സെക്കുലർ പ്ലാറ്റഫോം ആണ്. അതിനെ കുറിച്ചാണ് ചർച്ച ചെയ്യേണ്ടത്. ചില ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് വലിയ ഭവിഷ്യത്താണ്. അമ്മ കുറെ വർഷങ്ങളായി നിലനിൽക്കുന്ന സംഘടന. സംഘടനയുടെ പ്രവർത്തനങ്ങളെ അനുമോദിക്കുന്നു. ഇപ്പോൾ നടക്കുന്നത് ആഭ്യന്തര പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
അന്തരിച്ച നടൻ സലിം കുമാറിന് സ്മാരകം പണിയുന്ന വിഷയത്തിലും കമൽ പ്രതികരിച്ചു. കലാകാരൻമാർക്ക് ഒരു സ്ഥലത്തു സ്മാരകം ഒരുക്കണം. പ്രതിമകൾ തന്നെ വേണം എന്ന് ഇല്ല. ഒരു സ്ഥലത്തു ആണെങ്കിൽ അത് ടൂറിസ്റ്റ് കേന്ദ്രമായി മാറുമെന്നും കമൽ പറഞ്ഞു.
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഔദ്യോഗിക ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ താനില്ലെന്ന് നടി അൻസിബ ഹസ്സൻ. സോഷ്യൽ മീഡിയയിലൂടെയാണ് അൻസിബ തന്റെ നിലപാട് വ്യക്തമാക്കിയത്.
“സ്നേഹത്തിന് നന്ദി. പുതിയ തുടക്കങ്ങൾക്കായി വഴിമാറുന്നു, മാറ്റം അനിവാര്യമാണ്, അത് കരുത്തുള്ള യുവതലമുറയിൽ നിന്നാകട്ടെ,” എന്ന തലക്കെട്ടോടെയാണ് അൻസിബ കുറിപ്പ് പങ്കുവച്ചത്.
“പ്രിയപ്പെട്ടവരേ, എന്റെ ജീവിതയാത്രയിൽ എനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ്. അതിന് വാക്കുകൾ കൊണ്ട് നന്ദി പറയുന്നത് അപൂർണമായിരിക്കും. ഒപ്പം നിൽക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തിൽ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ് എൻ്റെ ഏറ്റവും വലിയ പുരസ്കാരം.
‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട്, ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. ശക്തവും, കരുണയും, ആർജ്ജവവുമുള്ള ഒരു പുതിയ യുവനിര ഇതിനായി കടന്നുവരട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. സ്നേഹത്തോടെ, അൻസിബ ഹസൻ.”
Kochi [Cochin],Ernakulam,Kerala
‘മലയാള സിനിമയിൽ ഒളിഞ്ഞും തെളിഞ്ഞും സംഘപരിവാറിന്റെ അനുരണനങ്ങളുണ്ട്’ അൻസിബയെ പിന്തുണച്ച് സംവിധായകൻ കമൽ
