Headlines

ഭാര്യയുടെ കാൻസർ ചികിത്സയ്ക്കായി 81-ാം വയസ്സിലും 14 മണിക്കൂർ ജോലി ചെയ്ത് ഭർത്താവ് | Buzz News


Last Updated:

കുടുംബത്തിന്റെ ചെലവുകൾക്കും മരുന്നുകൾക്കുമായി പണം കണ്ടെത്താനാണ് മൂന്ന് വർഷം മുമ്പ് വയോധികൻ ലഗേജ് ഡെലിവറി ജോലി ഏറ്റെടുത്തത്

News18
News18

ഭാര്യയുടെ കാൻസർ ചികിത്സയ്ക്കായി 81-ാം വയസ്സിലും കഠിനമായ ശാരീരിക അധ്വാനത്തിൽ ഏർപ്പെട്ട ടെക്സസ് സ്വദേശിക്ക് സഹായപ്രവാഹം. തന്റെ നഷ്ടപ്പെട്ട ലഗേജ് വീടിന്റെ പടികൾ കയറ്റി കൊണ്ടുവരുന്നതിനിടയിൽ അവശനായ ഡോൺ ജോൺസൺ എന്ന വൃദ്ധന്റെ ദൃശ്യം ഒരു ഉപഭോക്താവ് ക്യാമറയിൽ പകർത്തിയതോടെയാണ് ഈ ദയനീയ കാഴ്ച പുറംലോകം അറിയുന്നത്.

ഡല്ലാസ്-ഫോർട്ട് വർത്ത് മേഖലയിൽ താമസിക്കുന്ന എറിൻ ഹവൽ എന്ന സ്ത്രീയുടേതായിരുന്നു ലഗേജ്. അടുത്തിടെയുണ്ടായ വിമാനയാത്രയിൽ ലഗേജ് നഷ്ടപ്പെട്ട എറിന് അത് എത്തിച്ചു നൽകാനാണ് ഡോൺ ജോൺസൺ എത്തിയത്. ഭാരമേറിയ ലഗേജുകൾ വലിയ പടികൾ കയറി കൊണ്ടുവരുമ്പോൾ അദ്ദേഹം വല്ലാതെ തളർന്നിരുന്നുവെന്നും അദ്ദേഹത്തിന്റെ ഓരോ കാലടിവെപ്പും ഏറെ പ്രയാസപ്പെട്ടായിരുന്നുവെന്നും എറിൻ ഹവൽ ഗോഫണ്ട്മെയിൽ (GoFundMe) കുറിച്ചു. ഈ പ്രായത്തിൽ ഒരാൾ ഇത്രയധികം കഠിനാധ്വാനം ചെയ്യുന്നത് തന്റെ ഹൃദയത്തെ തകർത്തു കളഞ്ഞുവെന്നും അദ്ദേഹം ,തന്റെ ഭാര്യയുടെ ജീവനുവേണ്ടിയാണ് ജോലി ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

57 വർഷമായി ഒരുമിച്ച് ജീവിക്കുന്ന ഡോൺ ജോൺസണും ഭാര്യ ജോസഫിനും മകളുടെ കൂടെയാണ് താമസം. എന്നാൽ ജോസഫിന് മാരകമായ കാൻസർ ബാധിച്ചതോടെ ചികിത്സാച്ചെലവുകൾ കുത്തനെ ഉയർന്നു. കുടുംബത്തിന്റെ ചെലവുകൾക്കും മരുന്നുകൾക്കുമായി പണം കണ്ടെത്താനാണ് മൂന്ന് വർഷം മുമ്പ് അദ്ദേഹം ലഗേജ് ഡെലിവറി ജോലി ഏറ്റെടുത്തത്. “പ്രായമായ എനിക്ക് മറ്റ് ജോലികളൊന്നും കിട്ടിയില്ല,” ജോൺസൺ പറഞ്ഞു. ആമസോണിലും വാൾമാർട്ടിലും ഉൾപ്പെടെ പലസ്ഥലങ്ങളിലും ജോലിക്ക് ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

സാഹചര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടായതോടെ 81-ാം വയസ്സിലും ദിവസവും 14 മണിക്കൂറോളം അദ്ദേഹം ജോലി ചെയ്തു. നൂറുകണക്കിന് കിലോമീറ്ററുകൾ വണ്ടി ഓടിച്ച് ഭാരമുള്ള ബാഗുകൾ എടുത്തുള്ള യാത്ര അദ്ദേഹത്തിന്റെ കാറിനെയും തകർത്തു. ഭാര്യയെ ജീവൻ സംരക്ഷിക്കാൻ വേണ്ടി മാത്രം ഈ പ്രായത്തിലും അദ്ദേഹം റോഡുകളിൽ കഷ്ടപ്പെടുകയാണെന്ന് എറിൻ പറഞ്ഞു.

തുടർന്ന് ഡോൺ ജോൺസണെ സഹായിക്കാനായി എറിൻ ഹവൽ ഓൺലൈൻ വഴി ധനസമാഹരണം ആരംഭിച്ചു. സെപ്റ്റംബർ 2 മുതൽ ആരംഭിച്ച ഈ കാമ്പെയ്‌നിലൂടെ ഇതിനകം തന്നെ 3 ലക്ഷം ഡോളർ ലക്ഷ്യമിട്ടതിൽ 2,44,000 ഡോളറിലധികം (ഏകദേശം 2.87 കോടി രൂപ) സമാഹരിക്കാനായി. ഈ സഹായം തന്നെ കഠിനാധ്വാനത്തിൽ നിന്ന് മോചിപ്പിക്കുമെന്ന് ജോൺസൺ പ്രതികരിച്ചു. തങ്ങളുടെ ബുദ്ധിമുട്ടുകൾ ഏറെക്കുറെ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം സന്തോഷം പങ്കുവെച്ചു. കാൻസറുമായി പൊരുതുന്ന ഭാര്യ ജോസഫിനും ഈ സഹായം വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രാർത്ഥനകളും പിന്തുണയും തനിക്ക് വലിയൊരു മാറ്റമാണ് സമ്മാനിച്ചതെന്ന് ജോസഫ് വ്യക്തമാക്കി.



Source link

Leave a Reply

Your email address will not be published. Required fields are marked *