Last Updated:
ആദ്യ ബാഹുബലി ചിത്രം 2015 ജൂലൈയിലാണ് റിലീസ് ചെയ്തത്. ഇതിന്റെ രണ്ടാം ഭാഗമായ ‘ബാഹുബലി: ദി കൺക്ലൂഷൻ’ 2017 ഏപ്രിലിൽ തിയേറ്ററുകളിലെത്തി
സംവിധായകൻ എസ് എസ് രാജമൗലി തന്റെ ബാഹുബലി ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രവുമായി ഉടൻ തിരിച്ചെത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. അടുത്തിടെ ‘ബാഹുബലി: ദി ടോർച്ച്ബെയറർ’ എന്ന ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ പ്രീമിയർ ചെയ്തിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രങ്ങളിലൊന്നിന്റെ നിർമാണ വേളയിൽ ക്യാമറയ്ക്ക് പിന്നിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് പ്രഭാസ്, റാണ ദഗുബാട്ടി, അനുഷ്ക ഷെട്ടി ഉൾപ്പെടെയുള്ള പ്രധാന അഭിനേതാക്കൾ ഇതിൽ സംസാരിക്കുന്നുണ്ട്.
ഈ ഡോക്യുമെന്ററിയിലെ ഒരു പ്രത്യേക ചർച്ചയ്ക്കിടയിലാണ് റാണ ദഗുബാട്ടി ‘ബാഹുബലി 3’ യെക്കുറിച്ച് സൂചന നൽകിയത്. ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്തതനുസരിച്ച് റാണ പറഞ്ഞത് ഇങ്ങനെയായിരുന്നു: “ഇത് ഞാൻ പരസ്യമായി പറയണമോ എന്ന് എനിക്കറിയില്ല, എന്നാൽ രാജമൗലിയും ശോഭു ഗാരുവും (നിർമാതാവ്) ഇവിടെയില്ലാത്തതുകൊണ്ട് എന്റെ മനസ്സിലുള്ളത് ഞാൻ പറയാം. ലോകം ഒരുപക്ഷേ ഇതിനായി ഇതുവരെ തയാറായിട്ടുണ്ടാകില്ല, എങ്കിലും ഇനിയും കൂടുതൽ ബാഹുബലി ചിത്രങ്ങൾ ഉണ്ടാകും!”. ഇത് കേട്ട് പ്രഭാസും അനുഷ്ക ഷെട്ടിയും ചിരിക്കുകയായിരുന്നു.
ഇതിന് പിന്നാലെ പ്രഭാസ് തന്റെ കൈവിരലുകൾ കൊണ്ട് ‘മൂന്ന്’ എന്ന് കാണിക്കുന്നതും കാണാമായിരുന്നു. ഇത് ‘ബാഹുബലി 3’ അണിയറയിൽ ഒരുങ്ങുന്നുണ്ടോ എന്ന് നെറ്റിസൺസിനെ ചിന്തിപ്പിച്ചു. കൂടാതെ, ഡോക്യുമെന്ററിയുടെ അവസാന എപ്പിസോഡിൽ പ്രഭാസ് “ആൻഡ് ദി ലെഗസി കണ്ടിന്യൂസ്” എന്ന് പറഞ്ഞാണ് അവസാനിപ്പിച്ചത് എന്നതും എല്ലാവരും ശ്രദ്ധിച്ചു.
രാജമൗലി ‘ബാഹുബലി 3’ ആസൂത്രണം ചെയ്യുന്നുണ്ടാകാമെന്ന രീതിയിൽ ഇത് വലിയ ഊഹാപോഹങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ടെങ്കിലും, ചിത്രത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
ആദ്യ ബാഹുബലി ചിത്രം 2015 ജൂലൈയിലാണ് റിലീസ് ചെയ്തത്. പ്രഭാസിനൊപ്പം റാണ ദഗുബാട്ടി, തമന്ന ഭാട്ടിയ, അനുഷ്ക ഷെട്ടി എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ബാഹുബലി: ദി കൺക്ലൂഷൻ’ 2017 ഏപ്രിലിൽ തിയേറ്ററുകളിലെത്തി. രണ്ട് ചിത്രങ്ങളും ബോക്സ് ഓഫീസിൽ വൻ വിജയമാവുകയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു.
2025ൽ, ബാഹുബലി ഫീച്ചർ ഫിലിം പ്രപഞ്ചത്തെ അടിസ്ഥാനമാക്കി ‘ബാഹുബലി: ക്രൗൺ ഓഫ് ബ്ലഡ്’ എന്ന ആനിമേഷൻ പരമ്പരയും അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു.
ബാഹുബലി ഫ്രാഞ്ചൈസി പല വഴികളിലൂടെയും മാധ്യമങ്ങളിലൂടെയും വിപുലീകരിക്കാൻ പോകുകയാണെന്ന് കഴിഞ്ഞ വർഷം ഒരു പരിപാടിക്കിടെ എസ് എസ് രാജമൗലി സ്ഥിരീകരിച്ചിരുന്നു. ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് പ്രകാരം അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “പടിഞ്ഞാറൻ രാജ്യങ്ങളിൽ ഒരു ബ്രാൻഡ് സൃഷ്ടിക്കപ്പെടുമ്പോൾ അത് മൾട്ടി-മീഡിയ തലത്തിലേക്ക് വളരും. ബാഹുബലിക്കായി ഗെയിമുകൾ, വിആർ (VR) ഫിലിം, ഒരു സീരീസ് എന്നിവയെല്ലാം ഞങ്ങൾ ഇതുവരെ പരീക്ഷിച്ചു. എന്നാൽ വിചാരിച്ചതുപോലെ ഒന്നും വിജയിച്ചില്ല. ബാഹുബലി ആനിമേഷൻ പരമ്പരകളിൽ മാത്രം ഒതുങ്ങില്ല. ഇത് മറ്റ് പല രീതികളിലും മാധ്യമങ്ങളിലും വിപുലീകരിക്കപ്പെടും. എന്നാൽ അത് സംസാരിക്കാനുള്ള വേദിയല്ല ഇത്.”
Hyderabad,Hyderabad,Telangana
Jun 26, 2026 12:19 PM IST
