Headlines

ബെംഗളൂരു നമ്മ മെട്രോ യെല്ലോ ലൈൻ; 14-ാമത്തെ ട്രെയിൻസെറ്റ് എത്തി, ഇനി കാത്തിരിപ്പ് സമയം കുറയും..! | Bengaluru Namma Metro Yellow Line; 14th Trainset Arrives, Waiting Time To Decrease


India

oi-Nidhin Illikkambath

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിനായി 14-ാമത്തെ ട്രെയിൻസെറ്റ് എത്തി. ആറു കോച്ചുകളുള്ള ട്രെയിൻ സെറ്റാണ് എത്തിയിരിക്കുന്നത്. ഇതോടെ യെല്ലോ ലൈനിലേക്ക് ആവശ്യമായ മുഴുവൻ ട്രെയിൻ സെറ്റുകളും എത്തിക്കുന്ന നടപടികൾ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പുതിയ ട്രെയിൻ ഹെബ്ബഗോഡി മെട്രോ ഡിപ്പോയിൽ എത്തിച്ച ശേഷം കോച്ചുകൾ തമ്മിൽ ബന്ധിപ്പിച്ച് പ്രാഥമിക പരിശോധനകൾക്കായി ഇൻസ്പെക്ഷൻ ബേയിലേക്ക് മാറ്റിയിട്ടുണ്ട്.

യെല്ലോ ലൈനിനായി ടിറ്റാഗഡ് റെയിൽ സിസ്‌റ്റംസ് ലിമിറ്റഡ് വിതരണം ചെയ്യാനുള്ള ട്രെയിനുകളിൽ ഇനി ഒരെണ്ണം മാത്രമാണ് ബാക്കി. അവസാന ട്രെയിനും അടുത്ത ഏതാനും ആഴ്‌ചകൾക്കുള്ളിൽ എത്തുമെന്നാണ് മെട്രോ അധികൃതരുടെ പ്രതീക്ഷ. സർവീസ് ആരംഭിക്കുന്നതിന് മുമ്പ് പുതിയ ട്രെയിൻ വിവിധ സുരക്ഷാ, പ്രകടന പരിശോധനകൾ വിജയകരമായി പൂർത്തിയാക്കണം.

bengaluru

ആദ്യം വൈദ്യുത, യന്ത്ര, സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കുന്ന സ്‌റ്റാറ്റിക് ടെസ്‌റ്റുകൾ നടത്തും. തുടർന്ന് മെട്രോ പാതയിൽ 750 കിലോമീറ്റർ ദൈർഘ്യമുള്ള ഡൈനാമിക് ടെസ്‌റ്റുകളും നടക്കും. രാത്രി മെട്രോ സർവീസ് അവസാനിച്ച ശേഷമാണ് ഈ പരീക്ഷണ ഓട്ടങ്ങൾ നടത്തുക. ബ്രേക്കിംഗ്, വേഗത കൂട്ടുന്ന സംവിധാനം, സിഗ്നലിങ് സംവിധാനം, ട്രെയിനിന്റെ മൊത്തത്തിലുള്ള പ്രവർത്തനം എന്നിവ ഈ ഘട്ടത്തിൽ വിലയിരുത്തും.

എല്ലാ നിർബന്ധിത പരിശോധനകളും വിജയകരമായി പൂർത്തിയാക്കി ആവശ്യമായ അനുമതികൾ ലഭിച്ചതിന് ശേഷമേ പുതിയ ട്രെയിൻ യാത്രക്കാർക്കായി സർവീസ് ആരംഭിക്കൂ. 19.75 കിലോമീറ്റർ ദൈർഘ്യമുള്ള യെല്ലോ ലൈനിൽ നിലവിൽ 10 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ഇതിലൂടെ തിരക്കേറിയ സമയങ്ങളിൽ ഏഴ് മിനിറ്റ് ഇടവേളയിലാണ് സർവീസ്. അടുത്ത് തന്നെ മറ്റൊരു ട്രെയിനും സർവീസിൽ ഉൾപ്പെടുത്തും.

ഇതിനുപുറമെ രണ്ട് ട്രെയിൻസെറ്റുകൾ കൂടി പരീക്ഷണത്തിന്റെ അവസാനഘട്ടത്തിലാണ്. അടുത്ത ഒരു മാസത്തിനുള്ളിൽ 15 ട്രെയിനുകളും സർവീസിന് സജ്ജമാകുമെന്നാണ് മെട്രോ അധികൃതർ പ്രതീക്ഷിക്കുന്നത്. അതോടെ തിരക്കേറിയ സമയങ്ങളിലെ ട്രെയിനുകൾക്ക് ഇടയിലെ ഇടവേള ഏഴ് മിനിറ്റിൽ നിന്ന് അഞ്ച് മിനിറ്റായി കുറയും. ഇത് യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുകയും കൂടുതൽ ആളുകളെ സർവീസുകളിൽ ഉൾക്കൊള്ളാനും സഹായിക്കുകയും ചെയ്യും.

അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ സർവീസ് തടസപ്പെടാതിരിക്കാൻ രണ്ട് ട്രെയിൻസെറ്റുകൾ റിസർവായി നിലനിർത്താനും അധികൃതർ പദ്ധതിയിടുന്നു. യെല്ലോ ലൈൻ മെട്രോയിൽ യാത്രക്കാരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ട്രെയിൻ സെറ്റുകൾ കൂടുതലായി കൊണ്ടുവരാൻ മെട്രോ പദ്ധതിയിടുന്നത്.

യെല്ലോ ലൈനിലെ യാത്രക്കാരുടെ എണ്ണം വർധിക്കുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിൽ 2027 മുതൽ ബിഇഎംഎൽ ആറ് പുതിയ ട്രെയിൻസെറ്റുകൾ കൂടി വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ യെല്ലോ ലൈനിലെ ട്രെയിനുകളുടെ എണ്ണം കൂടുതൽ വർധിപ്പിച്ച് ഭാവിയിൽ യാത്രക്കാരുടെ തിരക്ക് കാര്യക്ഷമമായി കൈകാര്യം ചെയ്യാനും സർവീസ് കൂടുതൽ മെച്ചപ്പെടുത്താനും കഴിയുമെന്ന് അധികൃതർ കരുതുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *