Headlines

ബെംഗളൂരു-മൈസൂരു ദേശീയപാതയിലെ ടോള്‍ വീണ്ടും വര്‍ധിപ്പിച്ചു; മൂന്ന് മാസത്തിനിടെ രണ്ടാം തവണ! | Bengaluru-Mysuru Highway Toll Hiked Again, Second Time Within Three Months, Passengers Protest


India

oi-Jithin TP

ബെംഗളൂരു-മൈസൂരു ദേശീയപാതയിലെ ടോള്‍ നിരക്ക് വീണ്ടും വര്‍ധിപ്പിച്ചു. ബെംഗളൂരു-മൈസൂരു ആക്‌സസ്-കണ്‍ട്രോള്‍ഡ് ഹൈവേയിലെ കനിമിനികെ, ശേഷഗിരിഹള്ളി ടോള്‍ പ്ലാസകളില്‍ ആണ് ടോള്‍നിരക്ക് മൂന്ന് മാസത്തിന് ശേഷം വീണ്ടും വര്‍ധിപ്പിച്ചത്. നാഷണല്‍ ഹൈവേ അതോറിറ്റിയുടേതാണ് നടപടി. ജൂലൈ 21-ന് അര്‍ദ്ധരാത്രി മുതല്‍ പരിഷ്‌കരിച്ച നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.

ദി ഹിന്ദുവാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. 2026 ഏപ്രില്‍ 1-ന് ബെംഗളൂരു-മൈസൂരു ഹൈവേയിലെ ടോള്‍ നിരക്കുകള്‍ പരിഷ്‌കരിച്ചിരുന്നതാണ്. മൂന്ന് മാസത്തിനിടൈ വീണ്ടും ടോള്‍ നിരക്ക് പരിഷ്‌കരിച്ചത് യാത്രക്കാരില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പുതിയ ടോള്‍ വിജ്ഞാപനം പ്രകാരം, പാതയിലെ ടോള്‍ പ്ലാസകള്‍ ഉപയോഗിക്കുന്ന എല്ലാ വിഭാഗം വാഹനങ്ങള്‍ക്കും ഉയര്‍ന്ന നിരക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Bengaluru-Mysuru Highway

ദേശീയപാത 275 ലെ ആറ് വരി ബെംഗളൂരു-നിഡഘട്ട പാത ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക്, ബെംഗളൂരു അര്‍ബന്‍ ജില്ലയിലെ കനിമിനികെ ഗ്രാമത്തിന് സമീപമുള്ള കനിമിനികെ ടോള്‍ പ്ലാസയിലും ബെംഗളൂരു സൗത്തിലെ ശേഷഗിരിഹള്ളി ഗ്രാമത്തിന് സമീപമുള്ള ശേഷഗിരിഹള്ളി ടോള്‍ പ്ലാസയിലും പരിഷ്‌കരിച്ച നിരക്കുകള്‍ ബാധകമായിരിക്കും. കാറുകള്‍, ജീപ്പുകള്‍, വാനുകള്‍, ബസുകളും ട്രക്കുകളും, മള്‍ട്ടി-ആക്‌സില്‍, വലിപ്പമേറിയ വാഹനങ്ങള്‍ എന്നിവയ്‌ക്കെല്ലാം നിരക്ക് വര്‍ധനവ് ബാധകമാണ്.

ഒറ്റത്തവണ യാത്രയ്ക്കുള്ളതും മടക്കയാത്രയ്ക്കുള്ളതുമായ ടോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കണ്‍സെഷന്‍ കരാര്‍ പ്രകാരം അനുവദനീയമായ ടോള്‍ പരിഷ്‌കരണ നടപടികളുടെ ഭാഗമായാണ് ഈ വര്‍ധനവ് എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. മൊത്തവില സൂചിക അടിസ്ഥാനമാക്കി കണക്കാക്കുന്ന പണപ്പെരുപ്പത്തിന് അനുസരിച്ചുള്ള ക്രമീകരണങ്ങള്‍ നടത്താറുണ്ട് എന്നും ഇത്തരം പരിഷ്‌കരണങ്ങള്‍ പതിവ് നടപടിക്രമമാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

എന്നാല്‍ കുറഞ്ഞ കാലയളവിനുള്ളില്‍ ടോള്‍ നിരക്കുകള്‍ പലതവണ വര്‍ധിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല എന്നും തുടര്‍ച്ചയായ യാത്രകള്‍ക്കുള്ള മൊത്തം ചെലവ് ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ് എന്നും യാത്രക്കാര്‍ പറയുന്നു. ഈ അധിക ചെലവുകള്‍ ഒടുവില്‍ ഉയര്‍ന്ന ചരക്ക് കൂലിയായോ യാത്രാ നിരക്കായോ ഉപഭോക്താക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടേക്കാമെന്ന് ഗതാഗത വിദഗ്ധര്‍ പറഞ്ഞു.

ബെംഗളൂരു-മംഗളൂരു സാമ്പത്തിക ഇടനാഴിയുടെ ഭാഗമായ പാതയാണ് ബെംഗളൂരു-മൈസൂരു ആക്‌സസ്-കണ്‍ട്രോള്‍ഡ് എക്‌സ്പ്രസ്വേ. ഈ പാത ബെംഗളൂരുവില്‍ നിന്ന് ആരംഭിച്ച് മൈസൂരുവിലൂടെ 119 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 6-വരി എക്‌സ്പ്രസ്വേയായും, തുടര്‍ന്ന് ബിലിഗെരെ വരെ 4-വരി പാതയായും കടന്നുപോയി ബന്ത്വാളില്‍ അവസാനിക്കുന്നു. തീരദേശ നഗരമായ മംഗളൂരുവിനെ ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്ന പാതയാണിത്.

ദേശീയപാത 275 എന്ന് അറിയപ്പെടുന്ന ഈ റോഡ് വന്നതോടെയാണ് ബെംഗളൂരുവും മൈസൂരുവും തമ്മിലുള്ള യാത്രാസമയം 3 മണിക്കൂറില്‍ നിന്ന് 75 മിനിറ്റായി കുറയ്ക്കാന്‍ സാധിച്ചത്.



Source link

Leave a Reply

Your email address will not be published. Required fields are marked *