Headlines

ബെംഗളൂരുവിലെ ട്രെയിൻ യാത്രക്കാർക്ക് നല്ല വാർത്ത; കെഎസ്ആർ സ്‌റ്റേഷനിൽ പുതിയ മേൽക്കൂരയും ലിഫ്റ്റും! | Good News For Train Passengers In Bengaluru; New Roof And Lift At KSR Station


India

oi-Nidhin Illikkambath

ബെംഗളൂരു: ആയിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസമേകുന്ന നടപടിയായി കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്‌റ്റേഷനിൽ പ്ലാറ്റ്ഫോം മേൽക്കൂരയും യാത്രക്കാർക്കായുള്ള ലിഫ്റ്റും സ്ഥാപിക്കുന്നതിനുള്ള ജോലികൾ സൗത്ത് വെസ്‌റ്റേൺ റെയിൽവേ ആരംഭിച്ചു. ഒരുപാട് നാളായി നഗരത്തിലെ സ്ഥിരം ട്രെയിൻ യാത്രക്കാർ ആവശ്യപ്പെടുന്ന മാറ്റത്തിനാണ് ഇപ്പോൾ തുടക്കമായിരിക്കുന്നത്.

ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്‌റ്റേഷനുകളിലൊന്നായ കെഎസ്ആർ ബെംഗളൂരുവിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും നിലവിൽ പൂർണമായ മേൽക്കൂരാ സൗകര്യമില്ല. വടക്കൻ കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലേക്കുള്ള ദീർഘദൂര ട്രെയിനുകൾക്ക് പ്രധാനമായും ഉപയോഗിക്കുന്ന എട്ടാം നമ്പർ പ്ലാറ്റ്ഫോമിലാണ് പുതുതായി മേൽക്കൂര സ്ഥാപിക്കുന്നത്.

bengaluru

ഒക്ടോബറോടെ മേൽക്കൂരയുടെ നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് സൗത്ത് വെസ്‌റ്റേൺ റെയിൽവേയുടെ ബെംഗളൂരു ഡിവിഷൻ പ്രതീക്ഷിക്കുന്നത്. മഴക്കാലത്ത് യാത്രക്കാർക്ക് പ്രത്യേകിച്ച് ഇത്തരം മേൽക്കൂരാ സൗകര്യങ്ങൾ ഏറെ ആവശ്യമാണെന്ന് സൗത്ത് വെസ്‌റ്റേൺ റെയിൽവേയുടെ സോണൽ റെയിൽവേ ഉപയോക്തൃ കൂടിയാലോചന സമിതി മുൻ അംഗം ഭാരത് കുമാർ ജെയിനിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഇതിന് പുറമെ ഒൻപതാം നമ്പർ പ്ലാറ്റ്‌ഫോമിൽ യാത്രക്കാർക്കായി ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള ജോലികളും ആരംഭിച്ചിട്ടുണ്ട്. പ്ലാറ്റ്‌ഫോമിനെ മേൽപ്പാലവുമായി ബന്ധിപ്പിക്കുന്ന തരത്തിലായിരിക്കും ലിഫ്റ്റ് ഒരുക്കുന്നത്. പ്രായമായവർ, കുട്ടികൾ, ഭിന്നശേഷിക്കാർ, ഭാരമേറിയ ലഗേജുകളുമായി യാത്ര ചെയ്യുന്നവർ തുടങ്ങിയവർക്ക് പുതിയ സൗകര്യം ഏറെ പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്.

പ്രതിദിനം ശരാശരി രണ്ട് ലക്ഷം യാത്രക്കാരാണ് കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്‌റ്റേഷൻ വഴി യാത്ര ചെയ്യുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തിരക്കേറിയ സ്‌റ്റേഷനിൽ യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ പ്രധാന ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്.

അതിനിടെ നിരവധി വർഷത്തെ ആസൂത്രണത്തിനും അനുമതികൾക്കും ശേഷം കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ എന്നിവിടങ്ങളിലെ പ്രവർത്തനപരമായ പരിമിതികൾ നീക്കുന്നതിനുള്ള നടപടികൾ സൗത്ത് വെസ്‌റ്റേൺ റെയിൽവേ ശക്തമാക്കിയിരുന്നു. ഓഗസ്‌റ്റ് നാലിന് കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്‌റ്റേഷനിലെ യാർഡ് പുനഃക്രമീകരണത്തിന്റെ ആദ്യഘട്ടം സൗത്ത് വെസ്‌റ്റേൺ റെയിൽവേ പൂർത്തിയാക്കിയിരുന്നു.

2017ൽ ആദ്യമായി അനുമതി ലഭിച്ച പദ്ധതിയുടെ ഭാഗമായി നിരവധി നിർമ്മാണ, അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്. നേരത്തെ വന്ദേ ഭാരത്, ശതാബ്‌ദി പോലുള്ള താരതമ്യേന നീളം കുറഞ്ഞ ട്രെയിനുകൾക്ക് മാത്രമായി ഉപയോഗിച്ചിരുന്ന ഏഴാം നമ്പർ പ്ലാറ്റ്‌ഫോം ഇപ്പോൾ കൂടുതൽ നീളമുള്ള ട്രെയിനുകൾക്കും ഉപയോഗിക്കാനാകും. പ്ലാറ്റ്‌ഫോമിന്റെ നീളം 449 മീറ്ററിൽ നിന്ന് 600 മീറ്ററായി വർധിപ്പിച്ചതോടെയാണ് ഈ സൗകര്യം ലഭിച്ചത്.

ഇതിന് പുറമെ, ബെംഗളൂരു കന്റോൺമെന്റിൽ നിന്നുള്ള ട്രെയിനുകൾക്ക് ഇനി ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തിച്ചേരാനും അതേസമയം രണ്ടാം, മൂന്നാം, നാലാം പ്ലാറ്റ്ഫോമുകളിൽ നിന്ന് ബെംഗളൂരു കന്റോൺമെന്റ് ഭാഗത്തേക്ക് ട്രെയിനുകൾ പുറപ്പെടാനും കഴിയും. ഇതോടെ ട്രെയിനുകളുടെ വരവും പുറപ്പെടലും കൂടുതൽ കാര്യക്ഷമമായി നിയന്ത്രിക്കാനും സ്‌റ്റേഷനിലെ പ്രവർത്തന തടസങ്ങൾ കുറയ്ക്കാനും സാധിക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *