Headlines

ഭീഷണി അമേരിക്കൻ പ്രസിഡന്റുമാർക്ക് പുത്തരിയല്ലെന്ന് ഡൊണാൾഡ് ട്രംപ്; വിമാനം മാറിക്കയറിയത് സ്ഥിരീകരിച്ചു | Donald Trump Says Threats Are Nothing New For US Presidents Confirms Switching Planes


India

oi-Nidhin Illikkambath

വാഷിങ്ടൺ: ഇറാനിൽ നിന്നുള്ള വധഭീഷണിയെ തുടർന്ന് നാറ്റോ ഉച്ചകോടിക്ക് ശേഷം തനിക്ക് രഹസ്യമായി മറ്റൊരു വിമാനത്തിലേക്ക് മാറേണ്ടിവന്നതായി സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സുരക്ഷാ വിഭാഗത്തിന്റെയും യുഎസ് സൈന്യത്തിന്റെയും നിർദ്ദേശങ്ങൾ അനുസരിച്ചാണ് താൻ വിമാനം മാറ്റിയതെന്നും ഭീഷണിയുടെ വിശദാംശങ്ങൾ അന്വേഷിച്ചില്ലെന്നും ട്രംപ് പറഞ്ഞു.

ട്രംപിനെ തുർക്കിയിൽ നിന്ന് ചെറിയ സൈനിക വിമാനത്തിലാണ് രഹസ്യമായി മാറ്റിയത്. അതേസമയം, അദ്ദേഹത്തിന്റെ യഥാർഥ സ്ഥാനം മറച്ചുവയ്ക്കാൻ സാധാരണയായി ഉപയോഗിക്കുന്ന എയർഫോഴ്‌സ് വൺ വിമാനം ഡിക്കോയ് വിമാനമായി ഉപയോഗിച്ചുവെന്നാണ് വിവരം. വിമാനത്താവളത്തിനുള്ളിൽ ട്രംപിനെ ഒരു കാറ്ററിങ് ട്രക്കിലാണ് മറ്റൊരു വിമാനത്തിലേക്ക് കൊണ്ടുപോയതെന്നും റിപ്പോർട്ടുണ്ട്.

donald trump

വിമാനം മാറ്റിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ഭീഷണിയുടെ കൃത്യമായ വിവരങ്ങൾ താൻ അന്വേഷിച്ചില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥരും സൈന്യവും പറയുന്നത് അനുസരിക്കുക മാത്രമാണ് ചെയ്‌തതെന്നും ട്രംപ് പറഞ്ഞു. സീക്രട്ട് സർവീസിനെയും സൈന്യത്തെയും ഞാൻ വിശ്വസിക്കുന്നു. മറ്റൊരു വിമാനത്തിൽ പോകണമെന്ന് അവർ ആവശ്യപ്പെട്ടു; അദ്ദേഹം പറഞ്ഞു.

ഞാൻ അവരുടെ നിർദ്ദേശം അനുസരിച്ചു. അവിടെ എന്തോ ഭീഷണിയുണ്ടായിരുന്നുവെന്ന് തോന്നുന്നു. അതിനെക്കുറിച്ച് ഞാൻ കൂടുതൽ അന്വേഷിച്ചില്ല. എനിക്ക് നിരവധി ഭീഷണികൾ ലഭിക്കാറുണ്ട്; ട്രംപ് പറഞ്ഞു. എന്നാൽ താൻ രഹസ്യമായി യാത്ര ചെയ്‌ത ചെറിയ സൈനിക വിമാനത്തിനാണ് കൂടുതൽ അപകടസാധ്യത ഉണ്ടായിരുന്നതെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ആക്രമിക്കാൻ ശ്രമിക്കുന്നവർ ആ വിമാനത്തെയാണ് കൂടുതൽ ലക്ഷ്യമിടാൻ സാധ്യതയുള്ളതെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

തന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ട്രംപ് നിസാരവത്കരിക്കുകയും ചെയ്‌തു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. യുഎസ് പ്രസിഡന്റുമാർക്ക് നിരവധി ഭീഷണികൾ ലഭിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് അറിയാത്ത നിരവധി ഭീഷണികളുണ്ടെന്നും, താൻ അതിനെക്കുറിച്ച് വലിയ ആശങ്കപ്പെടാറില്ലെന്നും ട്രംപ് വ്യക്തമാക്കി.

ജൂലൈയിൽ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ട്രംപിനെതിരായ ഇറാൻ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഈ സുരക്ഷാ നടപടി സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്. ഖത്തർ സമ്മാനിച്ച ബോയിങ് 747-8 വിമാനത്തിലാണ് ട്രംപ് തുർക്കിയിലെത്തിയത്. എന്നാൽ പഴയ എയർഫോഴ്‌സ് വൺ വിമാനങ്ങളെ അപേക്ഷിച്ച് ഈ വിമാനത്തിന് ആവശ്യമായ പ്രതിരോധ സംവിധാനങ്ങൾ കുറവാണെന്ന ആശങ്ക സുരക്ഷാ ഉദ്യോഗസ്ഥർക്കുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

ട്രംപിനെയോ അദ്ദേഹം സഞ്ചരിക്കുന്ന വിമാനത്തെയോ ലക്ഷ്യമിട്ട് ഇറാനിൽ നിന്ന് ആക്രമണമുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് യുഎസ് ഉദ്യോഗസ്ഥർക്ക് രഹസ്യവിവരം ലഭിച്ചതായാണ് റിപ്പോർട്ടുകൾ. തുടർന്ന് ട്രംപ് മടങ്ങിപ്പോകാൻ എത്തിയ അതേ വിമാനത്തിൽ യാത്ര ചെയ്യേണ്ടതില്ലെന്ന് സീക്രട്ട് സർവീസ് തീരുമാനിക്കുകയായിരുന്നു.

പകരം അദ്ദേഹത്തെ ചെറിയ എയർഫോഴ്‌സ് C-32A സൈനിക വിമാനത്തിലേക്ക് മാറ്റുകയായിരുന്നു. ഈ മാറ്റം രഹസ്യമായാണ് നടത്തിയത്. ട്രംപ് വിമാനത്താവളത്തിലെ കാറ്ററിങ് വാഹനത്തിനുള്ളിൽ യാത്ര ചെയ്‌താണ് മറ്റൊരു വിമാനത്തിലെത്തിയതെന്നാണ് റിപ്പോർട്ട്. യുഎസ് പ്രസിഡന്റിന് നേരെയുണ്ടായ ഭീഷണിയും പിന്നീടുള്ള നാടകീയ സംഭവങ്ങളും വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയതിന് പിന്നാലെയാണ് ട്രംപ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചത്.



Source link

Leave a Reply

Your email address will not be published. Required fields are marked *